ഡ്രൈവിങ് പഠിച്ചു ടെസ്റ്റ് പാസ്സായാല്‍ ലൈസന്‍സ് കിട്ടും. ലൈസന്‍സ് കിട്ടിയാല്‍ വണ്ടിയുമായി റോഡിലിറങ്ങാം. എന്നാല്‍, ഗിയര്‍ വലിച്ചു പറിച്ചും ഇരപ്പിച്ചും ക്‌ളച്ച് കാല്‍വെയ്ക്കാനുള്ള ഇടമാക്കിയുമൊക്കെയുള്ള ഡ്രൈവിങ് പണിതരും. സ്വന്തം വണ്ടിയാണെങ്കില്‍ വളരെ വേഗത്തിലാവും പണിയെന്നു മാത്രം.

ഡ്രൈവിങ്ങിന് ഓരോരുത്തര്‍ക്കും അവരുടേതായ രീതികളുണ്ട്. അത് ഇരിപ്പുതൊട്ട് സ്റ്റിയറിങ് പിടിക്കുന്നതില്‍വരെ പ്രതിഫലിക്കും. കാര്‍ ഒരു യന്ത്രമാണ്. അതിനുവേണ്ട പരിചരണവും പരിപാലനവും നല്‍കിയില്ലെങ്കില്‍ വഴിയില്‍ കിടക്കുക മാത്രമല്ല, പോക്കറ്റും കാലിയാവും. ആദ്യമാദ്യം ചെറിയ പ്രശ്നങ്ങളാകും കാണിക്കുക, അതു ശ്രദ്ധിച്ചില്ലെങ്കില്‍ കഷ്ടത്തിലാവും. ഈ അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ രക്ഷപ്പെടാം.

അധികം ആക്സിലേറ്ററില്‍ ചവിട്ടി കളിക്കേണ്ട

വെറുതെ ആക്സിലേറ്ററില്‍ കാലമര്‍ത്തി വണ്ടിയെ ഇരപ്പിക്കല്‍ ചിലര്‍ക്കൊരു ഹരമാണ്. എന്നാല്‍, പുതിയ കാറുകളില്‍ ഇതു പണിയാവും. ഒരു വാഹനത്തിന്റെ എന്‍ജിനുകള്‍ കൃത്യമായി പ്രവര്‍ത്തിക്കാനുള്ള ആര്‍.പി.എമ്മുകളുണ്ട്. അതു നിര്‍മാതാക്കള്‍ പറഞ്ഞിട്ടുണ്ടാവും. ആര്‍.പി എം. മീറ്ററിലെ ചുവന്ന വരയാണ് ആ ലക്ഷമണരേഖ. അതും കഴിഞ്ഞു സൂചി നീങ്ങിയാല്‍ എന്‍ജിനു നല്ലതല്ല. പ്രത്യേകിച്ചും സ്റ്റാര്‍ട്ടാക്കിയ ഉടനെ.

ആ സമയത്ത് എന്‍ജിനില്‍ ഓയിലെത്തി പതം വന്നിട്ടുണ്ടാവില്ല. പെട്ടെന്ന് എന്‍ജിന്‍ ചൂടാക്കുന്നതു ദോഷം ചെയ്യും. എന്‍ജിന്‍ ശരിയായ താപനിലയിലേക്ക് എത്തിച്ചേരാനുള്ള സമയം കൊടുക്കണം. അതിനാല്‍ സ്റ്റാര്‍ട്ടാക്കിയ ഉടന്‍ ആക്സിലേറ്റര്‍ കൊടുത്തു ഇരപ്പിക്കാതിരിക്കുക.

ഗിയര്‍ ഡൗണ്‍ ചെയ്യാതെ വാഹനമോടിക്കരുത്

ഓരോ വാഹനത്തിലും ക്യത്യമായ ഗിയര്‍ റേഷ്യോകളുണ്ടാകും. അതനുസരിച്ചു ഗിയര്‍ മാറ്റിയാലേ വാഹനം മികവോടെ ഓടൂ. പുതിയ വാഹനങ്ങളില്‍ ഗിയര്‍ മാറ്റേണ്ട അവസ്ഥ കൃത്യമായി മീറ്ററില്‍ കാണിക്കുന്നുണ്ട്. അതനുസരിച്ച് ഗിയര്‍ മാറ്റിക്കൊടുക്കണം. പണ്ടത്തെ വണ്ടികളില്‍ ഇതുണ്ടാവില്ല. അതിനാല്‍ വണ്ടിയുടെ വലിമുട്ടുന്ന അവസ്ഥ തോന്നുമ്പോള്‍ ഗിയര്‍ മാറ്റുകയാണു വേണ്ടത്.

