മറ്റുള്ള സമയങ്ങളെ അപേക്ഷിച്ച് മഴക്കാലത്താണ് വാഹനങ്ങള്‍ക്ക് കൂടുതല്‍ പരിചരണം വേണ്ടത്. തകര്‍ത്തുപെയ്യുന്ന മഴയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ നമ്മള്‍ എത്രത്തോളം ശ്രദ്ധിക്കുന്നുവോ അതുപോലെ ശ്രദ്ധ വാഹനങ്ങള്‍ക്കും നല്‍കണം. ഇല്ലെങ്കില്‍ ഒരു മണ്‍സൂണ്‍ കാലം കഴിയുമ്പോഴേക്കും കേടുപാടുവന്ന് വാഹനം നശിച്ചു തുടങ്ങും. ഡ്രൈവിങ്ങില്‍ നമ്മുടെ സുരക്ഷയും വാഹനത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കും എന്നതും മറക്കരുത്. ടയര്‍, ബ്രേക്ക്, ഹെഡ്‌ലൈറ്റ് തുടങ്ങി വാഹനത്തിലെ എല്ലാ ഘടകങ്ങളും മികച്ച നിലവാരത്തിലാണെന്ന് ഉറപ്പുവരുത്തണം. മഴക്കാലത്ത് വാഹനത്തിന് ആവശ്യമായ പരിചരണം എന്തെല്ലാമെന്ന് നോക്കാം...
- എപ്പോഴും മഴയല്ലേ എങ്കില്‍ പിന്നെ വണ്ടി കഴുകി ഇടേണ്ട ആവശ്യമില്ലല്ലോ എന്ന തോന്നല്‍ ഒരിക്കലും ഉണ്ടാകരുത്. മഴക്കാലത്ത് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും വണ്ടി കഴുകുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ പൊടിയും ചളിയും അടിഞ്ഞുകൂടി വണ്ടിയുടെ നിറത്തിനും ബോഡിക്കും കേടുപാട് വരും.
- നനഞ്ഞ വാഹനം ഒരിക്കലും കവറിട്ട് മൂടരുത്. ഇത് തുരുമ്പിന് കാരണമാകും. ചെറിയ തുരുമ്പ് വ്യാപിക്കാനും ഇത് ഇടയാക്കും.
- ചെളി അടിഞ്ഞുകൂടുന്നതിനാല്‍ ഡിസ്‌ക് ബ്രേക്കുള്ള ഇരുചക്ര വാഹനം കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ ബ്രേക്കിങ്ങ് സംവിധാനത്തിന് കേടുപാടുണ്ടാകും. യാത്ര തുടങ്ങുന്നതിന് മുമ്പ് എല്ലാ ദിവസവും ബ്രേക്ക് പരിശോധിക്കുന്നത് ഉത്തമം. ബ്രേക്ക് ഫ്‌ളൂയിഡ് കൃത്യമായി ചേഞ്ച് ചെയ്യണം. ലീക്ക് ഇല്ലെന്നും ഉറപ്പുവരുത്തുക.
- മഴക്കാലത്ത് റോഡരികിലും മരത്തിന് ചുവട്ടിലും വാഹനം പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണം. മരക്കൊമ്പോ മറ്റോ വണ്ടിക്കു മുകളില്‍ വീഴാന്‍ സാധ്യത കൂടുതലാണ്. മഴ കൊള്ളാത്ത പാര്‍ക്കിങ് ഷെല്‍ട്ടറുകളില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രദ്ധിക്കുക.
- എളുപ്പത്തില്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടാത്ത ഷാസിക്കടിയില്‍ ആന്റി-റസ്റ്റ് പെയ്റ്റ് ചെയ്യാം. ബോഡി കളര്‍ നിലനിര്‍ത്താന്‍ വാക്‌സ് കോട്ടിങ് ചെയ്യുന്നതും നല്ലതാണം.
- വണ്ടിയുടെ മുകളില്‍ വീഴുന്ന ഇലകളും മറ്റും പെട്ടെന്നുതന്നെ എടുത്തുകളയണം. ഇല്ലെങ്കില്‍ ഇത് ബോഡിയില്‍ പറ്റിപ്പിടിച്ച് നിറം മങ്ങാന്‍ ഇടയാക്കും.
- കാറുകളില്‍ മഴയത്ത് സൈഡ് ഗ്ലാഡ് പൂര്‍ണമായും ഉയര്‍ത്തിയിടണം. ഇല്ലെങ്കില്‍ സീറ്റും മറ്റും മഴവെള്ളം തട്ടി കേടുവരും. കഴിയുമെങ്കില്‍ സൈഡ് ഗ്ലാസില്‍ റെയിന്‍ ഗാര്‍ഡ് ഘടിപ്പിക്കുന്നതും നല്ലതാണ്.
- റോഡില്‍ വ്യക്തമായ വെളിച്ചം നല്‍കാന്‍ ഹെഡ്‌ലാംമ്പ് വ്യത്തിയായി സൂക്ഷിക്കാം. ഹെഡ്‌ലാംമ്പ് ഗ്ലാസിന് മങ്ങലുണ്ടെങ്കില്‍ വൈറ്റ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് തുടച്ച് തിളക്കം വീണ്ടെടുക്കാം. ടേണ്‍ ഇന്‍ഡികേറ്ററും ടെയില്‍ ലെറ്റും പ്രവര്‍ത്തന യോഗ്യമാണെന്ന് ഉറപ്പുവരുത്തണം.
- തേഞ്ഞ ടയര്‍ നിര്‍ബന്ധമായും മാറ്റി പുതിയത് ഫിറ്റ് ചെയ്യുക. ടയര്‍ പ്രഷര്‍ ഇടക്കിടെ പരിശോധിച്ച് പര്യാപ്തമാണെന്ന് ഉറപ്പുവരുത്തുക. എപ്പോഴും ഒരു സ്‌പെയര്‍ ടയര്‍ കാറില്‍ സൂക്ഷിക്കുന്നതും നല്ലതാണ്.
- വൈപ്പര്‍ ക്ലീന്‍ ആയി സൂക്ഷിക്കുക. പൊടിയു മറ്റും പറ്റിപിടിച്ചിരിക്കുന്ന ഗ്ലാസില്‍ വെള്ളം ഒഴിക്കാതെ വൈപ്പര്‍ ഓണ്‍ ചെയ്യരുത്.
- ഫ്‌ളോറില്‍ കാര്‍പെറ്റ് ഉപയോഗിക്കുന്നത് കാര്‍ വൃത്തിയാക്കി സൂക്ഷിക്കാന്‍ സഹായിക്കും. വലിയ ടൗവ്വല്‍ വിരിച്ച് സീറ്റും കവര്‍ ചെയ്യുന്നത് നന്നാകും.
- ബാറ്ററി ടെര്‍മിനലുകളില്‍ പെട്രേളിയം ജെല്ലി പുരട്ടാന്‍ മറക്കരുത്, ടെര്‍മിനലുകളില്‍ അടിഞ്ഞുകൂടുന്ന തുരുമ്പ് ഇഗ്‌നിഷനെ ബാധിക്കും.
- പെട്രോള്‍ ടാങ്കില്‍ വെള്ളം കയറാതെ നോക്കണം. പ്രത്യേകിച്ച് ബൈക്കുകള്‍ക്ക്, ടാങ്ക് കവര്‍ ഉപയോഗിക്കുന്നത് നന്നാകും.
Read More; മഴക്കാലമെത്തി; വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Content Highlights; How to Take Care of Your Vehicle in Monsoon