സംസ്ഥാനത്ത് പരിഷ്‌കരിച്ച ഡ്രൈവിങ്ങ് ടെസ്റ്റ് രീതികള്‍ ഇന്നു മുതല്‍ നിലവില്‍ വരുന്നതോടെ ഇനി ലൈസന്‍സ് ലഭിക്കാന്‍ കുറച്ച് പാടുപെടും. വര്‍ഷങ്ങളായി പിന്തുടര്‍ന്ന് വന്നിരുന്ന രീതികളാണ് ഇന്ന് മുതല്‍ മാറ്റം വരുന്നത്. മതിയായ പ്രാവീണ്യമില്ലാതെ റോഡില്‍ വാഹനമോടിച്ച് അപകടങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് പുതിയ രീതി പ്രാവര്‍ത്തികമാക്കുന്നത്. എച്ച് എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റ ആകൃതിയില്‍ കുത്തിവച്ചിരിക്കുന്ന നീളന്‍ കമ്പികള്‍ക്കിടയിലൂടെ വണ്ടിയോടിച്ചാല്‍ മാത്രം ഇനി ലൈസന്‍സ് കിട്ടില്ല. പര്യാപ്തമായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയതോടെ കടുത്ത പരീക്ഷണങ്ങളില്‍ കൃത്യമായി ഡ്രൈവിങ് വശമുള്ളവര്‍ക്ക് മാത്രമേ ഇനി ലൈസന്‍സ് ലഭിക്കുവെന്ന് ചുരുക്കം. മൂന്നു ഘട്ടങ്ങളിലായാണ് ടെസ്റ്റ് നടക്കുക. എച്ചിനു പുറമേ ഇനി പാര്‍ക്കിങ്, ഗ്രേഡിയന്റ് ടെസ്റ്റുകളിലും വിജയിച്ചാല്‍ മാത്രമേ ലൈസന്‍സ് ലഭിക്കൂ. ഡ്രൈവിങ് ടെസ്റ്റിലെ പുതിയ മാറ്റങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം...

  • വശങ്ങളില്‍ സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്ന് രണ്ടര അടിയായി കുറച്ചു. വാഹനത്തില്‍ ഇരുന്ന് തിരിഞ്ഞു നോക്കിയാല്‍ ഇനി കമ്പി കാണില്ല, വളയ്ക്കാനും പിറകോട്ടെടുക്കാനും കണ്ണാടിയില്‍ മാത്രം നോക്കാം. 
  • വാഹനം പിന്നിലേക്ക് എടുക്കുമ്പോഴും തിരിഞ്ഞുനോക്കാനോ, ഡോറിന് വെളിയിലേക്ക് നോക്കാനോ പറ്റില്ല. ഇതിനും കണ്ണാടി തന്നെ ശരണം.  
  • എച്ച് എടുക്കേണ്ട കമ്പികള്‍ റിബണ്‍ ഉപയോഗിച്ച് ബന്ധിപ്പിക്കും. കമ്പി വീഴാന്‍ വണ്ടി കമ്പിയില്‍ തന്നെ തട്ടണമെന്നില്ല. റിബണില്‍ എവിടെ വണ്ടി തട്ടിയാലും കമ്പി ആ നിമിഷം വീഴുമെന്ന് ചുരുക്കം. 
  • വാഹനം റിവേഴ്സ് എടുക്കുമ്പോള്‍ എളുപ്പത്തില്‍ വളവുകള്‍ തിരിച്ചറിയാനായി കമ്പിയില്‍ അടയാളം വെയ്ക്കുന്ന പതിവ് ഇനി അനുവദിക്കില്ല
  • നിരപ്പായ സ്ഥലത്തിനൊപ്പം കയറ്റത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം പിന്നിലേക്ക് പോകാതെ മുന്നോട്ട് എടുത്ത് ഓടിച്ച് കാണിക്കണം. 
  • രണ്ടു വണ്ടികള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിങ് ടെസ്റ്റും സമര്‍ഥമായി പാസാകണം. 

 

ഇത്രയുമായാല്‍ ഡ്രൈവിങ് ടെസ്റ്റ് പാസായി വീട്ടില്‍ പോകാം. ഇല്ലെങ്കില്‍ വീണ്ടും വരാം...