സംസ്ഥാനത്ത് റോഡപകടങ്ങളും അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങളും അനുദിനം വര്‍ധിച്ചു വരുകയാണ്. അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങാണ് ഈ അപകടങ്ങളുടെ മുഖ്യ കാരണങ്ങളിലൊന്ന്. എന്നാല്‍ എത്ര കണ്ടാലും കേട്ടാലും പഠിക്കില്ലെന്ന മട്ടിലാണ് നിരത്തിലൂടെ പലരുടെയും അതിസാഹസികമായ ഡ്രൈവിങ്. ചെറിയ ട്രാഫിക് നിയമങ്ങള്‍ പോലും കൃതൃമായി പാലിക്കാന്‍ പലര്‍ക്കും മടിയാണ്. അതിവേഗതയില്‍ തെറ്റായിട്ടുള്ള ഓവര്‍ടേക്കിങ് അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്. ഇത്തരത്തിലുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദ്ധീകരിക്കുകയാണ് കേരള പോലീസ്. 

കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം... 

ഓവര്‍ടേക്കിങ്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അമിതവേതയില്‍ തെറ്റായിട്ടുള്ള ഓവര്‍ടേക്കിങ്മൂലം കേരളത്തിലെ റോഡുകളില്‍ നിരവധി ജീവിതങ്ങളാണ് ദിനംപ്രതി പൊലിയുന്നത്. വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ് ഓവര്‍ടേക്കിങ്.

  • ധൃതി കാണിക്കാതെ, മുന്നിലും പുറകിലും വളരെയധികം ശ്രദ്ധിച്ച് അപകടം ഇല്ല എന്ന് ഉറപ്പ് വരുത്തി ഓവര്‍ ടേക്ക് ചെയ്യുക.
  • മുന്നിലെ റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളില്‍ മാത്രമേ ഓവര്‍ ടേക്ക് ചെയ്യാവൂ.
  • ഓവര്‍ടേക്കിങ്ങിന് മുന്‍പ്, മുന്നില്‍ വാഹനങ്ങളൊന്നും വരുന്നില്ല എന്നും ആവശ്യത്തിന് സ്ഥലമുണ്ടെന്നും ഉറപ്പുവരുത്തുക.
  • മുന്നില്‍ പോകുന്ന വാഹനത്തിന്റെ ഡ്രൈവറെ ഹോണടിച്ചു തന്റെ വാഹനം കയറി വരുന്നുണ്ടെന്ന സൂചന നല്‍കി കൊണ്ട് വളരെ പക്വതയോടുകൂടി ഓവര്‍ടേക്ക് ചെയ്യുക.
  • വാഹനം കടന്നുപോകാന്‍ മുന്നില്‍ കഷ്ടിച്ച് അല്‍പം വഴി മാത്രം ഉണ്ടായിരിക്കുകയും അപകടകരമായ രീതിയില്‍, എതിര്‍ ദിശയില്‍ നിന്നു വളരെ വേഗത്തില്‍ വാഹനങ്ങള്‍ വന്നു കൊണ്ടിരിക്കുമ്പോള്‍ ചിലര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കും. ഇത് വളരെയേറെ അപകടകരമാണ്.
  • മുന്നില്‍ പോകുന്ന വാഹനത്തിന്റേയും എതിര്‍ ദിശയില്‍ നിന്ന് വരുന്ന വാഹനത്തിന്റേയും ഇടയിലൂടെ അതിസാഹസികത കാണിച്ച്, മരണത്തെ മുന്നില്‍ കണ്ട് കഷ്ടിച്ച് രക്ഷപെട്ട് ചിലര്‍ ഓവര്‍ടേക്ക് ചെയ്യുന്നത് കാണാം. ഒന്നോ രണ്ടോ തവണ ഇങ്ങനെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ രക്ഷപ്പെട്ടൂ എന്ന് വരാം. എന്നാല്‍ ഭാഗ്യം എപ്പോഴും കൂടെ ഉണ്ടാകണമെന്നില്ല.
