1924-ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയം നേരിടുകയാണ് കേരളം. പതിനാല് ജില്ലകളിലും റെഡ് അലര്‍ട്ട്. എങ്കിലും വെള്ളപ്പൊക്കം അധികം ബാധിക്കാത്ത സ്ഥലത്തുള്ളവര്‍ ഇപ്പോഴും വാഹനങ്ങളുമായി പുറത്തിറങ്ങുന്നുണ്ട്. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ വളരെയേറെ സൂക്ഷിക്കേണ്ടതുണ്ട്. ശക്തമായ മഴയില്‍ പുഴയോരത്തും തോടുകളിലും വളരെ പെട്ടന്നാണ് വെള്ളം ഉയരുന്നത്. വെള്ളപ്പൊക്ക പ്രദേശത്തുകൂടി കാറില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

 • നിലവിലെ സാഹചര്യത്തില്‍ ശക്തമായ മഴയില്‍ കഴിയുന്നതും യാത്ര ഒഴിവാക്കുന്നതാണ് ഉത്തമം. ഒഴിവാക്കാന്‍ പറ്റാത്ത യാത്ര ആണെങ്കില്‍ മാത്രം പോകാനുള്ള പ്രദേശത്ത് അപകടമില്ല എന്ന് ഉറപ്പായ ശേഷം മാത്രം യാത്ര ആരംഭിക്കുക. 
 • റോഡില്‍ കാറിന്റെ എക്‌സ്‌ഹോസ്റ്റ് ലെവലില്‍ വെള്ളം ഉണ്ടെങ്കില്‍ കാറിന് കേടുപാടു വരുമെന്ന് ഉറപ്പാണ്. ഇത്തരത്തില്‍ ഉയര്‍ന്ന വെള്ളമുള്ള റോഡിലേക്ക് കാര്‍ ഇറക്കരുത്. എക്‌സ്‌ഹോസ്റ്റില്‍ വെള്ളം കയറിയാല്‍ വാഹനം തനിയെ ഓഫാകും. 
 • വെള്ളത്തില്‍ കാര്‍ ഓഫായാല്‍ പിന്നീട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. ഇത് എന്‍ജിനുള്ളില്‍ വെള്ളം കയറാന്‍ ഇടയാക്കും.
 • വെള്ളക്കെട്ടിലൂടെ പരമാവധി വേഗത കുറച്ച് ചെറു ഗിയറില്‍ മാത്രം വാഹനം ഓടിക്കുക. ആദ്യ ഗിയറില്‍ ഓടിക്കുമ്പോല്‍ എക്‌സോസ്റ്റിലൂടെ വെള്ളം കയറാനുള്ള സാധ്യതയും കുറയും. 
 • നനഞ്ഞ റോഡില്‍ ടയറിന് ഘര്‍ഷണം വളരെ കുറവായിരിക്കും. പതുക്കെ മാത്രം ബ്രേക്ക് ചെയ്യുക, ഇല്ലെങ്കില്‍ കാര്‍ തെന്നിമാറി അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 
 • പരമാവധി റോഡിന്റെ മധ്യഭാഗത്തുകൂടി വാഹനം ഓടിക്കുക. സൈഡ് അടുപ്പിച്ച് എടുക്കരുത്, ഇടിഞ്ഞ റോഡാണെങ്കില്‍ അപകടത്തില്‍പ്പെടും. 
 • മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുക. അപകടരമായ വിധം ഓവര്‍ ടേക്ക് ചെയ്യുന്നത് അപകടം വിളിച്ചുവരുത്തും. 
 • എതിര്‍ദിശയില്‍ വരുന്ന വാഹന ഉടമ മുന്നില്‍ അപകടമുണ്ടെന്ന് അറിയിച്ചാല്‍ വീണ്ടും അതേ റൂട്ടില്‍ യാത്ര ചെയ്യാന്‍ ശ്രമിക്കരുത്. സുരക്ഷിതമായ മറ്റു റൂട്ടുകള്‍ കണ്ടെത്തുക. അല്ലെങ്കില്‍ യാത്ര ഒഴിവാക്കി മടങ്ങുക. 
 • വാഹനം ഓഫായി എവിടെയെങ്കിലും കുടുങ്ങിയാല്‍ സഹായം ലഭിക്കാന്‍ 24X7 സര്‍വീസ് സെന്റര്‍ അസിസ്റ്റന്‍സ് നമ്പറോ, പരിചയമുള്ള മെക്കാനിക്കിന്റെ നമ്പറോ ഫോണില്‍ കരുതണം. 
 • പെട്ടെന്ന് വെള്ളം ഡോര്‍ ലെവലിലേക്ക് കയറിയാല്‍ എത്രയും വേഗം വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി അല്‍പം ഉയര്‍ന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ശ്രമിക്കുക. വെള്ളം ഉയരുമ്പോള്‍ ഒരു കാരണവശാലും കാറിനുള്ളില്‍ തന്നെ ഇരിക്കാന്‍ ശ്രമിക്കരുത്. കാര്‍ ഒഴുകി പോകാനും ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കാനുമുള്ള സാധ്യത മുന്‍കൂട്ടി കാണുക. 
 • 12 ഇഞ്ച് ഉയരത്തില്‍ ശക്തമായി ഒഴുകുന്ന വെള്ളത്തിന് പോലും ഒരു ചെറിയ കാറിനെ ഒഴുക്കിക്കൊണ്ടു പോകാന്‍ സാധിക്കും. വലിയ കാര്‍ ആണെങ്കില്‍ 18-24 ഇഞ്ച് വെള്ളത്തിലും ഒഴുകിപോകാം. 
 • പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിക്ഷ കിട്ടുമെങ്കിലും വെള്ളക്കെട്ടിലൂടെ അറിഞ്ഞുകൊണ്ട് വണ്ടി ഓടിച്ച് എന്‍ജിനില്‍ വെള്ളം കയറുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നത് ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാണെന്നാണ് നിലവിലെ ഇന്‍ഷുറന്‍സ് നിയമം. അങ്ങനെ വന്നാല്‍ ഇന്‍ഷുറന്‍സിനും ക്ലെയിം ചെയ്യാന്‍ പറ്റില്ല. 

Content Highlights; Tips for safe driving through flood water