നവംബര്‍ ഒന്നു മുതല്‍ വാഹനം വാങ്ങുന്നവര്‍ക്ക് വാഹന ഡീലര്‍മാരില്‍ നിന്ന് ഇഷ്ടാനുസരണം വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ വാഹന പോളിസികള്‍ താരതമ്യം ചെയ്തു വാങ്ങാം. ഇതിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.) അനുമതി നല്‍കി. ഇതുവഴി പ്രീമിയം തുക ലാഭിക്കാനും മികച്ച പോളിസികള്‍ തിരഞ്ഞെടുക്കാനും വാഹന ഉടമയ്ക്ക് അവസരം കൈവരികയാണ്.
മോട്ടോര്‍ ഇന്‍ഷുറന്‍സ് സര്‍വീസ് പ്രൊവൈഡര്‍ (എം.ഐ.എസ്.പി.) എന്ന പേരിലാണ് ഡീലര്‍മാര്‍ക്ക് ഐ.ആര്‍.ഡി.എ. ലൈസന്‍സ് നല്‍കുക. ഇതു നല്‍കുന്നതിനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഇന്‍ഷുറന്‍സ് ബ്രോക്കിങ് കമ്പനികള്‍ക്കും അധികാരം നല്‍കിയിട്ടുണ്ട്. ഓരോ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും പ്രൊവൈഡര്‍ ലൈസന്‍സ് എടുക്കുമ്പോള്‍ ആ കമ്പനിയുടെ പോളിസി മാത്രമേ വിപണനം ചെയ്യാന്‍ പാടുള്ളൂ. ഒന്നില്‍ കൂടുതല്‍ കമ്പനികളുടെ പോളിസി നല്‍കാന്‍ അത്രയും ലൈസന്‍സ് എടുക്കേണ്ടതുണ്ട്. എന്നാല്‍, ഇന്‍ഷുറന്‍സ് ബ്രോക്കിങ് കമ്പനി വഴി ലൈസന്‍സ് എടുത്താല്‍ ഇന്ത്യയിലെ ഏത് ഇന്‍ഷുറന്‍സ് കമ്പനിയുടെ പോളിസി വേണമെങ്കിലും നല്‍കാനാകും. ഇതിന് ഒരു ഡീലര്‍ക്ക് ഒരാളുടെ പേരില്‍ (ഡെസിഗ്നേറ്റഡ് പേഴ്സണ്‍) ലൈസന്‍സ് എടുത്താല്‍ മതി.
Read This; വാഹന ഇന്‍ഷുറന്‍സിന് എന്താണ് ഇത്ര പ്രാധാന്യം
എം.ഐ.എസ്.പി. ക്കുള്ള പ്രതിഫലം ഒന്നുകില്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നോ, അതല്ലെങ്കില്‍ ബ്രോക്കിങ് കമ്പനിയില്‍ നിന്നോ ആയിരിക്കും നല്‍കുക. ഇത് ടൂ വീലര്‍ വാഹനങ്ങള്‍ക്ക് 22.5 ശതമാനവും മറ്റെല്ലാ വാഹനങ്ങള്‍ക്കും 19.5 ശതമാനവുമായി നിജപ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സ് നേടാന്‍, പ്ലസ് ടു പാസായവര്‍ക്ക് 15 മണിക്കൂര്‍ പരിശീലനം നേടിയ ശേഷം നടത്തുന്ന പരീക്ഷ പാസ്സാവേണ്ടതുണ്ട്. ഡീലറും ഇന്‍ഷുറന്‍സ് കമ്പനി/ബ്രോക്കിങ് കമ്പനിയും തമ്മില്‍ ഒരു കരാറില്‍ ഒപ്പുവയ്ക്കുകയും വേണം. മാത്രമല്ല, ദിവസംതോറും നല്‍കുന്ന പോളിസി, അനുബന്ധ സേവനങ്ങള്‍ എന്നിവയെ നിരീക്ഷിക്കുകയും, അതത് ആഴ്ചകളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും വേണം. തെറ്റായ വിപണനരീതി ഒരു കാരണവശാലും ഉണ്ടാവരുതെന്ന് മാത്രമല്ല വളരെ സുതാര്യമായ രീതിയില്‍ ഈ ബിസിനസിന്റെ 'കോഡ് ഓഫ് കോണ്‍ഡക്ട്' വരെ പൊതുജനങ്ങള്‍ക്ക് കാണും വിധം ഷോറൂമില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഐ.ആര്‍.ഡി.എ. നിഷ്‌കര്‍ഷിക്കുന്നുണ്ട്.