എന്നാല്‍, വേഗം കുറഞ്ഞാലും ഡൗണ്‍ ചെയ്യാതെ വാഹനമോടിച്ചാല്‍ മൈലേജ് കിട്ടുമെന്ന മിഥ്യാധാരണയില്‍ പലരും വണ്ടിയെ കഴിയുന്നത്ര വലിപ്പിക്കും. മികച്ച ഇന്ധനക്ഷമതയും വേഗവും ലഭിക്കുന്നതു വാഹനം ടോപ് ഗിയറില്‍ ഓടിക്കുമ്പോഴാണ് എന്നത് ഒരു പരിധിവരെ ശരിയാണ്. എന്നാല്‍ വേഗം കുറഞ്ഞാലും ടോപ്ഗിയറില്‍ വലിപ്പിക്കുന്നതു ശരിയല്ല. കരുത്തു കൂടുതല്‍ ആവശ്യമുള്ളപ്പോഴും വേഗം കുറയുമ്പോഴും ഗിയര്‍ ഡൗണ്‍ ചെയ്യണം. ഇല്ലെങ്കിലതു എന്‍ജിനെ ബാധിക്കും.

ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കുക

കയറ്റത്തിലെ ബ്‌ളോക്കാണ് പലര്‍ക്കും ഡ്രൈവിങ്ങിലെ പ്രധാന കടമ്പ. കയറ്റത്തില്‍ നിന്നുപോയ വാഹനം പിറകോട്ടുരുളാതെ നിര്‍ത്തുക എന്ന കഠിനപ്രവര്‍ത്തിയാണു പലപ്പോഴും കൈയില്‍നിന്നു പോകുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ അപകടംവരെ വിളിച്ചു വരുത്തുന്നതാണിത്. ന്യൂജെന്‍ വാഹനങ്ങളില്‍ ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് പ്രശ്നം പരിഹരിക്കും. വാഹനം സ്വയം നിന്നോളും, ആക്സിലേറ്റര്‍ കൊടുത്താല്‍ മാത്രമെ മുന്നോട്ടു പോകൂ.

ഇതില്ലാത്ത വാഹനങ്ങളില്‍ പണ്ടു മുതലേ ഡ്രൈവര്‍മാര്‍ പയറ്റുന്നതാണ് ഹാഫ്ക്‌ളച്ചെന്ന പരിപാടി. പകുതി ക്‌ളച്ചും ആക്സിലറേറ്ററും കൊടുത്തു നിര്‍ത്തിയാല്‍ വാഹനം മുന്നോട്ടും പിന്നോട്ടും പോകാതെ നില്‍ക്കും. പിന്നീടു പതുക്കെ ക്‌ളച്ച് വിട്ടാല്‍ വണ്ടി മുന്നോട്ടുപോകും. ഇതു വണ്ടിക്കു നല്ലതല്ല. കുറേനേരം ഇങ്ങനെ നിര്‍ത്തുന്നത് വാഹനത്തിന് കേടു വരുത്തിയേക്കാം. ഇതിനു പകരം ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ചാല്‍ രണ്ടു പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.

ക്ലച്ചും ഗിയറും കാലും കൈയും വെക്കാനുള്ള ഇടമല്ല

ക്‌ളച്ച് കാല്‍വെയ്ക്കാനുള്ള ഇടമല്ല. അനാവശ്യമായി ക്ലച്ച് പെഡലില്‍ കാല്‍ വെയ്ക്കുന്നതു ശരിയായ പ്രവണതയല്ല. ഇങ്ങനെ ചെയ്യുന്നത് അറിയാതെ ക്ലച്ചമര്‍ത്തുന്നതിനു കാരണമാകും. ഇതു ക്ലച്ചിനും ക്ലച്ച് ത്രോഔട്ട് ബെയറിങ്ങിനും തേയ്മാനം വരുത്തിയേക്കാം. കൂടാതെ ഇന്ധനം കൂടുതല്‍ കത്തുന്നതിനും കാരണമാകും.

അതുപോലെ, ഗിയര്‍ ലിവറാണു ചിലര്‍ക്കു കൈവെയ്ക്കാനുള്ള സ്ഥലം. ചെറിയ സ്പര്‍ശനംപോലും ഗിയറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാം. അതിലെ സെന്‍സറുകള്‍ക്കു കേടുവരാനും അതു ഗിയര്‍ ബോക്സിനെ ബാധിക്കാനും ഇടയുണ്ട്.

സര്‍വീസ് മറക്കരുത്

സമയാസമയം പരിചരണം കാറുകള്‍ക്കും വേണം. കമ്പനി പറയുന്ന കൃത്യമായ ഇടവേളകളില്‍ സര്‍വീസ് നടത്താതിരിക്കുന്നത് എന്‍ജിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്ന പ്രധാന ഘടകമാണ്. ഓയില്‍ മാറ്റവും എയര്‍, ഫ്യൂവല്‍ ഫില്‍റ്റര്‍ മാറ്റങ്ങളും പ്രധാനമാണ് അതു കൃത്യമായി നടത്തിയില്ലെങ്കില്‍ വാഹനത്തിന്റെ എന്‍ജിനു പണി കിട്ടും.

Content Highlights: Driving Tips, Good Driving Habits, Be A Good Driver, Car Driving Tips