പ്രളയം കഴിഞ്ഞു, നമ്മള്‍ അതിജീവനത്തിന്റെ പാതയിലാണ്. പ്രളയംബാധിച്ച ജില്ലകളിലെ വാഹനങ്ങളെ ജീവന്‍ വയ്പിക്കുകയെന്നത്‌ തീര്‍ച്ചയായും ബുദ്ധിമുട്ടേറിയ പ്രവൃത്തിതന്നെയാണ്. വിവിധ കമ്പനികള്‍ ഇതിന് സജ്ജമായി കഴിഞ്ഞു. അവരുടെ സര്‍വീസ് സെന്ററുകളിലെല്ലാം അതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എങ്കിലും നമ്മള്‍ ചെയ്യേണ്ട ചില പ്രാഥമിക പരിശോധനകളുണ്ട്. ചില വാഹനങ്ങള്‍ നമുക്ക് തന്നെ വൃത്തിയാക്കിയെടുക്കാന്‍ കഴിയും. ചിലത് അതിന് കഴിഞ്ഞെന്ന് വരില്ല. അങ്ങനെയുള്ളവയെക്കുറിച്ച് പരിശോധിക്കാം.

വാഹനത്തിന്റെ ടയറിനു മുകളിലാണ് വെള്ളമെങ്കില്‍ എന്‍ജിന്‍ വെള്ളത്തിലായിരിക്കും. അതിനാല്‍ ഒരിക്കലും സ്റ്റാര്‍ട്ടാക്കരുത്. കെട്ടിവലിച്ചു വേണം അത് സര്‍വീസ് സെന്ററുകളിലെത്തിക്കാന്‍. എന്‍ജിനകത്തോ, ഇന്ധന സംവിധാനത്തിലോ, ഗിയര്‍ബോക്‌സിലോ വെള്ളം കടന്നിട്ടുണ്ടെങ്കില്‍ കാര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ സ്ഥിതിഗതികള്‍ വഷളാകും. അതോടൊപ്പം ഇന്‍ഷുറന്‍സ് ലഭിക്കാനുള്ള സാധ്യത കുറയും. കാരണം ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥന്‍ വന്ന് പരിശോധിച്ചതിനു ശേഷായിരിക്കും ക്ലെയിം പാസാക്കുക. അവരുടെ സാങ്കേതിക പരിശോധനയില്‍ എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കിയോ എന്നറിയാം.

വണ്ടിയില്‍ ചെളി കയറിയാലും ഉടന്‍ തന്നെ സര്‍വീസ് സെന്ററുമായി ബന്ധപ്പെടണം. കാറില്‍ വെള്ളം കയറിയാല്‍ ഇരുമ്പ് ഭാഗങ്ങളില്‍ പെട്ടെന്നു തുരുമ്പെടുത്തു തുടങ്ങും. പെട്ടെന്നു തന്നെ നടപടികള്‍ കൈക്കൊള്ളണം.

വെള്ളം കയറിയ വാഹനത്തിനുള്ളില്‍ പെട്ടെന്നു തന്നെ കയറരുത്. ഡോറുകളും ഡിക്കിയും കുറച്ചു നേരം തുറന്നു വെയ്ക്കണം. അകത്തളം വൃത്തിയാക്കുമ്പോള്‍ ഫ്‌ലോര്‍മാറ്റുകളും സീറ്റുകളും കുതിര്‍ന്നിരിക്കുകയാണോയെന്നു ആദ്യം പരിശോധിക്കണം. 

ഉള്ളില്‍ തളംകെട്ടി നില്‍ക്കുന്ന വെള്ളം പുറത്തുകളയുകയാണ് ആദ്യത്തെ നടപടി. തുണി ഉപയോഗിച്ച് വെള്ളം പിഴിഞ്ഞെടുക്കാം. ചില കാറുകളില്‍ വെള്ളം പുറത്തു കടക്കാനുള്ള പ്രത്യേക ഡ്രെയിനേജ് തുളകള്‍ അടിയിലുണ്ടാകും. ഇവ കണ്ടെത്തി തുറന്നുവിട്ടാല്‍ വെള്ളം വലിയ അളവില്‍ എളുപ്പം പുറത്തുപോകും. ഉണങ്ങിയ തുണി ഉപയോഗിച്ച് നനഞ്ഞ സീറ്റുകള്‍ക്കിടയില്‍ നിന്നും ആംറെസ്റ്റുകളില്‍ നിന്നും സെന്റര്‍ കണ്‍സോളില്‍ നിന്നും വെള്ളം ഒപ്പിയെടുക്കാം. മാറ്റുകളും സീറ്റുകളും ഉള്‍പ്പെടെ അകത്തളത്തില്‍ നിന്ന് ഊരിമാറ്റാന്‍ കഴിയുന്നതെല്ലാം ഈ അവസരത്തില്‍ പുറത്തെടുക്കുന്നതില്‍ തെറ്റില്ല.

ഉള്ളിലേക്ക് കൂടുതല്‍ വായു കടത്തിവിടുക, ഉള്ളിലെ വെള്ളം മുഴുവന്‍ ഒപ്പിയെടുക്കാന്‍ കഴിഞ്ഞാലും അകത്തളത്തില്‍ ഈര്‍പ്പം തങ്ങിനില്‍ക്കും. അതുകൊണ്ടു വിന്‍ഡോ താഴ്ത്തി കാറ്റും വെളിച്ചവും പരമാവധി ഉള്ളിലേക്ക് കടത്തി വിടുക. വായു സഞ്ചാരം കൂടുമ്പോള്‍ ഉള്ളിലെ ഈര്‍പ്പം പതിയെ കുറയും. ഇതിനായി വാഹനത്തിനകത്തെ ഹീറ്റര്‍ ഉപയോഗിക്കാം. വെള്ളം കയറിയിട്ടുണ്ടെങ്കില്‍ അകത്തളത്തിലെ ഫ്‌ലോര്‍മാറ്റുകള്‍ മാറ്റുന്നതാണ് ഉചിതം. ഇനി കാര്‍ വീണ്ടെടുക്കാനാവാത്തവിധം നനഞ്ഞിട്ടുണ്ടെന്നു തോന്നിയാല്‍ ഉടനടി ഡീലറെ സമീപിക്കുക. 

More Info - പ്രളയത്തില്‍പ്പെട്ട വാഹനത്തിന്റെ ഇന്‍ഷുറന്‍സ് എങ്ങനെ ക്ലെയിം ചെയ്യാം - വീഡിയോ കാണുക