വാഹന വായ്പ പലരും നല്‍കും. വാഹന ഡീലര്‍ തന്നെ വായ്പ ഏര്‍പ്പാടാക്കിത്തരും. ബാങ്കുകളില്‍നിന്ന് എടുക്കാം. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ചിട്ടിക്കമ്പനിയില്‍ നിന്നും വായ്പ കിട്ടും. ഇതില്‍ ഏതാണ് നിങ്ങള്‍ക്ക് അനുയോജ്യം. കേരളത്തില്‍ കാര്‍ വാങ്ങുന്നവരില്‍ 90 ശതമാനം ആളുകളും വായ്പയെടുത്ത് വാങ്ങുന്നവരാണ്. ഏതു കാര്‍ വാങ്ങണം എന്ന കാര്യത്തില്‍ നന്നായി ഗൃഹപാഠം ചെയ്യും. പല കാറുകളും ടെസ്റ്റ് ഡ്രൈവ് പലവട്ടം നടത്തി ഉറപ്പാക്കും. അതിനുശേഷം കാര്‍ തീരുമാനിച്ച് ഡീലര്‍ പറയുന്നിടത്തൊക്കെ ഒപ്പിടും. വായ്പ ആരില്‍ നിന്നെടുക്കണം എന്ന കാര്യത്തില്‍ യാതൊരു ഗൃഹപാഠവും ചെയ്യില്ല. കാര്‍ തിരഞ്ഞെടുക്കാന്‍ കാണിക്കുന്ന അതേ ജാഗ്രത കാര്‍ ഫിനാന്‍സ് തിരഞ്ഞെടുക്കുന്നതിലും കാട്ടണം.
കുറഞ്ഞ പലിശ നിരക്ക് നല്‍കുന്ന ബാങ്കുകള്‍ ഏതെന്ന് കണ്ടുപിടിക്കുക. ഏറ്റവും കൂടുതല്‍ തുക വായ്പ നല്‍കുന്നത് ആരൊക്കെയെന്നും അന്വേഷിച്ച് കണ്ടുപിടിക്കുക. കുറഞ്ഞ പ്രോസസിങ് ഫീസ് ഈടാക്കുന്നത് ആരെന്നു കൂടി അറിയുക. ഇതെല്ലാം മനസ്സിരുത്തി മനസ്സിലാക്കി നിങ്ങള്‍ക്ക് തൃപ്തികരമായ ബാങ്ക് അല്ലെങ്കില്‍ ധനകാര്യ സ്ഥാപനത്തെ തിരഞ്ഞെടുക്കുക.
നിങ്ങളുടെ വാഹന ഡീലര്‍ക്ക് ഏതെങ്കിലും ധനകാര്യ സ്ഥാപനവുമായി കൂട്ടുകെട്ട് ഉണ്ടാകും. ഇവരുമായി വിലപേശുക. നേരത്തെ അന്വേഷിച്ചു കണ്ടുപിടിച്ച കുറഞ്ഞ പലിശ നിരക്ക്, വായ്പാ തുക, പ്രോസസിങ് ഫീസ് എന്നിവയില്‍ വായ്പ തരാന്‍ ആവശ്യപ്പെടാം. കിട്ടുമെങ്കില്‍ അവിടെ നിന്ന് എടുക്കുക. അല്ലെങ്കില്‍ കുറഞ്ഞ നിരക്ക് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ബാങ്കില്‍നിന്നോ സ്ഥാപനത്തില്‍ നിന്നോ എടുക്കാം. കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്തശേഷം പ്രീ ഇ.എം.ഐ. വാങ്ങുന്നവരുണ്ട്. അതേപോലെ കൂടുതല്‍ പ്രോസസിങ് ഫീസ് ഈടാക്കുന്നവരും. ഇത്തരം കാര്യങ്ങള്‍ ജാഗ്രതയോടെ പരിശോധിച്ചിരിക്കണം.