  • വാഹനം ഓടിക്കാന്‍ ശ്രമിക്കുന്ന തുടക്കകാര്‍ പലപ്പോഴും വളരെ പേടിയോട് കൂടെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നവരാണ്. മുന്നില്‍ പോക്കുന്ന വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് തുടങ്ങുമ്പോള്‍ പേടി തോന്നിത്തുടങ്ങും. തൊട്ട് മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ കഴിയുമോ എന്ന് ആശങ്കപ്പെട്ട് മുന്നില്‍ പോകുന്ന വാഹനത്തിന്റെ പകുതി കടന്നു ഓവര്‍ടേക്ക് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവാതെ ഒടുവില്‍ പിന്‍ വാങ്ങേണ്ടി വരും. ഈ സമയത്ത് എതിര്‍ ദിശയില്‍ നിന്നു വേഗത്തില്‍ വാഹനങ്ങള്‍ കടന്നു വന്നാല്‍ വലിയ അപകടം സംഭവിക്കാം. ആയതിനാല്‍ വാഹനം ഓടിച്ച് നല്ലവണ്ണം ആത്മവിശ്വാസം നേടിയ ശേഷം തിരക്കേറിയ നിരത്തുകളില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുക.
  • മുന്നില്‍ പോകുന്ന വാഹനത്തിന്റെ പുറകില്‍ മുട്ടി മുട്ടിയില്ല എന്ന തരത്തില്‍ വാഹനം ഓടിച്ച് അല്‍പം ഇടകിട്ടിയാല്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ ? . ഇങ്ങനെ വാഹനം ഓടിക്കുമ്പോള്‍ മുന്നില്‍ പോകുന്ന വാഹനത്തിന്റെ മറവ് കൊണ്ട്, എതിര്‍ ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളോ വഴിയോ കാണാന്‍ സാധിക്കില്ല. ഈ സമയത്ത് ഓവര്‍ടേക്ക് ചെയ്യുന്നത് എതിര്‍ വശത്ത് നിന്ന് വരുന്ന വാഹനവുമായി കൂട്ടി ഇടിക്കുന്നതിന് കാരണമാകും.
  • വാഹനം കടന്നു പോകാന്‍ വലത് വശത്ത് ആവിശ്യത്തിന് സ്ഥലം ഉണ്ടെങ്കില്‍ കൂടിയും ഡ്രൈവിങ്ങില്‍ താനൊരു വിദദ്ധനാണെന്ന് മറ്റുള്ളവരെ കാണിക്കാനാണ് ചിലര്‍ അപകടകരമായി ഈ രീതിയില്‍ ഓവര്‍ ടേക്ക് ചെയ്യുന്നത്. മറ്റു വാഹനങ്ങള്‍ക്ക് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാത്ത തരത്തിലായിരിക്കണം എപ്പോഴും ഓവര്‍ ടേക്ക് ചെയ്യേണ്ടത്.
  • ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ മറികടക്കേണ്ട വാഹനത്തോട് ചേര്‍ത്ത് തൊട്ട് തൊട്ടില്ല എന്ന രീതിയില്‍ ഓവര്‍ ടേക്ക് ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നു.
  • ഒരു വാഹനം മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴോ പിന്നില്‍നിന്നു വരുന്ന വാഹനം നമ്മുടെ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോഴോ വാഹനത്തിന്റെ വേഗത കുറച്ച് അവര്‍ക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ ഉള്ള അവസരം നല്‍കുക.
  • വലതുവശത്തുകൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ എന്നതാണ് നിയമം .എങ്കിലും ചില ആളുകള്‍ ഇടതുവശത്തൂടെയും ഓവര്‍ടേക്ക് ചെയ്യുന്നത് കാണാം. ഇടതുവശത്തുകൂടെയുള്ള ഓവര്‍ടേക്കിംഗ് നിര്‍ബന്ധമായും ഒഴിവാക്കുക.
