വഴിയില്‍ തകരാറിലായ വാഹനങ്ങള്‍ കെട്ടിവലിച്ച് കൊണ്ടുപ്പോകുംമുന്‍പേ അറിയണം, അതിനുമുണ്ട് ക്രമപ്രകാരം ചെയ്യേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍. എന്നാല്‍, ഒരു നിര്‍ദേശവും പാലിക്കാതെയാണ് വ്യാപകമായി വാഹനങ്ങള്‍ കെട്ടിവലിക്കുന്നത്. ആക്രി സാധനങ്ങള്‍ കുത്തിനിറച്ച ഒരു ഗുഡ്സ് ഓട്ടോറിക്ഷ കെട്ടിവലിച്ച പ്ലാസ്റ്റിക്ക് കയര്‍ കഴിഞ്ഞരാത്രി ഒരു ചെറുപ്പക്കാരന്റെ കൊലക്കയറായി.
നിര്‍ദേശങ്ങള്‍ പാലിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു അപകടം ഉണ്ടാകില്ലായിരുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് അപകടമുണ്ടായത്. ഒരു പിക്ക് അപ്പ് ജീപ്പ് ഗുഡ്സ് ഓട്ടോറിക്ഷയെ കെട്ടിവലിക്കുകയായിരുന്നു.
ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോഡിലേക്കുള്ള റോഡിലേക്കു ഇത് തിരിഞ്ഞു. മുന്നിലുള്ള പിക്ക് അപ്പ് ജീപ്പ് കെ.എസ്.ടി.പി. റോഡ് മുറിച്ചുകടന്നു. പിറകിലുള്ള ഓട്ടോറിക്ഷ കുറുകെ കടക്കാനായി എത്തിയതേയുള്ളൂ. ഇതിനു നടുവിലുള്ള കയര്‍ ശ്രദ്ധിക്കാതെ മടിക്കൈ കണ്ടംക്കുട്ടിച്ചാലിലെ രതീഷ് ഈ റോഡിലൂടെ ബൈക്കോടിച്ചു പോയി.
കയര്‍ ആദ്യം ബൈക്കിലേക്കും അത് വലിഞ്ഞപ്പോള്‍ കഴുത്തിലേക്കും തെന്നിമാറി മുറുകി. തെറിച്ചുവീണ രതീഷ് തല്‍ക്ഷണം മരിച്ചു. അപകടകരമായ രീതിയിലാണ് ഗുഡ്സ് ഓട്ടോറിക്ഷയെ കെട്ടിവലിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ത്തന്നെ പോലീസിനും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്കും വ്യക്തം. രതീഷ് നാടിന്റെ കണ്ണീരോര്‍മയാകുമ്പോള്‍, ഇനിയെങ്കിലും കെട്ടിവലിച്ചുള്ള യാത്രയെ ജാഗ്രതയോടെ കൈകാര്യംചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു, നാട്.
എങ്ങനെ പോകണം
• പിറകിലുള്ള വാഹനത്തെ കോര്‍ത്തിണക്കാന്‍ കയര്‍ ഉപയോഗിക്കരുത്. ഇരുമ്പ് ചങ്ങലയോ അതല്ലെങ്കില്‍ ഇരുമ്പ് കമ്പികള്‍ ഘടിപ്പിച്ചുള്ള സാമഗ്രികളോ വേണം ഇതിനു ഉപയോഗിക്കാന്‍
• കെട്ടിവലിക്കുന്ന ചങ്ങലയില്‍ എല്ലാവരുടെയും ശ്രദ്ധ പതിയുന്ന തരത്തില്‍ റിഫ്‌ളക്ടീവ് ടാപ്പ് ഒട്ടിക്കണം.
• കെട്ടിവലിക്കുന്ന ചങ്ങലയുടെ നീളം പിറകിലെ വാഹനത്തിന്റെ ആകെ നീളത്തിന്റെയത്രയും വേണം. നീളം അധികമാകുന്നതും അപകടമുണ്ടാക്കും
• മണിക്കൂറില്‍ 25 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പോകാന്‍ പാടില്ല
• 10 സെന്റീമീറ്റര്‍ വലുപ്പത്തില്‍ ON TOW (വലിച്ചെടുക്കുന്നത്) എന്നെഴുതി ഓട്ടിക്കണം. ഇത് രണ്ട് വാഹനത്തിന്റെയും മുന്‍പിലും പിറകിലും വേണം.
• ഇരുവാഹനത്തിന്റെയും നാല് ഇന്‍ഡിക്കേറ്ററുകളും ഒരേസമയം പ്രകാശിപ്പിക്കണം
• ഇരു വാഹനത്തിലും ഒരു തരത്തിലുമുള്ള ലോഡ് ഉണ്ടായിരിക്കരുത്. ലോഡുള്ള വാഹനാമാണ് ചലിക്കാതായതെങ്കില്‍ വലിക്കാന്‍ തുടങ്ങും മുന്‍പേ അതിലെ സാധനങ്ങള്‍ മുഴുവന്‍ മാറ്റണം
• വൈകീട്ട് ആറുമണിക്കും പുലര്‍ച്ചെ ആറുമണിക്കുമിടയില്‍ മാത്രമേ കെട്ടിവലിക്കല്‍ പാടുള്ളൂ
• അപകടത്തില്‍പ്പെട്ട വാഹനമാണ് കെട്ടിവലിക്കുന്നതെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണം.
നിയമം തെറ്റിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് ജീവനാണ്
നിയമം പാലിക്കപ്പെടാനുള്ളതാണെന്ന് എത്ര ആവര്‍ത്തി പറഞ്ഞാലും ചിലര്‍ക്ക് മനസ്സിലാകില്ല. ഓരോ നിയമവും തെറ്റിക്കുമ്പോള്‍ ചിലരുടെ ജീവന്‍ നഷ്ടപ്പെടുന്നുണ്ടെന്നുകൂടി ഓര്‍ക്കുക. കെട്ടിവലിക്കുന്ന വാഹനങ്ങള്‍ക്കിടയില്‍ കയറുകള്‍ പാടില്ലെന്ന ബോധവതവ്ക്കരണം ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. എളുപ്പവഴിയെന്ന് കരുതി വാഹനങ്ങള്‍ വലിക്കുമ്പോള്‍, ഓര്‍ക്കണം പൊതു റോഡിലൂടെ അതൊരു സുരക്ഷിതയാത്ര അല്ലെന്ന്.
വി.രമേശന്‍. അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, കാഞ്ഞങ്ങാട്
Content Highlights: There is so much to know when towing a vehicle