വിലകൂടിയ ഇരുചക്രവാഹനങ്ങളുടെ വന്‍ കടന്നുകയറ്റമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ കാണാന്‍ കഴിയുക. പുതിയ മോഡലുകള്‍ പ്രായഭേദമെന്യേ ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. അതിന്റെകൂടെ ഒരു മോഡിഫിക്കേഷന്‍ കൂടി ആയാലോ! ഉഷാര്‍. ഞാന്‍ ഇവിടെ പറയുന്നത് എന്റെ അനുഭവത്തില്‍നിന്നുള്ള ഒരു ഡസന്‍ രോഗികളെക്കുറിച്ചാണ്.
Read This; ഡിസ്‌ക് ബ്രേക്ക്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എല്ലാം 15-നും 30-നും ഇടയില്‍ പ്രായമുള്ളവര്‍. രണ്ടുവര്‍ഷത്തില്‍ അധികമായി ഇത്തരം ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവരാണ്. എല്ലാവരും ബൈക്ക് വൃത്തിയാക്കുന്നതിനിടയില്‍ കൈയില്‍ പരിക്കേറ്റവരാണ്. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അറിയാന്‍കഴിഞ്ഞത് ഇവര്‍ ഇരുചക്ര വാഹനത്തിന്റെ ചെയിന്‍ ക്ലീന്‍ചെയ്യുന്നത് എന്‍ജിന്‍ ഓണ്‍ ആക്കിയിട്ടാണത്രേ. അപകടം പറ്റിയവരുടെ കൈവിരലുകള്‍ വാഹനത്തിന്റെ ചെയിനില്‍ കുടുങ്ങി വലിഞ്ഞുപോയത്രേ. കൂടുതല്‍ പേരുടെയും വിരലിന്റെ അറ്റം ഛേദിക്കപ്പെട്ട അവസ്ഥയിലായിരുന്നു. രണ്ടുരോഗികളുടെ വിരല്‍ത്തുമ്പുകള്‍ ഞങ്ങള്‍ മൈക്രോവാസ്‌കുലാര്‍ ശസ്ത്രക്രിയയിലൂടെ തിരിച്ചുപിടിപ്പിച്ചു. മറ്റുള്ളവരുടേതാകട്ടെ തിരിച്ചുവയ്ക്കാന്‍ പറ്റുന്നതിനപ്പുറം ചതഞ്ഞുപോയിരുന്നു. അവര്‍ക്ക് മാംസം മാറ്റിവയ്ക്കുന്ന ഫ്ലാപ്പ് സര്‍ജറി നടത്തി.
Read This; ഒരു ലിറ്റര്‍ വെള്ളം ഉപയോഗിച്ച് എങ്ങനെ കാര്‍ കഴുകാം

വിരല്‍ത്തുമ്പുകള്‍ എല്ലാ ജോലികൾക്കും പ്രധാനപ്പെട്ടതായതിനാല്‍ അവയ്ക്കുണ്ടാകുന്ന ഏതുവൈകല്യവും വലിയ പ്രശ്‌നമാണ്. ഏതുവിധേനയും ഇത്തരം അപകടങ്ങള്‍ ഒഴിവാക്കേണ്ടതാണ്. അഥവാ ചെയിന്‍ വൃത്തിയാക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ താഴെപ്പറയുന്ന രീതിയില്‍ ചെയ്യുക.
Read This; ഈ പത്ത് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇന്ധനക്ഷമത വര്‍ധിപ്പിക്കാം
# ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

- ചെയിന്‍ വൃത്തിയാക്കുമ്പോള്‍ എപ്പോഴും ബൈക്ക് സെന്റര്‍ സ്റ്റാന്‍ഡില്‍ ഇടുക.
- ക്ലീന്‍ചെയ്യുന്ന ബ്രഷ് ഉപയോഗിച്ച് കാണാവുന്ന ഭാഗം വൃത്തിയാക്കുക.
- എന്‍ജിന്‍ ഓണ്‍ ചെയ്യുന്നതിനു പകരം പതുക്കെ പിറകിലുള്ള ചക്രംതിരിച്ച് ബാക്കിയുള്ള ഭാഗം വൃത്തിയാക്കുക.
- ഒരിക്കലും എന്‍ജിന്‍ ഓണ്‍ ചെയ്ത് ചെയിന്‍ വൃത്തിയാക്കരുത്.
കണ്‍സള്‍ട്ടന്റ് പ്ലാസ്റ്റിക് സര്‍ജന്‍ ആസ്റ്റര്‍ മിംസ്, കോഴിക്കോട്
Content Highlights; How To Clean Motorcycles Chain Safely