മഴക്കാലം തുടങ്ങിയാല്‍ കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ടാണ് റോഡുകളും വീടുകളും വെള്ളത്തിലാകുന്നത്. പൊന്നുപോലെ കാത്തുസൂക്ഷിച്ച കാറും ബൈക്കും ദിവസങ്ങള്‍ക്കുള്ളില്‍ കോലംകെടും. പിന്നാലെ പോക്കറ്റും കാലിയാകും. എന്നാല്‍, ഒരല്‍പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതേയുള്ളൂ ഈ പ്രശ്നങ്ങളില്‍ പലതും...
വീട്ടിലിടുമ്പോഴും കരുതല്‍ വേണം
- മഴക്കാലത്ത് തുറന്ന സ്ഥലങ്ങളില്‍ നിര്‍ത്തിയിടുമ്പോള്‍ വാഹനങ്ങള്‍ മൂടാതിരിക്കുന്നതാണ് ഉത്തമം. മഴ മാറി വെയില്‍ വന്നാലും കാറിന്റെ ബോഡിയില്‍ ഈര്‍പ്പം നിലനില്‍ക്കുകയും അതിലൂടെ തുരുമ്പെടുക്കാനും കാരണമാകും.
- ചെളികയറിയാല്‍ ലോഹഭാഗങ്ങള്‍ തുരുമ്പിക്കും, ബ്രേക്കിങ് സംവിധാനം ദുര്‍ബലമാകും. അതിനാല്‍ വാഹനങ്ങള്‍ എപ്പോഴും കഴുകി വൃത്തിയാക്കി സൂക്ഷിക്കുക. നനഞ്ഞ അവസ്ഥയില്‍ ദിവസങ്ങളോളം ഉപയോഗിക്കാതിരുന്നാല്‍ ബ്രേക്ക് ഉടക്കാനും സാധ്യതയുണ്ട്.
- വൈപ്പറുകളുടെ ക്ഷമത, ബ്രേക്കിന്റെ ശക്തി, ടയറുകളുടെ തേയ്മാനം, എ.സി. ഡീഫോഗറിന്റെ പ്രവര്‍ത്തനം എന്നിവ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രം നനഞ്ഞ റോഡിലിറങ്ങുക.
- വാഹനം നിര്‍ത്തിയിട്ട സ്ഥലത്ത് വലിയ തോതില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ സ്റ്റാര്‍ട്ട് ചെയ്യരുത്. ഫില്‍ട്ടര്‍/ സ്നോര്‍ക്കല്‍ വഴി വെള്ളം കയറിയാല്‍ എഞ്ചിന്‍ തകരാറിലാകും.
ഓടുമ്പോള്‍ ശ്രദ്ധിക്കാന്‍
- കോരിച്ചൊരിയുന്ന മഴ കാഴ്ച മങ്ങാനിടയാക്കുമെന്നതിനാല്‍ വാഹനത്തിന്റെ ലൈറ്റ് പ്രകാശിപ്പിച്ച് ഓടിക്കുക, എതിരേ വരുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും നമ്മെ കാണാന്‍ തിളക്കമുള്ള റെയിന്‍കോട്ടുകള്‍ ഉപയോഗിക്കുക.
- വാഹനത്തിന് കൂടുതല്‍ നിയന്ത്രണം ലഭിക്കും എന്നതിനാല്‍ ടോര്‍ക്ക് കുറഞ്ഞ രണ്ട്, മൂന്ന് ഗിയറുകളില്‍ പരമാവധി ഓടിക്കുക.
- പെട്ടന്നുള്ള ബ്രേക്കിടീല്‍ ഒഴിവാക്കുക. മുന്‍-പിന്‍ ബ്രേക്കുകള്‍ ഒരുമിച്ച് പ്രയോഗിക്കണം. ഇങ്ങനെ ചെയ്യാതിരുന്നാല്‍ ഇരുചക്രവാഹനങ്ങളില്‍ ബ്രേക്ക് ലോക്ക് ആകാനുള്ള സാധ്യതയുണ്ട്.
- വെള്ളക്കെട്ടുകളില്‍ ഇറക്കാതെ ഓടിക്കാന്‍ ശ്രമിക്കുക.
തകരാറുകള്‍ ഉണ്ടായാല്‍? ഇന്‍ഷുറന്‍സ് ലഭിക്കാന്‍?
- വെള്ളത്തില്‍വെച്ച് വാഹനം നിന്നുപോയാല്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. തള്ളി നീക്കുകയോ, കെട്ടിവലിക്കുകയോ ചെയ്യണം. എഞ്ചിനില്‍ വെള്ളം കയറിയാല്‍ അത് പരോക്ഷഫലമായ (Consequential Loss)) നഷ്ടമായി കണക്കാക്കും.
- വീട്ടില്‍ നിര്‍ത്തിയിട്ട വാഹനം വെള്ളപ്പൊക്കത്തില്‍ മുങ്ങിയാല്‍ തേഡ് പാര്‍ട്ടി ഒഴികെയുള്ള ഫുള്‍ കവറേജ്, ബമ്പര്‍ ടു ബമ്പര്‍ പോളിസികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. വെള്ളത്തില്‍ കിടക്കുന്ന വാഹനത്തിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യരുത്. ഇന്‍ഷുറന്‍സ് കമ്പനി അധികൃതരെ വിവരം അറിയിക്കണം. മൊബൈലില്‍ ഫോട്ടോ പകര്‍ത്തി സൂക്ഷിച്ചാല്‍, പിന്നീട് രേഖയായി സമര്‍പ്പിക്കാവുന്നതാണ്.
- എഞ്ചിന്‍ പ്രൊട്ടക്ഷന്‍ കവറേജ് പ്രത്യേകമായി എടുത്തിട്ടുള്ള വാഹനങ്ങള്‍ക്ക്, ആദ്യ അഞ്ചു വര്‍ഷം നഷ്ടപരിഹാരത്തിന് യോഗ്യതയുണ്ട്. ഏകദേശം 5000 രൂപയാണ് പ്രീമിയം.
- ഫയര്‍ ആന്‍ഡ് സ്പെഷ്യല്‍ പെറില്‍സ് പോളിസിയുള്ള കടകളിലും ഗോഡൗണുകളിലും സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ക്ക് വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം സംഭവിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കും