ലൈസന്‍സ് അടക്കമുള്ള വാഹന രേഖകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റായി ഫോണില്‍ തന്നെ സൂക്ഷിച്ചുവയ്ക്കാന്‍ സഹായകരമായ ആപ്പാണ് ഡിജി ലോക്കര്‍. പോലീസ് പരിശോധന സമയത്തും മറ്റും രേഖകള്‍ എളുപ്പത്തില്‍ ഓഫീസര്‍മാര്‍ക്ക് കാണിച്ചു കൊടുക്കാനും ഇതുവഴി സാധിക്കും. എന്നാല്‍ ഈ ആപ്പില്‍ ഡ്രൈവിങ് ലൈസന്‍സ് ആപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് നിരവധി പരാധികള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഡിജി ലോക്കര്‍ ആപ്പില്‍ ലൈസന്‍സ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം എന്നത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുകയാണ് കേരള പോലീസ്. 

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം... 

ഡിജി ലോക്കര്‍ ആപ്പില്‍ ഡ്രൈവിംഗ് ലൈസന്‍സ് അപ്‌ഡേറ്റ് ചെയ്യുന്നതിന് കഴിയുന്നില്ലെന്ന് ധാരാളം പേര്‍ ചൂണ്ടികാണിക്കുകയുണ്ടായി എന്നാല്‍ , ഡ്രൈവിംഗ് ലൈസന്‍സ് വിവരം ആപ്പിലേക്ക് നല്‍കുന്നതിന് പ്രത്യേക ഫോര്‍മാറ്റ് ഉപയോഗിച്ചാല്‍ ഇത് എളുപ്പത്തില്‍ സാധ്യമാകുന്നതാണ്.

നമ്മുടെ ലൈസന്‍സ് നമ്പര്‍ AA/BBBB/YYYY എന്ന ഫോര്‍മാറ്റില്‍ ആണ് ഉണ്ടാകുക. ഇതേ ഫോര്‍മാറ്റില്‍ ഡിജിലോക്കറില്‍ എന്റര്‍ ചെയ്താല്‍ ലൈസന്‍സ് ഡിജിറ്റല്‍ കോപ്പി ലഭ്യമാകില്ല. ലൈസന്‍സ് നമ്പര്‍ താഴെ കൊടുത്തിരിക്കുന്ന ഫോര്മാറ്റിലേക് മാറ്റുക KLAAYYYY000BBBB ഈ നമ്പര്‍ ലൈസന്‍സ് നമ്പര്‍ ആയി കൊടുക്കുക. ശ്രദ്ധിക്കുക, നടുവിലെ നമ്പറിനെ(BBBB) '7' അക്കം ആക്കി മാറ്റണം (നമ്പറിന് മുന്നില്‍ പൂജ്യം '0' ചേര്‍ത്ത് വേണം). നടുവിലെ നമ്പര്‍ BBBB ആണെങ്കില്‍ 000BBBB എന്ന രീതിയിലാക്കണം. ഉദാഹരണത്തിന് നിങ്ങളുടെ ലൈസന്‍സ് നമ്പര്‍ 15/12345/2018 ആണെങ്കില്‍, അതിനെ KL1520180012345 എന്ന രീതിയില്‍ വേണം ഡിജിലോക്കറില്‍ ടൈപ്പ് ചെയ്യാന്‍. കൂടാതെ പഴയ ലൈസെന്‍സുകളില്‍ ജില്ലയെ സൂചിപ്പിക്കുന്ന അക്കങ്ങള്‍ക്കു പകരം അക്ഷരങ്ങളായിരിക്കും ഉള്ളത്. ഉദാ: TR/1001/2006 എന്ന തൃശൂര്‍ ജില്ലയിലെ പഴയ ലൈസെന്‍സ് KL082006001001 എന്ന രീതിയില്‍ നല്‍കണം. ഇത്തരത്തില്‍ ലൈസന്‍സ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും. 

Kerala Police

Content Highlights; How to upload driving licence in digi locker app