ഡാഷ്‌ബോര്‍ഡില്‍ കാണുന്ന രീതിയില്‍ത്തന്നെ ഒരു ചുവന്ന സ്വിച്ചുണ്ട്. ത്രികോണാകൃതിയില്‍ കാണുന്ന ഇതിന് കാര്‍ ഓടിക്കുന്നതില്‍ പ്രധാന പങ്കുണ്ട്. 'ഹസാര്‍ഡ് ലൈറ്റ്' എന്ന് പേരുള്ള ഇതിനെ പലരും ഇന്‍ഡിക്കേറ്ററായാണ് ഉപയോഗിക്കുന്നത്. ട്രാഫിക് നിയമലംഘനംതന്നെയാണ് ഇത് ഇട്ടുകൊണ്ട് വണ്ടി ഓടിക്കുന്ന ഡ്രൈവര്‍ ചെയ്യുന്നത്. 

നാലുംകൂടിയ ജങ്ഷനുകളില്‍ നേരേ പോകാനാണ് ഈ സ്വിച്ചിടുക. നാലുഭാഗത്തെയും ഇന്‍ഡിക്കേറ്ററുകള്‍ ഒരുമിച്ചിട്ടാല്‍ നേരേ പോകാമെന്ന ധാരണയാണ് ഇത്തരക്കാര്‍ക്ക്. അറിവില്ലായ്മകൊണ്ട് ചെയ്യുന്നത് ശീലമായി മാറും. അതുകണ്ട് പലപ്പോഴും മറ്റുള്ളവര്‍ അനുകരിക്കുകയും ചെയ്യും. അതാണ് ഹസാര്‍ഡ് ലൈറ്റിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. 

ഇടത്തേക്കും വലത്തേക്കും പോകുന്നതിന് ഇന്‍ഡിക്കേറ്റര്‍ ലിവര്‍ മാറ്റിയാല്‍ മതി. എന്നാല്‍, നേരേ പോകാന്‍ നാലുംകൂടി ഇട്ടാല്‍ മതിയല്ലോ എന്നാണ് ചിന്ത. ചിലര്‍ സ്‌റ്റൈലിനായും ഈ നിയമലംഘനം അറിഞ്ഞും നടത്താറുണ്ട്. മഴയുള്ളപ്പോഴും മൂടല്‍ മഞ്ഞുള്ളപ്പോഴും ഇത് ഉപയോഗിക്കുന്നത് തെറ്റാണ്. നാലുംകൂടിയ ജങ്ഷനുകളില്‍ നേരേ പോകുന്നതിന് ഇന്‍ഡിക്കേറ്ററുകള്‍ ഇടാതിരിക്കുകയാണ് വേണ്ടത്. മഴയുള്ളപ്പോഴും മഞ്ഞുള്ളപ്പോഴും പിന്നിലെ വാഹനങ്ങള്‍ക്ക് കാണാന്‍ നിങ്ങളുടെ ടെയ്ല്‍ ലാമ്പുകള്‍ മതി. മുന്നില്‍ ഫോഗ് ലാമ്പുകളും നല്‍കിയിരിക്കുന്നത് അതിനാണ്. 

അപകടത്തില്‍പ്പെടുകയോ, വണ്ടി കേടുവന്ന് റോഡരികില്‍ നിറുത്തിയിടുകയോ ചെയ്യുമ്പോള്‍ മാത്രമേ ഹസാര്‍ഡ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂവെന്നാണ് നിയമം. വാഹനം കേടുവന്നത് മറ്റൊരു വാഹനം കെട്ടിവലിച്ചു കൊണ്ടുപോവുകയാണെങ്കിലും ഹസാര്‍ഡ് ലൈറ്റ് പ്രകാശിപ്പിക്കാം. തൊട്ടുമുന്നില്‍ മറ്റൊരു വാഹനമുണ്ട് എന്ന് പിന്നില്‍വരുന്ന ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. 

Content Highlights; Hazard Light, Hazard Warning Light