വാഹനങ്ങള്‍ക്കുണ്ടാവുന്ന തീപ്പിടിത്തം. യാത്രക്കാരും ഡ്രൈവര്‍മാരും നിസ്സഹായരായി പോകുന്നതുമായ സന്ദര്‍ഭങ്ങളാണ് ഇത്തരം അപകടങ്ങള്‍. ജീവനുംകൊണ്ട് വാഹനത്തില്‍നിന്ന് ഇറങ്ങിയോടുക മാത്രമാണ് ഇത്തരം അപകടങ്ങള്‍ നടക്കുന്ന സമയത്ത് ചെയ്യാന്‍ സാധിക്കുക. അതുകൊണ്ടുതന്നെ ഇത്തരം അപകടങ്ങള്‍ നടക്കാതെ സൂക്ഷിക്കുക മാത്രമാണ് വാഹന ഉടമകള്‍ക്കും ഡ്രൈവര്‍ക്കും ചെയ്യാന്‍ സാധിക്കുക. കാരണങ്ങള്‍ കണ്ടെത്തി അതൊഴിവാക്കുകയാണ് അപകടങ്ങളില്ലാതാക്കാന്‍ ചെയ്യാവുന്ന കാര്യം.

തീപിടിക്കാനുള്ള കാരണങ്ങള്‍

ഏളുപ്പത്തില്‍ തീ പിടിക്കാവുന്ന രീതിയിലല്ല വാഹനക്കമ്പനികള്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നത്. എങ്കിലും പല കാരണങ്ങളാല്‍ വാഹനങ്ങള്‍ക്ക് തീപിടിക്കാം. അവയില്‍ ചിലതെങ്കിലും അറിഞ്ഞിരിക്കുന്നത് സുരക്ഷിതമായ യാത്രകള്‍ക്ക് സഹായിക്കും.

car fire
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ഷോര്‍ട്ട് സര്‍ക്യൂട്ട്

പലപ്പോഴും വാഹനങ്ങള്‍ തീപിടിക്കാനുള്ള പ്രധാന കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഫ്യൂസ് എരിഞ്ഞമരുന്നു. ഇത് തീപ്പിടിത്തത്തിലേക്ക് നയിക്കുന്നു.

വയറിങ്ങിലെ കൃത്രിമം

ആഫ്റ്റര്‍ മാര്‍ക്കറ്റ് ആക്‌സസറികളോട് മിക്കവര്‍ക്കും വലിയ പ്രിയമാണ്. തിളക്കമാര്‍ന്ന ലാമ്പുകളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളും വാഹനത്തിന്റെ സൗന്ദര്യം കൂട്ടിയേക്കും. പക്ഷേ ഇത്തരം ആക്‌സസറികള്‍ക്കായി ചെയ്യുന്ന വയറിങ് കൃത്യമല്ലെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് വഴിതെളിക്കും.

ചെറിയ ഷോര്‍ട്ട് സര്‍ക്യൂട്ട് മതി കാറിലെ മുഴുവന്‍ വൈദ്യുതസംവിധാനവും താറുമാറാകാന്‍. അതുപോലെ സീലുപൊട്ടിയതും ഗുണമേന്മയില്ലാത്തതുമായ വയറിങ്ങുകള്‍ തുടങ്ങിയവയും ഷോര്‍ട്ട്സര്‍ക്യൂട്ടിന് കാരണമാകാം. കൂടാതെ ശരിയായി കണക്ട് ചെയ്യാത്ത ബാറ്ററി, സ്റ്റാര്‍ട്ടര്‍, സ്റ്റീരിയോ വരെ ചിലപ്പോള്‍ തീപ്പിടിത്തത്തിന് കാരണമായേക്കാം.

സൂക്ഷിക്കണം ബോണറ്റ്

ബോണറ്റ് തുറന്ന് എന്‍ജിന്‍ ബേവൃത്തിയാക്കിയതിനുശേഷം തുണിയും മറ്റു ക്ലീനറുകളും ബോണറ്റിനുള്ളില്‍ വച്ച് മറന്നുപോകുന്നവരുണ്ട്. ഇങ്ങനെ പൂട്ടുന്ന ശീലവും കാറില്‍ തീപിടിക്കുന്നതിന് കാരണമാകാറുണ്ട്. എന്‍ജിന്‍ ക്രമാതീതമായി ചൂടാകുമ്പോള്‍ ബോണറ്റിനടിയില്‍ വച്ചുമറന്ന തുണിയിലും ക്ലീനറിലും തീപ്പൊരിയായാല്‍ വന്‍ ദുരന്തത്തിലേക്കാവും ഇത് നയിക്കുക.

