ഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് സിനിമാനടിയും സുഹൃത്തും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടതും തുടര്‍ന്ന് നിര്‍ത്താതെ പോയതും. അപകടത്തിന് സാക്ഷിയായിരുന്ന നാട്ടുകാര്‍ വാഹനം പിന്‍തുടര്‍ന്ന് പിടിച്ചതോടെയാണ് പ്രശ്‌നം കൂടുതല്‍ വഷളായത്. ഇതിനുപിന്നാലെ സിനിമാതാരം തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു.

വാഹനം ഇടിച്ചതിനെ തുടര്‍ന്ന് പേടിച്ചിട്ടാണ് നിര്‍ത്താതെ പോയതെന്നായിരുന്നു നടിയുടെ വിശദീകരണം. എന്നാല്‍, ഒരു വാഹനം അപകടത്തില്‍പെട്ടാല്‍ സ്വീകരിക്കേണ്ട നടപടികളില്‍ ഏറ്റവും ആദ്യത്തേതാണ് വാഹനം നിര്‍ത്തുക എന്നത്. അപകടമുണ്ടാകുന്നത് ഒരുപക്ഷെ നമ്മുടെ തെറ്റുകൊണ്ടോ മറ്റ് വാഹനങ്ങളുടെ പിഴവുകൊണ്ടോ ആകാം. എന്നാല്‍, അപകടമുണ്ടായാല്‍ വാഹനം നിര്‍ത്തി പരിശോധിക്കുക എന്നതാണ് ഏറ്റവും പ്രധാന നടപടി.

അപകടം ഉണ്ടായാല്‍ അവിടെ നിന്നും വാഹനവുമായി കടന്ന് കളയാതെ സംഭവം പോലീസിനെ അറിയിക്കുകയാണ് ആദ്യം സ്വീകരിക്കേണ്ട നടപടി. അതേസമയം, വാഹനത്തിന് കാര്യമായ കേടുപാടുകളോ അപകടത്തില്‍ മരണമോ സംഭവിച്ചിട്ടുണ്ടെങ്കില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ വാഹനം സംഭവ സ്ഥലത്ത് നിന്ന് മാറ്റാനും മറ്റ് നടപടികള്‍ സ്വീകരിക്കാനും പാടുള്ളൂവെന്നാണ് നിയമം അനുശാസിക്കുന്നത്. 

അതേസമയം, തന്നെ അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് ഉടന്‍ വൈദ്യ സഹായം ഉറപ്പാക്കുകയും വേണം. അപകടമുണ്ടായ വാഹനത്തിന്റെയും മറ്റും ഫോട്ടോ എടുത്ത് സൂക്ഷിക്കുന്നത് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള തുടര്‍ന്ന നടപടികള്‍ക്ക് സഹായകരമാകും. അടിസ്ഥാനപരമായി ഒരു അപകടമുണ്ടായാല്‍ ഇത്രയും നടപടികള്‍ കര്‍ശനമായും സ്വീകരിക്കണം. പകരം ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് മറ്റ് നടപടികള്‍ക്ക് കാരണമായേക്കാം.

എന്നാല്‍, അപകടം ഏറെ ഗുരുതരമാണെങ്കില്‍ പോലീസില്‍ ഈ വിവരം അറിയിച്ച് എഫ്.ഐ.ആര്‍. തയാറാക്കണം. അപകടമുണ്ടായ സ്ഥലം, വാഹന നമ്പര്‍, ഇന്‍ഷുറന്‍സ് നമ്പര്‍ തുടങ്ങിയവ ഉള്‍പ്പെടെ ഇന്‍ഷുറന്‍സ് ഓഫിസിലും അപകട വിവരം അറിയിക്കണം. ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിനായി ഇന്‍ഷുറന്‍സ് കമ്പനി ചുമതലപെടുത്തിയിട്ടുള്ള സര്‍വേയറുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലിന് അപേക്ഷ നല്‍കുകയും ചെയ്യാം.

Content Highlights: Motor Vehicle Accident, Road Accident, Accidents