പുത്തന്‍തലമുറ വാഹനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ വിശ്വസിച്ച് കുതിച്ചുപായുന്നവര്‍ ഓര്‍ക്കുക, എയര്‍ബാഗിനും സീറ്റ്‌ബെല്‍റ്റിനുമൊക്കെ നിങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് പരിമിതികളുണ്ട്. വാഹനത്തിന്റെ വേഗം കൂടുന്നതനുസരിച്ച് അപകടത്തിന്റെ ആഘാതം കുറയ്ക്കുന്നതില്‍ ഇവ പരാജയപ്പെടും. ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റത്തിന് കൃത്യതകുറയും. പുറംചട്ടക്കൂട് (ഷെല്‍) പൊളിയാനുള്ള സാധ്യത കൂടുതലാണ്. എയര്‍ബാഗ് പ്രവര്‍ത്തിച്ചാല്‍പോലും തലയ്ക്കും നെഞ്ചിനും മരണകാരണമാകുന്ന പരിക്കേല്‍ക്കാം.
എയര്‍ബാഗ്
കാബിന്‍ തകരാത്ത അപകടങ്ങളില്‍മാത്രമേ എയര്‍ബാഗ് ഫലപ്രദമാകൂ. വേഗം കൂടുന്നതിന് അനുസരിച്ച് മലക്കം മറിയാനും ഒന്നിലധികം പ്രതലങ്ങളില്‍ ഇടിച്ച് മറിയാനും സാധ്യതയുണ്ട്. ആദ്യ ഇടിയില്‍മാത്രമേ എയര്‍ബാഗിന്റെ പൂര്‍ണ പരിരക്ഷ പ്രതീക്ഷിക്കാവൂ. തുടര്‍ന്നുള്ള ഇടികളിലും വീഴ്ചകളിലും മുറിവേല്‍ക്കാം.
സീറ്റ് ബെല്‍റ്റ്
സുരക്ഷിതമാണെങ്കിലും വേഗംകൂടുന്നതനുസരിച്ച് അപകടകാരിയാകും. ശരീരത്തില്‍ മുറുകുമ്പോള്‍ വാരിയെല്ലുകള്‍ക്ക് (സീറ്റ് ബെല്‍റ്റ് ഇഞ്ചുറി) പരിക്കേല്‍ക്കാം. സീറ്റ് ബെല്‍റ്റും എയര്‍ബാഗും അരയ്ക്ക് മുകളിലേക്കാണ് സംരക്ഷണം നല്‍കുന്നത്. കാലിന് പരിക്കേല്‍ക്കാനുള്ള സാധ്യത ഒഴിവാകുന്നില്ല. വേഗംകൂടിയ അപകടങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നവരുടെ കാലുകളില്‍ ഒന്നിലധികം ഒടിവുകള്‍ ഉണ്ടാകാറുണ്ട്.
വശങ്ങള്‍ ദുര്‍ബലം
ഏഴുസീറ്റുള്ളവ ഉള്‍പ്പെടെ മിക്ക വാഹനങ്ങളുടെയും വശങ്ങള്‍ ദുര്‍ബലമാണ്. ചെറിയ ആഘാതത്തില്‍പോലും ഇവ തകര്‍ന്നടിയും. നിയന്ത്രണംതെറ്റി മരത്തില്‍ വീശിയടിച്ച വാഹനങ്ങള്‍ രണ്ടായി പിളര്‍ന്ന് മാറിയിട്ടുണ്ട്. മുകള്‍വശവും ദുര്‍ബലമാണ്. തലകീഴായി മറിയുമ്പോള്‍ തലയ്ക്ക് പരിക്കേല്‍ക്കാന്‍ സാധ്യത കൂടും.
കട്ടികുറഞ്ഞ 'എ' പില്ലര്‍
മിക്ക കാറുകളുടെയും ബോണറ്റ് ഉയരം വലിയ വാഹനങ്ങളുടെ ബമ്പറിന് താഴെയാണ്. ഹെവി വാഹനങ്ങളുടെ മുന്‍വശവും മുന്‍ടയറും തമ്മില്‍ (ഫ്രണ്ട് ഓവര്‍ഹാങ്) മുക്കാല്‍ മീറ്ററോളം അകലം ഉണ്ടാകാം. വേഗം കൂടുന്തോറും വലിയവാഹനങ്ങളുടെ അടിയിലേക്ക് ഇടിച്ച് കയറാനുള്ള സാധ്യത കൂടുതലാണ്. ബോണറ്റ് ഭാഗം പൂര്‍ണമായും വലിയ വാഹനത്തിന്റെ അടിയിലേക്ക് ഇടിച്ചുകയറാം. കാറിന്റെ മുന്നിലുള്ളവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ഗ്ലാസ് ഘടിപ്പിച്ചിട്ടുള്ള 'എ' പില്ലറാണ്. ഇവ ഏറ്റവും ദുര്‍ബലമായ ഭാഗമാണ്. ഇത് പൊളിഞ്ഞ് യാത്രക്കാരന്റെ നെഞ്ചിലേക്കോ തലയിലേക്കോ തുളച്ച് കയറാന്‍ സാധ്യതയുണ്ട്.
പരമാവധി വേഗം 80 കിലോമീറ്റര്‍
സംസ്ഥാനത്തെ ദേശീയപാതകളിലെ പരമാവധി സുരക്ഷിതവേഗം 80 കിലോമീറ്ററാണെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. സുരക്ഷ ഉറപ്പിക്കാന്‍ വാഹനനിര്‍മാതാക്കള്‍ നടത്തുന്ന വാഹനം ഇടിപ്പിച്ചുള്ള പരിശോധനകളില്‍ ഭൂരിഭാഗവും (ക്രാഷ് ടെസ്റ്റ്) 60 കിലോമീറ്റര്‍ വേഗത്തില്‍ നിയന്ത്രിതമായ സാഹചര്യത്തിലാണ് നടത്തുന്നത്. പരന്ന പ്രതലത്തിലായിരിക്കും വാഹനം ഇടിപ്പിക്കുക. എന്നാല്‍, അപകടത്തില്‍പ്പെടുമ്പോള്‍ ഇതില്‍നിന്ന് വ്യത്യസ്ത സാഹചര്യമായിരിക്കും. എതിരേയുള്ള വാഹനത്തിന്റെ വേഗം കൂടുന്നതുസരിച്ച് അപകടത്തിന്റെ തീവ്രത വര്‍ധിക്കും