കാര്‍ വാങ്ങുംമുന്‍പ് ടെസ്റ്റ് ഡ്രൈവിനായി ആവശ്യപ്പെടുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ്. അതുകൊണ്ടുതന്നെ ടെസ്റ്റ് ഡ്രൈവ് ചോദിക്കാന്‍ മടിക്കേണ്ട. ഡ്രൈവിങ് നന്നായി അറിയില്ലെങ്കില്‍ ഒരു ഡ്രൈവറെ കൂടെ കൂട്ടുക. ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഡ്രൈവിങ് പൊസിഷന്‍ നിങ്ങള്‍ക്ക് ചേരുമോ എന്നതാണ് പ്രധാനമായും നോക്കേണ്ടത്. സീറ്റിന്റെ ഉയരം, പൊസിഷനിങ്, സ്റ്റിയറിങ് വീലും സീറ്റുമായുള്ള അകലം, സ്വിച്ചുകളും ഹോണും ഉപയോഗിക്കാനുള്ള എളുപ്പം, എയര്‍കണ്ടീഷണറിന്റെ പ്രവര്‍ത്തനം, ബ്രേക്കിന്റെ കാര്യക്ഷമത, സസ്‌പെന്‍ഷന്‍ മികവ്, ഗ്രൗണ്ട് ക്ലിയറന്‍സ്, പിക്കപ്പ്, പുള്ളിങ് എന്നീ കാര്യങ്ങളാണ് മുഖ്യമായും ശ്രദ്ധിക്കേണ്ടത്. കയറാനും ഇറങ്ങാനുമുള്ള എളുപ്പവും വിലയിരുത്തണം. 

ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ പല റോഡുകളിലും പല അവസ്ഥകളിലും വാഹനം ഓടിക്കേണ്ടതുണ്ട്. അല്പ നേരത്തേക്ക് ഡീലര്‍ഷിപ്പില്‍നിന്ന് വാഹനം കിട്ടുമ്പോള്‍ അത്ര വിശദമായ ടെസ്റ്റ് ഡ്രൈവിങ് സാധ്യമല്ല. എങ്കിലും നഗരത്തിരക്കുകളിലൂടെ ഓടിക്കുമ്പോള്‍ എന്‍ജിന്റെ പവര്‍ ബോധ്യമാകും.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

