രോ കാലാവസ്ഥയിലും വാഹന പരിചരണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. പുറത്തും വാഹനത്തിനുള്ളിലും മറ്റും ചെറിയൊരു ശ്രദ്ധ ചെലുത്തിയാല്‍ മാറാവുന്ന പ്രശ്‌നമേയുള്ളു. ചൂടിനൊപ്പം പൊടി കൂടിയുണ്ടെങ്കില്‍ വാഹനത്തിന്റെ പുതുമ പെട്ടെന്ന് നഷ്ടപ്പെടും. ചൂടുകാലത്ത് വാഹന പരിചരണത്തില്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍:

പൊടി സൂക്ഷിക്കുക

വാഹനത്തിന്റെ ഉള്‍ഭാഗം വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ഇരുമ്പുകൊണ്ട് നിര്‍മിച്ച ഒരു കൂടാണ് കാര്‍. കാലാവസ്ഥാ മാറ്റം എപ്പോഴും പെട്ടെന്ന് ബാധിക്കും. കൊടുംവെയിലില്‍ നിര്‍ത്തിയിട്ടാല്‍ പൊള്ളും. അകത്ത് പൊടിയും മറ്റും അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ എ.സി. ഓണ്‍ ചെയ്യുമ്പോള്‍ ഈ പൊടിയും എ.സി. വെന്റിലേക്ക് വലിച്ചെടുക്കും.

ഇത്തരത്തില്‍ കുറേ ആവര്‍ത്തിച്ചാല്‍ ഇവാപ്പറേഷന്‍ യൂണിറ്റ് അടയും. എ.സി. ഫില്‍റ്റര്‍ ഒരു പരിധി വരെ പൊടി തടയുമെങ്കിലും ശാശ്വതമല്ല. എ.സി. വെന്റില്‍ ഈര്‍പ്പവും ഉള്ളതിനാല്‍ ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളും ഇന്റീരിയറില്‍ ഉണ്ടാകും. ഇവ പലവിധ അസുഖങ്ങള്‍ക്കും അലര്‍ജി, വിട്ടുമാറാത്ത തുമ്മല്‍ എന്നിവയ്ക്കും കാരണമായേക്കാം.

വൈപ്പറിനെ നോക്കുക

മുന്നിലെ ചില്ലില്‍ പൊടി പറ്റിയിരിക്കുമ്പോള്‍ നേരിട്ട് വൈപ്പര്‍ ഉപയോഗിക്കാതിരിക്കുക. ദീര്‍ഘനേരം പാര്‍ക്ക് ചെയ്യേണ്ടി വന്നാല്‍ വൈപ്പര്‍ പൊക്കിവയ്ക്കുക. ചൂടത്ത് വൈപ്പറിലെ റബ്ബര്‍ ഘടകം ചില്ലിന്റെ ചൂടുകാരണം ഒട്ടിപ്പിടിക്കാന്‍ സാധ്യതയുണ്ട്.

പെട്ടെന്ന് വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ചില്ലില്‍ ഉരഞ്ഞ് പാടുകള്‍ വരും. ചില്ലില്‍ പൊടിയുണ്ടെങ്കില്‍ ആദ്യം വെള്ളമൊഴിച്ച് പൊടി നീക്കിയശേഷം മാത്രം വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കുക. വിന്‍ഡ്ഷീല്‍ഡ് സൊല്യൂഷന്‍ നിറച്ചുവയ്ക്കാനും ശ്രദ്ധിക്കുക.

ടയറിനെ നോക്കണേ

മഴക്കാലത്ത് മൊട്ട ടയറുകള്‍ പണിതരുമെങ്കില്‍, വേനലില്‍ ചൂടുകൂടി ഉരഞ്ഞ് പൊട്ടിപ്പോകുന്നതാണ് പ്രശ്‌നം. കാര്‍ നിര്‍മാതാക്കള്‍ പറയുന്ന ടയര്‍ മര്‍ദം നിലനിര്‍ത്തുക. ഇടയ്ക്ക് പരിശോധിക്കുക. ടയറില്‍ 'നൈട്രജന്‍ ഗ്യാസ്' നിറയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. സാധാരണ വായുവില്‍ എല്ലാത്തരം വാതകങ്ങളും ഈര്‍പ്പവും പൊടിയുമെല്ലാം അടങ്ങിയിട്ടുള്ളതിനാല്‍ പെട്ടെന്ന് ചൂടാകും. ഭാരവും കൂടുതലാണ്. നൈട്രജന് ഭാരം കുറവാണ്.

നിറം മങ്ങാതിരിക്കാന്‍

പൊടിപിടിച്ച വണ്ടി തുടയ്ക്കരുത്. ആദ്യം വെള്ളം ഉപയോഗിച്ച് പൊടി കഴുകിക്കളയണം. വണ്ടി ചൂടാവാതിരിക്കാന്‍ മരത്തിനു താഴെ പാര്‍ക്ക് ചെയ്താല്‍ പക്ഷിക്കാഷ്ഠം ഗാരന്റിയാണ്. ഇതു പെട്ടെന്ന് കഴുകിക്കളഞ്ഞില്ലെങ്കില്‍ ആ ഭാഗം നിറം മങ്ങും. ടെഫ്‌ളോണ്‍ കോട്ടിങ്, പോളിമര്‍ കോട്ടിങ് തുടങ്ങിയവ ചെയ്താല്‍ ഈ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ തടയാം.

Content Highlights: Four methods to keep your car cabin cool in the summer