Read This: പഴയ വാഹനം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഓരോ ഇന്‍ഷുറന്‍സ് കമ്പനിയും അവരവരുടെ കഴിഞ്ഞ കാലങ്ങളിലെ നഷ്ടസാധ്യതകള്‍ മനസ്സിലാക്കി വേണം പ്രീമിയം നിരക്ക് നിശ്ചയിക്കാന്‍. അതുകൊണ്ട് വിവിധ കമ്പനികളുടെ പ്രീമിയത്തില്‍ വ്യത്യാസമുണ്ടാവാന്‍ ഇടയുണ്ട്. വാഹനാപകടം ഉണ്ടായി റിപ്പയറിന് നല്‍കുമ്പോള്‍ 'ക്യാഷ്ലെസ്' സേവനം നല്‍കുകയും വേണം.
നിലവില്‍ ഏജന്റ്്സ് ലൈസന്‍സുള്ള ഡീലര്‍മാര്‍ അത് സറണ്ടര്‍ ചെയ്ത് പുതുതായി എം.ഐ.എസ്.പി. എടുക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഓരോ ഡീലര്‍ക്കും അവരുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച് യുണീക് ഐഡന്റിറ്റി നമ്പര്‍ നല്‍കുന്നതാണ്. നിലവിലുള്ള ഇന്‍ഷുറന്‍സ് സംവിധാനത്തിന്റെ പരിമിതികള്‍ മാറ്റുകയും ഇഷ്ടാനുസരണം കമ്പനികളെ മാറ്റാനും, മികച്ച നിലവാരം പുലര്‍ത്തുന്ന കമ്പനികളെ തിരഞ്ഞെടുക്കാനും തന്മൂലം ഉപഭോക്താവിന് നല്ല സേവനം ലഭ്യമാവുകയും ഇതുവഴി സാധ്യമാവുന്നു.
Read This; ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉപഭോക്താക്കളായ പോളിസി ഉടമകള്‍ക്ക് വൈവിദ്ധ്യമാര്‍ന്ന പോളിസികള്‍ ലഭ്യമാക്കണമെന്നും, അതോടൊപ്പം, വിവിധ കമ്പനികളുടെ പോളിസികള്‍ താരതമ്യം ചെയ്യാന്‍ അവസരം കൊടുക്കണമെന്നും ഇതില്‍ പറയുന്നുണ്ട്. അതായത്, വിപണിയില്‍ ഓരോ കമ്പനിക്കും പ്രീമിയത്തില്‍ വ്യത്യാസമുള്ളതിന്റെ ഗുണം ലഭ്യമാവുകയും അവര്‍ക്ക് ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്ക് ലഭിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഡീലര്‍മാരില്‍ നിന്നും നിര്‍ബന്ധപൂര്‍വം പോളിസി എടുപ്പിക്കരുതെന്നും പറയുന്നു. ഇതോടനുബന്ധിച്ചുള്ള എല്ലാ രേഖകളും ഓഡിറ്റിങ് വിധേയമാക്കുന്നതാണ്. എല്ലാ ഷോറൂമുകളിലും ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ അച്ചടിച്ച് പൊതു സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം.
Read This; നിങ്ങള്‍ക്ക് എങ്ങനെ നല്ലൊരു ഡ്രൈവറാകം
ക്ലെയിമുകള്‍ പെരുപ്പിച്ച് കാണിക്കുകയോ അതിനു കൂട്ടുനില്‍ക്കുകയോ ചെയ്യരുത്. ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചാല്‍ ലൈസന്‍സ് നഷ്ടപ്പെടാനും ഇടയുണ്ട്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് മേഖലയില്‍ ഒരു ശുദ്ധീകരണമാണ് നടക്കുന്നത്. വിപണനം ആര് ചെയ്താലും ഉപഭോക്താവിന് ലഭിക്കേണ്ട സേവനം - ന്യായമായ പ്രീമിയം അഥവാ വില, ക്ലെയിം എന്നിവ - ഉറപ്പുവരുത്തുകയാണ് ഇതുവഴി.
(തൃശ്ശൂര്‍ ആസ്ഥാനമായ എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിങ്ങിന്റെ മാനേജിങ് ഡയറക്ടറാണ് ലേഖകന്‍) ഇ-മെയില്‍: odatt@aimsinsurance.in