 • ട്രാഫിക് ബ്ലോക്കില്‍ നിര്‍ത്തുകയും വീണ്ടും ആക്‌സിലറേറ്റര്‍ കൊടുക്കുകയും ചെയ്യുമ്പോള്‍ പിക്കപ്പ് പോരെന്നു തോന്നുന്നുണ്ടോ? എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിക്കുമ്പോള്‍ പിക്കപ്പ് വീണ്ടും കുറയുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്‍ജിന്‍ പവര്‍ പോര എന്നാണ് മനസ്സിലാക്കേണ്ടത്. 
 • നഗരത്തിലെ ബമ്പുകളിലൂടെയും ഹമ്പുകളിലൂടെയും ഓടിക്കുക. കാറിന്റെ അടിവശം തട്ടുന്നുണ്ടോ? ഉണ്ടെങ്കില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് കുറവാണെന്നും കാര്‍ കേരളത്തിലെ റോഡുകള്‍ക്ക് ചേര്‍ന്നതല്ലെന്നും തീരുമാനിക്കാം. 
 • കുഴികള്‍ക്കു മുകളിലൂടെ ഓടിക്കുമ്പോള്‍ കാറിനുണ്ടാകുന്ന ആഘാതം ശരീരത്തിനും അനുഭവപ്പെടുന്നുണ്ടെങ്കില്‍ സസ്‌പെന്‍ഷന്‍ മോശമാണ് എന്നു മനസ്സിലാക്കാം. 
 • വെയിലത്ത് കുറച്ചുനേരം നിര്‍ത്തിയിട്ടശേഷം ഗ്ലാസുകള്‍ കയറ്റിയിട്ട് എയര്‍കണ്ടീഷണര്‍ ഓണ്‍ ചെയ്യുമ്പോള്‍ ഉള്‍വശം തണുക്കാന്‍ താമസമുണ്ടെങ്കില്‍ എ.സി.ക്ക് പവര്‍ പോരെന്നാണര്‍ഥം. 
 • 60 കിലോമീറ്റര്‍ വേഗത എടുത്തശേഷം സഡന്‍ ബ്രേക്ക് ചെയ്യുമ്പോള്‍ വാഹനം തെന്നി വശത്തേക്ക് മാറുന്നുണ്ടെങ്കില്‍ ബ്രേക്കിങ് കാര്യക്ഷമമല്ല എന്നു മനസ്സിലാക്കാം. എബിഎസ് ഓപ്ഷനുള്ള കാറാണെങ്കില്‍ ഈ ടെസ്റ്റ് ബാധകമല്ല. കാരണം, തെന്നിമാറാതിരിക്കുക എന്നതാണ് എബിഎസിന്റെ ധര്‍മംതന്നെ. 
 • കാറിന്റെ സീറ്റുകള്‍ ശ്രദ്ധിക്കുക. സീറ്റിന്റെ ഇരിക്കുന്ന ഭാഗം അല്പം ഉയര്‍ന്ന് തുടകള്‍ക്ക് സപ്പോര്‍ട്ട് നല്കുന്ന രീതിയിലായിരിക്കണം. അല്ലെങ്കില്‍ ദീര്‍ഘദൂരയാത്രയില്‍ മസിലുകള്‍ക്ക് വേദന വരാം. ദീര്‍ഘദൂരയാത്രകളില്‍ കൈകള്‍ക്ക് വിശ്രമിക്കാന്‍ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അതും നന്നായിരിക്കും. 
 • cars
  കാര്‍ വാങ്ങുമ്പോള്‍
  പുസ്തകം വാങ്ങാം
  ടെസ്റ്റ് ഡ്രൈവില്‍ ഭാര്യയേയും കുട്ടികളേയും കൂടെ കൂട്ടിയിട്ടുണ്ടെങ്കില്‍ പിന്‍സീറ്റിന്റെ കംഫര്‍ട്ടും മനസ്സിലാക്കാം. തുടയ്ക്ക് സപ്പോര്‍ട്ട് നല്‍കുന്ന അപ്‌ഹോള്‍സ്റ്ററിയാണോ പിന്‍സീറ്റും എന്ന് നോക്കുക. കൂടാതെ സീറ്റിന്റെ നിര്‍മാണ വൈകല്യംമൂലം വളവുകള്‍ തിരിയുമ്പോഴും മറ്റും ശരീരം വല്ലാതെ ഉലയുന്നുണ്ടോ എന്നും പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കണം. എയര്‍കണ്ടീഷണറുടെ തണുപ്പ് പിന്നിലേക്ക് എത്തുന്നുണ്ടോ എന്നും കപ്പുകളും കുപ്പികളും മറ്റു സൂക്ഷിക്കാന്‍ പിന്നില്‍ കപ്‌ഹോല്‍ഡറുകളുണ്ടോ എന്നും നോക്കുക. 
 • ഗിയര്‍ ഷിഫ്റ്റിങ് അനായാസമാണോ എന്നതും പ്രത്യേകം നോക്കേണ്ടതുണ്ട്. റിവേഴ്‌സ് ഗിയറിടാന്‍ ആയാസമുണ്ടോ, എല്ലാ ഗിയറുകളും വളരെ എളുപ്പത്തില്‍ മാറ്റാനാവുന്നുണ്ടോ എന്നും ശ്രദ്ധിക്കു. ഗിയറുകള്‍ പെട്ടെന്ന് കയ്യെത്തും ദൂരത്താണോ എന്നതും പ്രധാനമാണ്. അതുപോലെ ഡോറിന്റെയും ഡാഷ്‌ബോര്‍ഡിന്റെയുമൊക്കെ ഇടയില്‍ വിടവുകള്‍ ഉണ്ടോ എന്നും നോക്കണം. വിവിധ പ്ലാസ്റ്റിക്ക് ഘടകങ്ങള്‍ കൃത്യമായി വിടവില്ലാതെ ചേര്‍ന്നിരിക്കണം. 

(ബൈജു എന്‍ നായരുടെ'കാര്‍ വാങ്ങുമ്പോള്‍' എന്ന പുസ്തകത്തില്‍ നിന്ന്)

Content Highlights; How to test drive a car before buying