മഴ വരികയാണ്. ചുട്ടുപൊള്ളുന്ന വെയിലില്‍ക്കിടന്ന് പഴുത്ത വാഹനങ്ങളെ ഇനി മഴത്തുള്ളികള്‍ നനയ്ക്കും. കാലാവസ്ഥ മാറുന്നതുകൊണ്ട് വാഹനത്തിനും പരിചരണം അത്യാവശ്യമാണ്. അതിനുള്ള ചില പൊടിക്കൈകള്‍ ഇതാ.
വേനല്‍ക്കാലത്ത് പൊള്ളുന്ന വെയിലില്‍, അതുപോലെ പൊള്ളിയ മുന്‍ഭാഗത്തെ ചില്ലില്‍ തൊട്ടുകിടക്കുന്ന വൈപ്പറിനെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. മഴക്കാലത്ത് ഏറ്റവും ആവശ്യം ഇവനെത്തന്നെയാണ്. വെയിലേറ്റും മറ്റും ചിലപ്പോള്‍ വൈപ്പറിന്റെ റബ്ബര്‍ നാശമായിട്ടുണ്ടാകാം. അല്ലെങ്കില്‍ പൊടിയോടെ വൈപ്പര്‍ ഉപയോഗിച്ചും കാലപ്പഴക്കംകൊണ്ടും റബ്ബര്‍ ബ്ലേഡ് തേഞ്ഞിട്ടുണ്ടാകാം. അത് മാറ്റണം. അല്ലെങ്കില്‍ അത്യാവശ്യഘട്ടത്തില്‍ വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ചില്ലില്‍ പോറല്‍ വരും. അതുമല്ലെങ്കില്‍ ചില്ല് മതിയായി വൃത്തിയാവുകയില്ല. അത് കാഴ്ചയ്ക്ക് തടസ്സമാകും.
വൈപ്പര്‍വാഷര്‍ ബോട്ടിലിലും ആവശ്യത്തിന് വെള്ളമുണ്ടോയെന്നും പരിശോധിക്കണം. മഴക്കാലത്ത് മുന്നിലെ വാഹനത്തില്‍നിന്ന് തെറിക്കുന്ന വെള്ളത്തില്‍ മണ്ണും ചെളിയുമുണ്ടാകാം. ഇത് ചില്ലിലായാല്‍ വൈപ്പര്‍ മാത്രമിട്ടാല്‍ പോറല്‍ വരും. അത് മാറ്റാനാകില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ വൈപ്പര്‍വാഷര്‍ ഉപയോഗിച്ചുവേണം വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കാന്‍. വേനല്‍ക്കാലത്ത് വണ്ടിയില്‍ അടിഞ്ഞുകൂടിയ ചെളിയെല്ലാം കഴുകിക്കളയണം. മഴക്കാലത്ത് വാഹനത്തില്‍ ഉറച്ച ചെളി ഒഴുകിപ്പോകില്ലെന്നത് ഓര്‍ക്കുക. മഴവെള്ളം ഒഴുകിപ്പോകുന്ന ഭാഗങ്ങള്‍ വൃത്തിയാക്കുകയും വേണം. ബോണറ്റിലെ ചില്ലിന് താഴെയുള്ള ചാല്‍, വശങ്ങളിലെ ബീഡിങ് എന്നിവ പ്രത്യേകിച്ച്.
കഴിവതും പൂര്‍ണമായൊരു സര്‍വീസിങ് മഴയ്ക്കു മുമ്പ് ചെയ്യുന്നതാണ് അഭികാമ്യം. വാഹനത്തിന്റെ അടിയിലുള്ള ചെളിയും ഇങ്ങനെ നീക്കംചെയ്യണം. അല്ലെങ്കില്‍ ബ്രേക്ക്പാഡില്‍ വീണ്ടും ചെളി അടിഞ്ഞുകൂടി അപകടം വരുത്താം.
