ടൂറിസ്റ്റ് ബസിന്റെ ടയര്‍ മാറുന്നതിനിടെ ജാക്കി തെന്നിമാറി ബസ് ദേഹത്ത് വീണ് മൊബൈല്‍ പഞ്ചര്‍ ജീവനക്കാരന്‍ അഗസ്റ്റിന്‍ മരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇത്തരം അപകടകരമായ ജോലികള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് കേരള മോട്ടോര്‍ വാഹന വകുപ്പ്. 

വര്‍ക്ക് ഷോപ്പില്‍ വെച്ച് ടയര്‍ മാറുന്നതിനിടടെയാണ് അഗസ്റ്റിന് അപകടമുണ്ടായത്. ടയര്‍ മാറുന്നതിനും മറ്റുമായി വാഹനം ജാക്കി വെച്ച് ഉയര്‍ത്തുമ്പോള്‍ ലെവല്‍ ആയിട്ടുള്ളതോ കട്ടിയുള്ള പ്രതലത്തിലോ ആകണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന പ്രധാന നിര്‍ദേശം. ഉയര്‍ത്തുന്ന ആക്‌സില്‍ ഒഴികെയുള്ള ടയറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയെന്ന് ഉറപ്പാക്കുന്നതും പ്രധാനമാണ്.

വാഹനം വാഹനങ്ങള്‍ ജാക്ക് വെച്ച് ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • റോഡില്‍ അല്ലെങ്കില്‍ റോഡരികില്‍ ജാക്കി വെച്ചുയര്‍ത്തുന്നത് പരമാവധി ഒഴിവാക്കുക.
 • അങ്ങനെയെങ്ങില്‍ വാണിങ് ട്രെയാങ്കിള്‍ ഉപയോഗിക്കുക.
 • രാത്രിയെങ്കില്‍ സ്ഥലത്തു ആവശ്യത്തിനു പ്രകാശം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. 
 • ലെവല്‍ ആയതോ കട്ടിയുള്ളതോ ആയ പ്രതലത്തില്‍ വേണം നിര്‍ത്താന്‍. ജാക്കി വെക്കുന്ന പ്രതലം താഴ്ന്നുപോകുന്നത് ആകരുത്. 
 • വാഹനം ഹാന്‍ഡ് ബ്രേക്ക് ഇട്ടിരിക്കണം
 • ഉയര്‍ത്തുന്ന ആക്‌സില്‍ ഒഴികെയുള്ള വീലുകള്‍ വീല്‍ ചോക്ക്, തടകള്‍ ഉപയോഗിച്ച് ഉരുണ്ടുപോകാതെ നോക്കണം. 
 • വാഹനത്തിന്റെ ചാവി ഊരി മാറ്റി വെക്കണം, അത് ജോലിചെയ്യുന്ന ആളുടെ കൈവശം സൂക്ഷിക്കുക. 
 • ജാക്കികള്‍ അനുവദിച്ചിരിക്കുന്ന ഭാരപരിധിക്കു അനുയോജ്യമായിരിക്കണം.
 • വാഹനത്തില്‍ ജാക്കി വെക്കാന്‍ അനുവദിച്ചിരിക്കുന്ന പോയിന്റുകളില്‍ മാത്രം ജാക്കി ഉറപ്പിക്കുക. 
 • ജാക്കികളില്‍ മാത്രം വാഹനം ഉയര്‍ത്തി വെച്ച് ജോലിചെയ്യരുത്.
 • വാഹനം ഉയര്‍ത്തിയ ശേഷം ആക്‌സില്‍ സ്റ്റാന്‍ഡില്‍ ഇറക്കി നിര്‍ത്തി സുരക്ഷ ഉറപ്പാക്കി മാത്രമേ ടയര്‍ ഊരാന്‍ പാടുള്ളൂ.

Content Highlights: Safety Tips For Using Jack In Vehicle Repair, Motor Vehicle Department