കൈയില്‍ പണം കിട്ടുമ്പോള്‍ ഒരുമിച്ച് അടച്ച് വായ്പ ക്ലോസ് ചെയ്യാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ ഒരു കാര്യം വായ്പ എടുക്കുമ്പോഴേ ഉറപ്പാക്കണം. ഇങ്ങനെ വായ്പ ഇടയ്ക്ക് വച്ച് ക്ലോസ് ചെയ്യുന്നതിന് ചില സ്ഥാപനങ്ങള്‍ പിഴ ഈടാക്കാറുണ്ട്. അത്തരമൊരു വ്യവസ്ഥ ഇല്ല എന്നുറപ്പാക്കണം. ചില ബാങ്കുകള്‍ അവശേഷിക്കുന്ന തുകയുടെ അഞ്ച് ശതമാനം വരെ പ്രീ ക്ലോഷര്‍ ചാര്‍ജ് ആയി ഈടാക്കാറുണ്ട്. ചില ബാങ്കുകള്‍ ആദ്യത്തെ ഒരു വര്‍ഷം പ്രീ ക്ലോഷറിന് അനുവദിക്കുകയേ ഇല്ല. തിരിച്ചടവ് ശേഷി ഭദ്രമാണെങ്കില്‍ കഴിയുന്നത്ര കുറഞ്ഞ വായ്പാ കാലയളവ് സ്വീകരിക്കുക. വായ്പ ഹ്രസ്വകാലത്തേക്ക് ആണെങ്കില്‍ ഇ.എം.ഐ. കൂടുതലായിരിക്കും എന്നതും മറക്കാതിരിക്കുക. പക്ഷേ മൊത്തം തിരിച്ചടവ് കുറയുമെന്ന നേട്ടമുണ്ട്.
പല കാര്‍ നിര്‍മാതാക്കളും സ്വന്തമായി നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികള്‍ തന്നെ സ്ഥാപിച്ച് വാഹന ഉടമകള്‍ക്ക് വായ്പ നല്‍കുന്നുണ്ട്. പല ആകര്‍ഷക വാഗ്ദാനങ്ങളും ഇവര്‍ നല്‍കും. അതില്‍ പ്രധാനപ്പെട്ടതാണ് പൂജ്യം ശതമാനം പലിശ എന്നത്. ഇത്തരം വായ്പകള്‍ എടുത്താല്‍ സാധാരണ കസ്റ്റമേഴ്സിനു കിട്ടുന്ന ഡിസ്‌കൗണ്ടില്‍ പലതും ലഭിച്ചുവെന്നുവരില്ല. കൂടിയ നിരക്ക് പ്രോസസിങ് ഫീസായി ഈടാക്കിയേക്കാം. പ്രീ ഇ.എം.ഐ.യും ചോദിച്ചു എന്നുവരാം. ഇതെല്ലാം നല്‍കേണ്ടിവന്നാല്‍ പലിശരഹിത വായ്പയുടെ ഒരു പ്രയോജനവും നിങ്ങള്‍ക്ക് ലഭിക്കില്ല എന്നത് മറക്കരുത്. കാര്‍ ഡീലറുടെ അടുത്തുനിന്നാണ് വായ്പയും എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യം രണ്ടും കൂട്ടിക്കുഴയ്ക്കരുത്. ആദ്യം വാഹനത്തിന്റെ വില, അക്‌സസറീസ്, ഇന്‍ഷുറന്‍സ് എന്നിവയുടെ കാര്യത്തില്‍ നന്നായി വിലപേശി ആകര്‍ഷകമായ വില നേടുക. ഇതിനുശേഷം മാത്രം വായ്പയുടെ കാര്യത്തില്‍ വിലപേശല്‍ നടത്തുക.
(പ്രമുഖ ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റായ ലേഖകന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഉദ്യോഗസ്ഥനാണ്. ഇ-മെയില്‍: jayakumarkk8@gmail.com)
Content Highlights; How to choose the perfect car loan