മഴക്കാലത്ത് കാറിനകത്തെ ദുര്‍ഗന്ധമാണ് മറ്റൊരു പ്രശ്‌നം. ഉള്ളില്‍ അധികവും തുകലായതിനാല്‍ അത് നനഞ്ഞാല്‍ ദുര്‍ഗന്ധം വരും. അതുകൂടാതെ വാഹനത്തിനകത്ത് ഫംഗസ് ബാധയുമുണ്ടാകും. മഴക്കാലത്ത് ഗ്ലാസ് താഴ്ത്തിവെച്ചുമാത്രമേ ഒടിക്കാന്‍ കഴിയൂ. വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിടുമ്പോഴും ചെറിയ വെയിലുണ്ടെങ്കില്‍ ചില്ലുകള്‍ താഴ്ത്തിവെച്ചാല്‍ കുറച്ചു ഗുണമുണ്ടാകും. പ്ലാസ്റ്റിക്, തുകല്‍ മാറ്റുകള്‍ക്ക് പകരം കോട്ടണ്‍ തുണി ഉപയോഗിച്ചാല്‍ കാലിലെ വെള്ളം അത് വലിച്ചെടുത്തോളും. സാധാരണയായി ന്യൂസ് പേപ്പറുകളും ഉപയോഗിക്കാറുണ്ട്. എന്നാല്‍, അത് നനഞ്ഞ് പൊടിയാകുന്നതുകൊണ്ട് ഇടയ്ക്കിടയ്ക്ക് മാറ്റേണ്ടിവരും. പുതിയ വാഹനങ്ങള്‍ക്ക്, അടിയില്‍ തുരുമ്പു പിടിക്കാതിരിക്കാന്‍ അണ്ടര്‍ബോഡി കോട്ടിങ് ചെയ്തുവരുന്നുണ്ട്. പഴയ വാഹനങ്ങളാകുമ്പോള്‍ അതിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടാകും. അതിനാല്‍ അണ്ടര്‍ബോഡി കോട്ടിങ് ചെയ്യുന്നതാണ് നല്ലത്. കാരണം, ഏറ്റവുമധികം ചെളി നിറയുന്നത് വാഹനത്തിന്റെ അടിയിലാണ്. അത് ഉറഞ്ഞ് കട്ടയായി തുരുമ്പുകയറാന്‍ സാധ്യതയുണ്ട്.
മഴകൊള്ളുന്ന വാഹനത്തെ കവര്‍കൊണ്ട് മൂടരുത്. അതിലുള്ള ചെളിയും പൊടിയും വാഹനത്തിന് പോറലേല്‍പ്പിക്കും. മഴകൊണ്ട വാഹനം തുടച്ചു വൃത്തിയാക്കുകയാണ് വേണ്ടത്. പെയിന്റ് ശ്രദ്ധിക്കാന്‍ വാക്‌സ് പോളിഷ് ചെയ്താല്‍ മതി. ഇത് വെള്ളം തങ്ങിനില്‍ക്കാന്‍ അനുവദിക്കാതെ കവചമായിട്ടിരിക്കും.
മറ്റൊന്ന് എ.സി.യാണ്. ഗ്ലാസ് താഴ്ത്തിയിടുന്നതിനാല്‍ എ.സി.യായിരിക്കും വാഹനത്തില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്നത്. എ.സി.ഫില്‍ട്ടര്‍ ക്ലീന്‍ ചെയ്തില്ലെങ്കില്‍ ദുര്‍ഗന്ധമുണ്ടാകും. പുറത്തും അകത്തും വ്യത്യസ്ത താപനിലയുണ്ടാകുമ്പോഴാണ് മുന്നിലെ ചില്ലില്‍ മഞ്ഞുവീഴുന്നത്. അത് കാഴ്ചയ്ക്ക് തടസ്സമാകും. അതിനാല്‍ അത്യാവശ്യസമയത്ത് ഡീ ഫോഗര്‍ ഉപയോഗിക്കുക. ബാറ്ററി പണിമുടക്കാതിരിക്കുന്നതിന് പെട്രോളിയം ജെല്ലി ഉപയോഗിച്ച് ബാറ്ററി ടെര്‍മിനലുകള്‍ പൊതിയാം. ഈര്‍പ്പംവന്ന് തുരുമ്പുപിടിക്കുന്നതില്‍നിന്ന് രക്ഷിക്കും. ടയറുകളിലും ഈ കാലയളവില്‍ കണ്ണുവേണം. തേയ്മാനമുണ്ടെങ്കില്‍ ടയറുകള്‍ മാറ്റുക. നനഞ്ഞ പ്രതലത്തില്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ വണ്ടി തെന്നിമാറി അപകടം വരുത്തിയേക്കാം. മഴക്കാലത്ത് ടയറില്‍ കാറ്റ് അധികം നില്‍ക്കില്ല. അതിനാല്‍ തുടര്‍ച്ചയായി കാറ്റ് പരിശോധിക്കണം.
Content Highlights; car care in monsoon, car care tips, car care