പുതുതായി യു.എ.ഇ.യില്‍ എത്തുന്ന എല്ലാവരും താമസിക്കാനൊരിടം നേടിയാല്‍ ആദ്യമാലോചിക്കുക ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനെപ്പറ്റിയായിരിക്കും. മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനം ഏറെ കാര്യക്ഷമമാണെങ്കിലും സ്വയം വണ്ടിയോടിച്ച് ജോലിക്കും മറ്റിടങ്ങളിലും പോകുന്നത് തന്നെയാണ് സൗകര്യം. 

എന്നാല്‍ 200-ല്‍പരം രാജ്യങ്ങളില്‍ നിന്ന്, വിവിധ സംസ്‌കാരങ്ങളില്‍ നിന്ന്, വിഭിന്നമായ ഡ്രൈവിങ് രീതികളില്‍ നിന്ന് വരുന്ന യു.എ.ഇ.യിലെ പ്രവാസികള്‍ക്ക് മികച്ച പരിശീലനത്തിനുശേഷം മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളു.

ഡ്രൈവിങ് ലൈസന്‍സ് ഏകീകരിക്കാനുള്ള തീരുമാനം പരിഗണനയിലുണ്ടെങ്കിലും നിലവില്‍ ഏഴു എമിറേറ്റുകളും വ്യത്യസ്തമായാണ് പരിശീലനവും പരീക്ഷയും നടത്തുന്നത്. 

Driving Licence

മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്‍പ്പെടെ 30-ലധികം രാജ്യങ്ങളിലുള്ളവര്‍ക്ക് പരിശീലനമോ ഡ്രൈവിങ് ടെസ്റ്റോ ഇല്ലാതെതന്നെ സ്വദേശത്തെ ലൈസന്‍സ് നേരിട്ട് യു.എ.ഇ. ലൈസന്‍സ് ആക്കി മാറ്റാം. ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല.

ആവശ്യമായ രേഖകള്‍

ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുംമുന്‍പ് ആദ്യം ഏതെങ്കിലും ക്ലിനിക്കില്‍നിന്നോ ആശുപത്രിയില്‍നിന്നോ കണ്ണുപരിശോധന നടത്തണം. 150 ദിര്‍ഹമാണ് ഇതിന്റെ ചെലവ്. 

കണ്ണുപരിശോധനയുടെ രേഖ, പാസ്‌പോര്‍ട്ടിന്റെ ഒറിജിനലും പകര്‍പ്പും താമസ പെര്‍മിറ്റിന്റെ പകര്‍പ്പ്, സ്‌പോണ്‍സറുടെ എന്‍.ഒ.സി., എട്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയാണ് അപേക്ഷയ്ക്കായി സമര്‍പ്പിക്കേണ്ട രേഖകള്‍

uae licence

നടപടികള്‍

 • ഏതെങ്കിലും അംഗീകൃത ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി ഈ രേഖകള്‍ സമര്‍പ്പിച്ച് ലൈസന്‍സിനായി ആര്‍.ടി.എ.യില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിന് 870 ദിര്‍ഹമാണ് നിരക്ക്.
 • തിയറി ക്ലാസുകളിലൂടെയാണ് പരിശീലനം തുടങ്ങുന്നത്. എട്ടുമണിക്കൂര്‍ തിയറി ക്ലാസുകള്‍ക്ക് ശേഷം തിയറി ടെസ്റ്റ് ഉണ്ടാകും. അതിനുശേഷമാണ് റോഡിലുള്ള ഡ്രൈവിങ് പരിശീലനം
 • സ്വദേശത്തുനിന്ന് ലൈസന്‍സ് നേടിയിട്ടില്ലാത്തവര്‍ക്ക് 40 പരിശീലനക്ലാസുകള്‍ നിര്‍ബന്ധമാണ്. നാട്ടിലെ ലൈസന്‍സ് ഉള്ളവര്‍ക്ക് അതിന്റെ പഴക്കമനുസരിച്ച് 20-30 ക്ലാസുകള്‍ മതി. ഓരോ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും വ്യത്യസ്ത തുകകളാണ് ഒരു ക്ലാസ്സിന് ഈടാക്കുന്നത്.
 • ക്ലാസുകള്‍ തുടങ്ങിയാല്‍ ആദ്യം പാര്‍ക്കിങ് പരിശീലനമാണ് നല്‍കുക. അധികം താമസിയാതെ അഞ്ചു തരം പാര്‍ക്കിങ്ങുകള്‍ പരിശോധിക്കുന്ന പാര്‍ക്കിങ് ടെസ്റ്റുകള്‍ നടത്തും.
 • ഇത് പാസായാല്‍ റോഡ് പരിശീലനത്തിന്റെ നിശ്ചിത ക്ലാസുകള്‍ പൂര്‍ത്തിയാക്കണം. തുടര്‍ന്നാണ് റോഡ് ടെസ്റ്റ്. ടെസ്റ്റിനുള്ള ഫീസടച്ചാല്‍ ആര്‍.ടി.എ.യില്‍നിന്ന് പരീക്ഷയ്ക്കുള്ള തീയതി ലഭിക്കും
 • ആര്‍.ടി.എ. യുടെ പരിശോധകരാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. ടെസ്റ്റില്‍ വിജയിച്ചാല്‍ അതാത് ഡ്രൈവിങ് സ്‌കൂളിന്റെ പാസ് കൗണ്ടറില്‍നിന്നുതന്നെ ലൈസന്‍സ് ലഭിക്കും. ഇതിന് 100 ദിര്‍ഹമാണ് നിരക്ക്.
 • ടെസ്റ്റില്‍ വിജയിച്ചില്ലെങ്കില്‍ വീണ്ടും ഡ്രൈവിങ് സ്‌കൂളില്‍നിന്ന് എട്ടു ക്ലാസിന്റെ പരിശീലനം നേടണം. എന്നിട്ട് ഡ്രൈവിങ് ടെസ്റ്റിന് രണ്ടാമത് അപേക്ഷിക്കണം. ലൈസന്‍സ് ലഭിക്കുന്നതുവരെ ഇതുതന്നെ തുടരണം.

ദുബായിലെ അംഗീകൃത ഡ്രൈവിങ് സ്‌കൂളുകള്‍

 • അല്‍ അഹ്ലി ഡ്രൈവിങ് സ്‌കൂള്‍: 04-3411500
 • ബെല്‍ഹാസ ഡ്രൈവിങ് സ്‌കൂള്‍: 04-3243535
 • ദുബായ് ഡ്രൈവിങ് സെന്റര്‍: 04-3455855
 • എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട്: 04-2631100
 • ഗലദാരി ഡ്രൈവിങ് സ്‌കൂള്‍: 04-2676166

Content Highlights: Steps For Getting UAE Driving Licence