ഡ്രൈവിങ്ങിനിടെ നമ്മളറിയാതെ വില്ലനായി എത്തുന്ന ഒരു സംഭവമുണ്ട്... 'ബ്‌ളൈന്‍ഡ് സ്‌പോട്ട്' എന്നു പറയും. രാജ്യത്ത് നടക്കുന്ന വാഹനാപകടങ്ങളില്‍ 30 ശതമാനത്തിലധികവും ഈ 'ഇരുണ്ട മൂലകള്‍' മൂലമാണെന്നാണ് കണ്ടെത്തല്‍. വാഹന നിര്‍മാതാക്കള്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നാണിത്. ഇരുണ്ട മൂലകളില്‍ വെളിച്ചമെത്തിക്കാനുള്ള ശ്രമത്തിലാണ് വാഹന നിര്‍മാതാക്കള്‍. 

ഇപ്പോള്‍ വരുന്ന പ്രീമിയം വാഹനങ്ങളില്‍ ക്യാമറകള്‍ ഉപയോഗിച്ചാണ് ഈ പ്രശ്‌നം ഒഴിവാക്കുന്നത്. ചെറിയ വാഹനങ്ങളില്‍ ബ്‌ളൈന്‍ഡ് സ്‌പോട്ട് മിററുകളും പുറമേ നിന്ന് വാങ്ങാന്‍ ലഭിക്കും. ഇതുപയോഗിച്ചും ഒരു പരിധി വരെ അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ കഴിയും. അതേസമയം, അതീവ ശ്രദ്ധതന്നെ വേണം ഡ്രൈവിങ്ങില്‍.

ബ്ലൈന്‍ഡ് സ്‌പോട്ട്

നമ്മുടെ വാഹനത്തിന്റെ തൊട്ടടുത്തെത്തുന്ന മറ്റൊരു വാഹനത്തെ കണ്ണാടിയിലൂടെ കാണാന്‍ സാധിക്കാത്ത സ്ഥലങ്ങളാണ് 'ബ്ലൈന്‍ഡ് സ്‌പോട്ട്'. സാധാരണ നാല് ബ്‌ളൈന്‍ഡ് സ്‌പോട്ടുകളാണുള്ളത്. എ പില്ലറിന്റെ ഇരുവശങ്ങളിലും പിന്നിലെ ചില്ലിന്റെ ഇരുവശങ്ങളിലുമാണ് ഇവ. വശങ്ങളിലെ മിററുകളില്‍ ഈ ഭാഗത്ത് നിന്നാലോ വാഹനങ്ങളെത്തിയാലോ കാണാന്‍ കഴിയില്ല. പിന്നിലെ കാഴ്ചയ്ക്കുള്ള ഉള്ളിലെ മിററില്‍ പിന്നിലെ ബ്‌ളൈന്‍ഡ് സ്‌പോട്ടും മറയും.

ലെയിന്‍ മാറുമ്പോഴും പിന്നോട്ടെടുക്കുമ്പോഴുമൊക്കെയാണ് ഈ അപകട മൂലകള്‍ ശരിക്കും അപകടമുണ്ടാക്കുന്നത്. മിററുകളേയും ക്യാമറകളേയും സെന്‍സറുകളേയും അമിതമായി വിശ്വസിക്കാതിരിക്കുക. വാഹനമെടുക്കുമ്പോള്‍ നാലുവശവും തലതിരിച്ചു നോക്കി ഉറപ്പുവരുത്തിയ ശേഷം മാത്രം പുറത്തേക്കെടുക്കുക. വാഹനങ്ങള്‍ പുറകോട്ടെടുക്കുമ്പോള്‍ പിന്നില്‍ കുട്ടികളില്ലെന്ന് നോക്കി ഉറപ്പുവരുത്തണം. കാരണം, ഏതൊരു വാഹനത്തിനു പിന്നിലും ഡിക്കിക്കും ബോണറ്റിനും താഴ്ഭാഗങ്ങള്‍ ബ്‌ളൈന്‍ഡ് സ്‌പോട്ടാണ്.

Blind Spot
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ഡ്രൈവിങ്ങില്‍ ശ്രദ്ധിക്കാന്‍

1. വാഹനം തിരിക്കുമ്പോഴും ട്രാക്ക് മാറുമ്പോഴും മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴും പിന്നിലും വശങ്ങളിലും വാഹനമില്ലെന്ന് ഉറപ്പാക്കണം. കണ്ണാടികളില്‍ ദൃശ്യമാകാത്ത സ്ഥലങ്ങളില്‍ (ബ്ലൈന്‍ഡ് സ്‌പോട്ട്) ചിലപ്പോള്‍ വാഹനങ്ങളുണ്ടാകാം.

2. ഇടതുവശം ചേര്‍ന്ന് വാഹനമോടിക്കാം. മറി കടക്കേണ്ടത് വലതുവശത്തു കൂടി മാത്രം.

3. വലതുവശത്തു കൂടി മറികടന്നു കഴിഞ്ഞാല്‍ പിന്നിലുള്ള വാഹനം ഒരു വണ്ടിയുടെ അകലത്താണെന്ന് ഉറപ്പാക്കിയ ശേഷമേ ഇടത്തെ ട്രാക്കിലേക്ക് മാറാവൂ. അപ്പോഴും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുകയും ബ്ലൈന്‍ഡ് സ്‌പോട്ടില്‍ വാഹനങ്ങളില്ലെന്ന് ഉറപ്പാക്കുകയും വേണം.

4. ട്രക്ക്, ലോറി, ബസ് തുടങ്ങി വലിയ വാഹനങ്ങളില്‍നിന്ന് അകലം പാലിച്ച് വാഹനമോടിക്കുക. ഉയരത്തിലിരിക്കുന്ന ഡ്രൈവര്‍ക്ക് പലപ്പോഴും ചെറിയ വാഹനങ്ങളെ ശ്രദ്ധ കിട്ടിയെന്നു വരില്ല. ഇവയെ മറികടക്കുമ്പോള്‍ ഹെഡ്ലൈറ്റ് പ്രകാശിപ്പിക്കണം.

5. ബസുകള്‍ മുന്നോട്ടെടുക്കുമ്പോഴും പിന്നോട്ടെടുക്കുമ്പോഴും സഹായി (കണ്ടക്ടര്‍, അറ്റന്‍ഡര്‍) ബ്ലൈന്‍ഡ് സ്‌പോട്ടുകളില്‍ ആളില്ലെന്ന് ഉറപ്പാക്കി ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കണം.

ബ്ലൈന്‍ഡ് സ്‌പോട്ട് മിറര്‍ (ഫിഷ് ഐ മിറര്‍)

കണ്ണാടികളില്‍ പെടാത്ത ഇടങ്ങള്‍ കൂടി ഡ്രൈവര്‍ക്ക് കാണാനുള്ളതാണ് 'ബ്ലൈന്‍ഡ് സ്‌പോട്ട് മിറര്‍' അല്ലെങ്കില്‍ 'ഫിഷ് ഐ മിറര്‍'. ഇവ വശങ്ങളിലെ കണ്ണാടികളിലാണ് ഘടിപ്പിക്കുക. ഇതോടെ ഡ്രൈവറുടെ പിന്‍വശത്തെ കാഴ്ച പരിധി 240 ഡിഗ്രിയായി വര്‍ധിപ്പിക്കാം.

Content Highlights: Drivers Must Be Aware About Dangers Blind Spots Blind Spots