Car fire

ഇന്ധനച്ചോര്‍ച്ച

റോഡപകടങ്ങള്‍ക്കുപിന്നാലെ വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ പതിവാണ്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഫ്യുവല്‍ ലൈന്‍ തകര്‍ന്ന് ഇന്ധനം ലീക്കാവുന്നത് പലപ്പോഴും തീപടരാനിടയാക്കും. ഫ്യുവല്‍ലൈനില്‍നിന്ന് ചോര്‍ന്നൊലിക്കുന്ന ഇന്ധനം എന്‍ജിനില്‍ കടക്കുമ്പോഴാണ് തീപിടിക്കാറുള്ളത്. എന്‍ജിനിലെ ഉയര്‍ന്ന താപത്തില്‍ ഇന്ധനം ആളിക്കത്തും.

സാധാരണമായി വാഹനം രൂപകല്പനചെയ്യുമ്പോള്‍ ഇതിനുവേണ്ട മുന്‍കരുതലുകള്‍ നിര്‍മാതാക്കള്‍ സ്വീകരിക്കാറുണ്ട്. ചെറിയ അപകടങ്ങളെ ഫ്യൂവല്‍ ലൈന്‍ പ്രതിരോധിക്കുമെങ്കിലും ആഘാതം വലുതാണെങ്കില്‍ ഫ്യൂവല്‍ ലൈന്‍ തകരാനുള്ള സാധ്യത കൂടുതലാണ്. എന്‍ജിന്‍ ഓയിലിന്റെ ചോര്‍ച്ചയും ചിലപ്പോള്‍ അപകടം ക്ഷണിച്ചുവരുത്തിയേക്കാം. ഫ്യുവല്‍ ഇഞ്ചക്ടര്‍, ഫ്യുവല്‍ പ്രഷര്‍ റഗുലേറ്റര്‍ എന്നിവയിലുണ്ടാകുന്ന തകരാര്‍മൂലവും ഇന്ധനം ചോരാം. ഇത്തരത്തില്‍ ചോരുന്ന ഇന്ധനം ഇഗ്‌നീഷ്യന്‍ സോഴ്സുമായി ചേര്‍ന്നാല്‍ പെട്ടെന്ന് തീപിടിക്കും.

Car Fire
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

അനധികൃത സി.എന്‍.ജി./എല്‍.പി.ജി. കിറ്റുകള്‍

സി.എന്‍.ജി., എല്‍.പി.ജി. കിറ്റുകള്‍ക്ക് പണം ഏറെ ചെലവാകില്ലെന്നത് കൊണ്ടുതന്നെ പെട്രോള്‍, ഡീസലുകള്‍ക്ക് ബദലായുള്ള സി.എന്‍.ജി., എല്‍.പി.ജി. കിറ്റുകള്‍ക്ക് ഇന്ന് വളരെ ജനപ്രിയതയുണ്ട്. സിലിന്‍ഡറിലുള്ള സമ്മര്‍ദമേറിയ വാതകങ്ങളെ പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് എന്‍ജിനിലേക്ക് കടത്തിവിടുന്നത്. അതിനാല്‍ ഡെലിവറി ലൈനില്‍ അല്ലെങ്കില്‍ കിറ്റിലുണ്ടാകുന്ന ചെറിയ പിഴവുപോലും വലിയ അപകടങ്ങള്‍ക്ക് വഴിതെളിക്കും. ഗുണനിലവാരം കുറഞ്ഞ കിറ്റാണെങ്കില്‍ തീപ്പിടിത്തസാധ്യത കൂടും.

ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്ഹോസ്റ്റ്

കാറിന്റെ കരുത്തും എക്‌സ്ഹോസ്റ്റ് ശബ്ദവും കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്ഹോസ്റ്റുകളുടെ പ്രധാന ലക്ഷ്യം. എക്‌സ്ഹോസ്റ്റ് വാതകങ്ങളെ സുഗമമായി പുറന്തള്ളുന്ന വിധത്തിലാണ് ഇത്തരം ഇവയുടെ രൂപകല്പനയും. ചില അവസരങ്ങളില്‍ എക്‌സ്ഹോസ്റ്റ് വാതകങ്ങളുടെ താപം 900 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കാറുണ്ട്. ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്ഹോസ്റ്റിന് ഗുണനിലവാരം കുറവാണെങ്കില്‍ തീപിടിക്കാനുള്ള സാധ്യതയും കൂടുന്നു.

