സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ പുതിയ വാഹന്‍ സോഫ്റ്റ്‌വെയറിലേക്ക് മാറിയതോടെ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങളില്‍ അടിമുടി മാറ്റം വന്നിരിക്കുകയാണ്. ഇവയില്‍ പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ് പഴയ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍. നിലവില്‍ വാഹനം വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഒപ്പിട്ട ഫോറം വാങ്ങുന്നയാളിന്റെ താമസസ്ഥലത്തെ ആര്‍.ടി. ഓഫീസില്‍ നല്‍കിയാണ് രജിസ്‌ട്രേഷന്‍ മാറ്റുന്നത്. എന്നാല്‍ ഇനിമുതല്‍ രജിസ്‌ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്കായിരിക്കും. ഇതുപ്രകാരം, രജിസ്‌ട്രേഷന്‍ മാറ്റാന്‍ വാഹനം വില്‍ക്കുന്നയാളാണ് മുന്‍കൈയെടുക്കേണ്ടത്. ഇതിന്റെ നടപടി ക്രമങ്ങള്‍ എന്തെല്ലാമാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങളുടെ അറിവിലേക്കായി എത്തിക്കുകയാണ് കേരളാ പോലീസ്.
കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...
വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി വില്‍ക്കുന്നയാള്‍
ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്നയാള്‍ ആര്‍.സി.ബുക്കില്‍ ഉടമസ്ഥാവകാശം മാറ്റാത്തതുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ പൊലീസിന് തന്നെ ലഭിച്ചിരുന്നു. വാങ്ങുന്നയാള്‍ കൃത്യമായി ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ പിന്നീടുണ്ടാകുന്ന കേസുകളില്‍ പഴയ ഉടമ കുടുങ്ങുന്ന സ്ഥിതിയായിരുന്നു. നിലവില്‍ വാഹനം വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഒപ്പിട്ട ഫോറം വാങ്ങുന്നയാളിന്റെ താമസസ്ഥലത്തെ ആര്‍.ടി. ഓഫീസില്‍ നല്‍കിയാണ് രജിസ്‌ട്രേഷന്‍ മാറ്റുന്നത്. എന്നാല്‍ ഇനിമുതല്‍ രജിസ്‌ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്കായിരിക്കും. ഇതുപ്രകാരം, രജിസ്‌ട്രേഷന്‍ മാറ്റാന്‍ വാഹനം വില്‍ക്കുന്നയാളാണ് മുന്‍കൈയെടുക്കേണ്ടത്.
വാഹനം കൈമാറ്റം ചെയ്യുമ്പോള്‍ ഉടമസ്ഥാവകാശം മാറ്റാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ പുതിയ നടപടിക്രമങ്ങള്‍ നിലവില്‍വന്നു. രജിസ്‌ട്രേഷന് വാഹന്‍ 4 സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്. മെയ് മാസത്തോടെ സംസ്ഥാനത്ത് ഇത് പൂര്‍ണമായി നടപ്പില്‍വരും
വാഹനം വില്‍ക്കുന്നയാള്‍ ഇനി ഓണ്‍ലൈനിലൂടെയാണ് കൈമാറ്റഫോറം അപേക്ഷ സമര്‍പ്പിക്കേണ്ടത്. വാങ്ങുന്നയാളിന്റെ മേല്‍വിലാസത്തിനൊപ്പം മൊബൈല്‍ നമ്പറും ഓണ്‍ലൈനായി നല്‍കണം. ഈ മൊബൈല്‍ നമ്പറില്‍ വരുന്ന ഒ.ടി.പി. കൂടി കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയാലേ അപേക്ഷസമര്‍പ്പണം പൂര്‍ത്തിയാകുകയുള്ളൂ. ഫീസും ഓണ്‍ലൈനായി അടയ്ക്കണം.
പൂരിപ്പിച്ച അപേക്ഷ, ഫീസ് രസീത് എന്നിവയുടെ പ്രിന്റൗട്ടും ഒറിജിനല്‍ ആര്‍.സി.യുമായി വില്‍ക്കുന്നയാള്‍ പിന്നീട് നേരിട്ട് ആര്‍.ടി. ഓഫീസിലെത്തിയും അപേക്ഷ നല്‍കണം. ഈ ഓഫീസില്‍ വാഹനവുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കിയശേഷം ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഒറിജിനല്‍ ആര്‍.സി. ഉപയോഗശൂന്യമാക്കിയശേഷം വാഹനം വിറ്റ വ്യക്തിക്ക് നല്‍കും. ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുക്കുമ്പോള്‍ തന്നെ വാഹനത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം വാങ്ങിയ ആളിന്റെ താമസസ്ഥലത്തെ ആര്‍.ടി. ഓഫീസിലും ലഭ്യമാകും. ഇവിടെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയായിരിക്കും പുതിയ ആര്‍.സി. തയ്യാറാക്കുക. വാഹനം വാങ്ങുന്നയാള്‍ ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയുമായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുന്നമുറയ്ക്ക് പുതിയ ആര്‍.സി. ലഭിക്കും.
Content Highlights; Old vehicle ownership transfer, Vahan software, Ownership transfer