  • മുന്നില്‍ പോകുന്ന വാഹനം റോഡിന്റെ മധ്യഭാഗത്ത് എത്തി വലത്തേയ്ക്ക് സിഗ്‌നല്‍ നല്‍കിയെങ്കില്‍ മാത്രം ഇടതു വശത്ത് വഴി ഓവര്‍ ടേക്ക് ചെയ്യാവുന്നതാണ്. എന്നാല്‍ ഇതു വളരെ ശ്രദ്ധയോട് കൂടി ചെയ്യണം.
  • നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.ആ വാഹനത്തില്‍ നിന്നു ഇറങ്ങുന്ന ആളുകള്‍ മിക്കപ്പോഴും ആ വാഹനത്തിന്റെ മുന്നിലൂടെയും പിന്നിലൂടെയും റോഡ് മുറിച്ച് കടക്കാന്‍ സാധ്യയുണ്ട്. അതു മനസ്സില്‍ വെച്ച് കൊണ്ട് വേണം വാഹനം ഓടിക്കാന്‍.
  • ചില ആളുകള്‍ കയറ്റത്ത് ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. കയറ്റം കയറുമ്പോള്‍ വാഹനത്തിന്റെ വേഗത തീര്‍ത്തു കുറവായിരിക്കും ഈ സമയത്ത് എതിര്‍ വശത്ത് നിന്നും അമിത വേഗത്തില്‍ ആകാം വാഹനങ്ങള്‍ മിക്കവാറും കടന്നു വരിക. ഒരു വളവും കൂടിയാണ് എങ്കില്‍ അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
  • നാലും കൂടുന്ന കവലകള്‍, ഇടുങ്ങിയ പാലം, സീബ്രാലൈന്‍ എന്നിവിടങ്ങളില്‍ ഓവര്‍ ടേക്കിങ്ങ് പാടില്ല.
  • ഓവര്‍ടേക്ക് ചെയ്യാന്‍ ഉള്ള തീരുമാനം രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. ഇവയില്‍ ആദ്യം വേണ്ടത് നല്ല ആത്മവിശ്വാസമാണ്. മുന്നില്‍ പോകുന്ന വാഹനത്തെ മറികടന്ന് പോകാന്‍ ഉള്ള സ്ഥലം ഉണ്ട് എന്നും, എനിക്ക് അതിന് കഴിയും എന്ന വിശ്വാസം ആദ്യം ഉണ്ടായിരിക്കണം.
  • ഡ്രൈവിങ്ങില്‍ താനൊരു വൈദഗ്ദ്ധ്യമുള്ളവനാണെന്നും,'ഏതൊരു സാഹചര്യത്തിലും ഓവര്‍ ടേക്ക് ചെയ്യാന്‍ എനിക്ക് കഴിയും' എന്നെക്കെയുള്ള അമിതമായ ആത്മവിശ്വാസം അപകടം വിളിച്ച് വരുത്തും .
  • ഉള്ളില്‍ വല്ലാത്ത ഭയത്തോടെയാണ് ഓവര്‍ ടേക്ക് ചെയ്യുന്നതെങ്കില്‍ മുന്നില്‍ പോകുന്ന വാഹനത്തെ പൂര്‍ണ്ണമായും ഓവര്‍ ടേക്ക് ചെയ്ത് കടന്ന് പോകാന്‍ സാധിച്ചെന്ന് വരില്ല. ഇതും അപകടം വരുത്തി വെക്കും.
  • ഓവര്‍ടേക്കിങ് സമയത്ത് മുന്നിലെ വാഹനത്തെ മറികടക്കാന്‍ കഴിയും എന്ന് നൂറു ശതമാനം വിശ്വാസം ഉണ്ടായിരിക്കണം. അല്പം ഒന്നു ശ്രദ്ധിച്ചാല്‍ ഓവര്‍ ടേക്കിങ്ങ് മൂലമുള്ള അപകടങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും.
  • ജീവിതത്തില്‍ നമ്മള്‍ ഉന്നത നിലയില്‍ വിരാജിക്കുന്നവരാകാം. എന്നാല്‍ റോഡില്‍ വെറും ഡ്രൈവര്‍ മാത്രമാണെന്ന് ഓര്‍ക്കുക. 

Content Highlights; Kerala Police, Overtaking Tips, Road Safety