തീ പിടിച്ചാല്‍ ശ്രദ്ധിക്കേണ്ടത്

വാഹനത്തിന് തീപിടിച്ചാല്‍ വാഹനത്തില്‍നിന്ന് സുരക്ഷിത അകലം പാലിക്കുകയെന്നതാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം. തീകെടുത്താന്‍ നിങ്ങള്‍ ഒറ്റയ്ക്ക് ശ്രമിച്ചാല്‍ ചിലപ്പോള്‍ ജീവഹാനിവരെ സംഭവിച്ചേക്കാം.

തീപിടിക്കുന്നുതിന്റെ സൂചന ലഭിക്കുമ്പോള്‍ (അകാരണമായി പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍) തന്നെ വാഹനം ഓഫാക്കുക. വാഹനത്തില്‍നിന്ന് സുരക്ഷിത അകലം പാലിക്കുക. ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കില്‍ ഒരിക്കലും ബോണറ്റ് ഉയര്‍ത്താന്‍ ശ്രമിക്കരുത്. കാരണം കൂടുതല്‍ ഓക്‌സിജന്‍ അവിടേക്കെത്തുന്നതോടെ തീയുടെ കരുത്തും കൂടും.

car fire
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തീപിടിക്കാതിരിക്കാന്‍

  • വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തുക.
  • എളുപ്പം തീപിടിക്കാവുന്ന വസ്തുക്കള്‍ വാഹനങ്ങളില്‍ കൊണ്ടുപോകാതിരിക്കുക.
  • തീയണയ്ക്കുന്നതിനുള്ള ഉപകരണം (എക്‌സിങ്ഗുഷര്‍) വാഹനങ്ങളില്‍ കരുതുക. കാറിലും ബസിലും സൂക്ഷിക്കാന്‍ സാധിക്കുന്ന വലുപ്പത്തിലുള്ള ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.
  • വാഹനത്തില്‍നിന്ന് പ്ലാസ്റ്റിക് അല്ലെങ്കില്‍ റബ്ബര്‍ കത്തിയ മണം വരുന്നത് അവഗണിക്കരുത്. വാഹനം നിര്‍ത്തി എന്‍ജിന്‍ ഓഫാക്കി വാഹനത്തില്‍നിന്നിറങ്ങി ദൂരെ മാറിനിന്ന് സര്‍വീസ് സെന്ററുമായി ബന്ധപ്പെടുക.
  • ഫ്യൂസ് കത്തിയെന്ന് മനസ്സിലായാല്‍ അത് സ്വയംമാറ്റി വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെതന്നെ ആശ്രയിക്കുക. സ്വയം ശ്രമിച്ചാല്‍ ചിലപ്പോഴത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകും.
  • അംഗീകൃത സര്‍വീസ് സെന്ററുമായി ബന്ധപ്പെടാതെ വാഹനത്തിലെ ഇലക്ട്രിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യാതിരിക്കുക.
  • അനാവശ്യ മോഡിഫിക്കേഷനുകള്‍ നിര്‍ബന്ധമായും ഒഴിവാക്കുക
  • വാഹനങ്ങളില്‍ ഇരുന്ന് പുകവലിക്കാതിരിക്കുക.

മോഡിഫിക്കേഷനുകള്‍

സൂപ്പര്‍കാറുകളിലെ എക്‌സ്ഹോസ്റ്റില്‍നിന്ന് തീ തുപ്പുന്ന ആഫ്റ്റര്‍ബേണ്‍ പ്രതിഭാസത്തെ സാധാരണ കാറുകളില്‍ അനുകരിക്കാന്‍ ശ്രമിക്കുന്നതും ദുരന്തത്തിന് വഴിവെക്കും. വ്യാജ ആഫ്റ്റര്‍ബേണ്‍ എക്‌സ്ഹോസ്റ്റുകളെ കാറില്‍ ഘടിപ്പിക്കുന്നത് അപകടത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. എക്‌സ്ഹോസ്റ്റ് പൈപ്പിനുള്ളില്‍ ഘടിപ്പിച്ച സ്പാര്‍ക്ക് പ്ലഗ് ഉപയോഗിച്ച് എക്‌സ്ഹോസ്റ്റ് വാതകങ്ങളെ കത്തിക്കുമ്പോള്‍ എക്‌സ്ഹോസ്റ്റിലുണ്ടാകുന്ന ചെറിയ ഒരു പാളിച്ച മതി തീ പടരാന്‍.

Content Highlights: Reason for vehicle caught fire, car caught fire, vehicle fire, car fire, tips to prevent fire