ചുവപ്പ്, പച്ച, മഞ്ഞ, വെള്ള തുടങ്ങിയ നിരവധി നിറങ്ങളില്‍ നമ്പര്‍ പ്ലേറ്റുകള്‍ പതിപ്പിച്ച വാഹനങ്ങളാണ് ഇപ്പോള്‍ നിരത്തുകളില്‍ ഓടുന്നത്. വാഹനങ്ങളില്‍ ഇത്തരത്തില്‍ വ്യത്യസ്ത നിറങ്ങളിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ കാണുമ്പോള്‍ ചിലരിലെങ്കിലും സംശയമുണ്ടായേക്കാം. എന്തിനാണ് വ്യത്യസ്ത നിറങ്ങളിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ വാഹനത്തില്‍ നല്‍കുന്നത് ?. ഒരു വാഹനം ഏത് നിലയ്ക്ക് റോഡില്‍ ഉപയോഗിക്കുന്നു എന്നാണ് നമ്പര്‍ പ്ലേറ്റുകളുടെ നിറത്തിലൂടെ സൂചിപ്പിക്കുന്നത്. 

ഉദാഹരണമായി മഞ്ഞ നിറത്തിലുള്ള ബോര്‍ഡില്‍ കറുപ്പ് നിറത്തില്‍ അക്കങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള വാഹനങ്ങള്‍ ടാക്‌സി/ട്രാന്‍സ്‌പോര്‍ട്ട് ആവശ്യത്തിന് ഉപയോഗിക്കുന്നവയാണ്. അതുപോലെ വെള്ള നിറത്തിലുള്ള ബോര്‍ഡില്‍ കറുപ്പ് നിറത്തില്‍ അക്കങ്ങള്‍ നല്‍കിയിട്ടുള്ള സ്വകാര്യ/നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കാണ്. നമ്മുടെ നിരത്തുകളില്‍ ഏറ്റവുമധികം കാണുന്നത് ഈ രണ്ട് നിറത്തിലുള്ള ബോര്‍ഡുകള്‍ പതിപ്പിച്ചിട്ടുള്ള വാഹനങ്ങളാണ്. 

അടുത്ത കാലത്തായി നിരത്തുകളില്‍ കണ്ടുവരുന്ന ഒന്നാണ് പച്ച നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍. ഇലക്ട്രിക് വാഹനങ്ങളിലാണ് പച്ച നിറത്തിലുള്ള പ്ലാറ്റ് ഉപയോഗിക്കുന്നത്. ഇലക്ട്രിക് നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ പച്ച ബോര്‍ഡില്‍ വെള്ള നിറത്തിലാണ് അക്കങ്ങള്‍ രേഖപ്പെടുത്തുന്നത്. അതേസമയം, പച്ച ബോര്‍ഡില്‍ മഞ്ഞ നിറത്തില്‍ അക്കങ്ങള്‍ എഴുതുന്നത് ഇലക്ട്രിക് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളിലാണ്. പച്ച നിറം ആ വാബനത്തിലെ ഇന്ധനത്തെ സൂചിപ്പിക്കുന്നു.

മഞ്ഞ നിറത്തിലുള്ള ബോര്‍ഡ് ചുവന്ന നിറത്തില്‍ നമ്പര്‍ രേഖപ്പെടുത്തിയാണ് താത്കാലിക രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ നിരത്തുകളില്‍ എത്തുന്നത്. ചുവന്ന നിറത്തിലുള്ള ബോര്‍ഡില്‍ വെള്ള നിറത്തില്‍ അക്കങ്ങള്‍ രേഖപ്പെടുത്തുന്നത്. ട്രേഡ് സര്‍ട്ടിഫിക്കറ്റ് വാഹനങ്ങളിലാണ്. നിയമാനുസൃതമായി വാടകയ്ക്ക് നല്‍കുന്ന വാഹനങ്ങള്‍ക്കും പ്രത്യേകം നമ്പര്‍ പ്ലേറ്റ് അനുവദിച്ചിട്ടുണ്ട്. കറുപ്പ് നിറത്തിലുള്ള ബോര്‍ഡില്‍ മഞ്ഞ നിറത്തില്‍ അക്കങ്ങള്‍ രേഖപ്പെടുത്തിയാണ് ഇത്തരം വാഹനങ്ങള്‍ എത്തുന്നത്. 

ഇനിയുള്ള മൂന്ന് നമ്പര്‍ പ്ലേറ്റുകള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാഹനങ്ങള്‍ക്കും കോണ്‍സുലേറ്റ് വാഹനങ്ങളിലും പ്രസിഡന്റ്/ഗവര്‍ണര്‍ എന്നിവരുടെ വാഹനങ്ങളിലും ഉപയോഗിക്കുന്നവയാണ്. കറുപ്പ് നിറത്തിലുള്ള ബോര്‍ഡില്‍ വെള്ള അക്ഷരത്തിലാണ് പ്രതിരോധ മന്ത്രാലയത്തിലെ വാഹനങ്ങളില്‍ നമ്പര്‍ രേഖപ്പെടുത്തുന്നത്. ഈ നമ്പര്‍ ഒരു ആരോ മാര്‍ക്കോടെ ആയിരിക്കും തുടങ്ങുക. നീലയില്‍ വെള്ള അക്കത്തിലാണ് കോണ്‍സുലേറ്റ്/ഡിപ്ലോമാറ്റ് വാഹനങ്ങളില്‍ നമ്പര്‍. ചുവപ്പ് ബോര്‍ഡില്‍ അശോക സ്തംഭമാണ് ഇന്ത്യന്‍ പ്രസിഡന്റിന്റേയും സംസ്ഥാന ഗവര്‍ണറിന്റെ വാഹനത്തിലെ നമ്പര്‍ പ്ലേറ്റ്.

Content Highlights: Colours Used In Vehicle Number Plate, Vehicle Number Plates