രോ രാജ്യത്തും വാഹനം ഓടിക്കുന്നതിന് അതത് രാജ്യത്തെ നിയമപരമായ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനമാണ് അവിടെ അംഗീകാരമുള്ള ഡ്രൈവിങ്ങ് ലൈസന്‍സ് സ്വന്തമാക്കുക എന്നത്. ജോലിക്കും സന്ദര്‍ശനത്തിനും പഠനത്തിനും മറ്റുമായി വിദേശ രാജ്യങ്ങളില്‍ എത്തുന്ന ആളുകള്‍ എല്ലാം തന്നെ ആദ്യമായി നേരിടുന്ന പ്രതിസന്ധിയും ഇതാകാനാണ് സാധ്യത. കാരണം ആറ് മാസമെങ്കിലും ഒരു രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍ക്ക് മാത്രമേ ലൈസന്‍സ് ലഭ്യമാകൂവെന്നതാണ് ഈ പ്രതിസന്ധിയുടെ കാരണം.

ഒട്ടുമിക്ക രാജ്യങ്ങളിലും ആറ് മാസം താമസിച്ച ശേഷം മാത്രമേ ഡ്രൈവിങ്ങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ കഴിയൂവെന്നാണ് നിയമം. ലൈസന്‍സിനുള്ള ഏഴുത്ത് പരീക്ഷയാണ് വിദേശത്തും ആദ്യപടി. ഇത് പാസായാല്‍ പ്രൊവിഷണല്‍ ലൈസന്‍സ് ലഭിക്കും. നമ്മുടെ നാട്ടിലെ ലേണേഴ്‌സ് ലൈസന്‍സിന് സമമാണിത്. ഇതിന് ശേഷം മാത്രമേ ഡ്രൈവിങ്ങ് ക്ലാസുകളില്‍ ചേരാന്‍ സാധിക്കൂ. ആഴ്ചകള്‍ നീണ്ട പഠനത്തിനും കഠിനമായ ഡ്രൈവിങ്ങ് ടെസ്റ്റ് വിജയിച്ച ശേഷവുമായിരിക്കും ലൈസന്‍സ് ലഭ്യമാക്കുക.

ഇന്റര്‍നാഷണല്‍ ഡ്രൈവിങ്ങ് പെര്‍മിറ്റ്

ഓരോ രാജ്യത്തേയും ഡ്രൈവിങ്ങ് ലൈസന്‍സ് നിയമങ്ങള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഏത് രാജ്യത്ത് പോകുന്നുവോ അവിടുള്ള നിയമങ്ങള്‍ മനസിലാക്കി വേണം വാഹനമോടിക്കാന്‍. ഏതാനും രാജ്യങ്ങളില്‍ ഇന്ത്യയുടെ ലൈസന്‍സ് ആറ് മാസം വരെ ഉപയോഗിക്കാം. എന്നാല്‍, ഇതുകൊണ്ട് മാത്രം പൂര്‍ണമായും നിയമപരിരക്ഷ ലഭിക്കണമെന്നില്ല. ഇവിടെയാണ് ഇന്റര്‍നാഷണല്‍ ഡ്രൈവിങ്ങ് പെര്‍മിറ്റിന്റെ (ഐ.ഡി.പി) പ്രസക്തി. ഇന്ത്യയിലെ സാധുവായ ലൈസന്‍സ് ഉള്ളയാള്‍ക്ക് ഇന്റര്‍നാഷണല്‍ ഡ്രൈവിങ്ങ് പെര്‍മിറ്റ് ലഭ്യമാകും. 

ലൈസന്‍സ് ഉടമയുടെ മേല്‍വിലാസം ഏത് ആര്‍.ടി.ഓഫീസ് പരിധിയിലാണോ വരുന്നത് അവിടെ നേരിട്ട് ഇന്റര്‍നാഷണല്‍ ഡ്രൈവിങ്ങ് പെര്‍മിറ്റിന് അപേക്ഷിക്കുന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന സംവിധാനം. എന്നാല്‍, ഇപ്പോള്‍ ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ രീതിയിലാണ് അപേക്ഷ നല്‍കേണ്ടത്. മോട്ടോര്‍ വാഹന വകുപ്പിന്റെ കേന്ദ്രീകൃത വെബ്‌സൈറ്റായ പരിവാഹനിലൂടെയാണ് ഡ്രൈവിങ്ങ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്. 

ഐ.ഡി.പിക്ക് വേണ്ട രേഖകള്‍

  • സാധുവായ ഡ്രൈവിങ് ലൈസന്‍സ്
  • സാധുവായ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്
  • സന്ദര്‍ശിക്കുന്ന രാജ്യത്തിന്റെ വീസ
  • പ്രസ്തുത രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ്

അപേക്ഷിക്കേണ്ടത് എങ്ങനെ?

പരിവാഹന്‍ വെബ്‌സൈറ്റില്‍ സാരഥി ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതില്‍ അപ്ലെ ഓണ്‍ലൈന്‍ ക്ലിക്ക് ചെയ്താല്‍ സര്‍വീസസ് ഓണ്‍ ഡ്രൈവിങ്ങ് ലൈസന്‍സ് എന്ന ഓപ്ഷന്‍ ലഭിക്കും. ഇതില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ്ങ് പെര്‍മിറ്റ് തിരഞ്ഞെടുത്ത് രേഖകള്‍ അപ്‌ലോഡ് ചെയ്യണം. ഇതിനുള്ള ഫീസ് ഓണ്‍ലൈനായാണ് അടയ്‌ക്കേണ്ടത്. തുടര്‍ന്ന് ഇതിന്റെ പ്രിന്റ് എടുത്ത ശേഷം നിങ്ങളുടെ ആര്‍.ടി. ഓഫിസില്‍ എത്തുക. ഈ രേഖകള്‍ പരിശോധിച്ച്‌ ബോധ്യപ്പെട്ടാല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ്ങ് പെര്‍മിറ്റ് അനുവദിക്കും. 

ഒരു വര്‍ഷമാണ് ഇതിന്റെ കാലാവധി. ചില രാജ്യങ്ങളില്‍ ആറ് മാസമേ അനുവദിക്കുന്നുള്ളൂ. ഇന്ത്യയുടെ സാധുവായ ഡ്രൈവിങ്ങ് ലൈസന്‍സ് ഈ പെര്‍മിറ്റിനൊപ്പം കരുതണം. ഇന്ത്യന്‍ ലൈസന്‍സില്‍ അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ ഇന്റര്‍നാഷണല്‍ പെര്‍മിറ്റിന്റെ സഹായത്തോടെ ഓടിക്കാം. ഓട്ടോമൊബൈല്‍ അസോസിയേഷനുകളുടെ പേരില്‍ ഓണ്‍ലൈനില്‍ ലഭിക്കുന്ന ലൈസന്‍സുകള്‍ അംഗീകൃതമാണോയെന്ന് ഓരോ രാജ്യത്തും പരിശോധിച്ചാല്‍ അറിയാല്‍ കഴിയും.

Content Highlights: International Driving Permit, International Driving Licence, Kerala Police