രു വാഹനത്തെ ഉരുട്ടിക്കൊണ്ടുപോകുന്ന വെറുമൊരു വട്ടമല്ല ടയര്‍. ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടുന്ന പലതും അതില്‍ ഒളിച്ചിരിക്കുന്നത്. ആദ്യം ടയറിനെ പഠിക്കാം. ടയറിനെ അറിയാം. വാഹനത്തിന്റെ ടയറുകളില്‍ ബ്രാന്‍ഡിന്റെ പേരും മോഡലിന്റെ പേരും മാത്രമല്ല ചരിത്രം മുഴുവനുണ്ട്. സുരക്ഷിതമായ യാത്രയ്ക്ക് വാഹനത്തിന്റെ ടയറുകള്‍ക്ക് പ്രധാനമായ പങ്കുവഹിക്കാനുണ്ട്. ഇത് സംബന്ധിച്ച ബോധവത്കരണം നല്‍കുകയാണ് കേരളാ പോലീസ്.

ടയറിന്റെ വ്യാസം, ഭാരവാഹശേഷി, എത്ര വേഗം വരെ പോകാം എന്നൊക്കെ കോഡായി ടയറുകളില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ടയറിന്റെ വശങ്ങളില്‍ 195/55R16 87V എന്നൊരു കോഡ് കണ്ടിട്ടുണ്ടാകും. ഇതാണ് ടയറിന്റെ അടിസ്ഥാനവിവരങ്ങള്‍. നിര്‍മിച്ച മാസവും വര്‍ഷവും വരെ അതിലുണ്ട്. ടയറുകള്‍ക്കു കമ്പനി ഒരു കാലയളവ് നിര്‍ണയിച്ചിട്ടുണ്ട് അതില്‍ക്കൂടുതല്‍ പഴക്കമുള്ള ടയറുകളാണെങ്കില്‍ പണികിട്ടിയേക്കാം.

ടയറിന്റെ വശങ്ങളില്‍ നല്‍കിയിട്ടുള്ള ഈ കോഡ്‌നമ്പറില്‍ ആദ്യം നല്‍കിയിട്ടുള്ള വീതി സംബന്ധിച്ച അക്കമാണ്. മുകളില്‍ പറഞ്ഞിട്ടുള്ള കോഡില്‍ ആദ്യം നല്‍കിയിട്ടുള്ള 195 എന്ന നമ്പര്‍ ടയറിന്റെ തറയില്‍ മുട്ടുന്ന ഭാഗത്തിന്റെ വീതി എത്രയാണെന്നാണ് സൂചിപ്പിക്കുന്നത്. രണ്ടാമത്തെ സംഖ്യ ആ വീതിയുടെ എത്ര ശതമാനമാണ് ടയറിന്റെ വശങ്ങളുടെ ഉയരം എന്ന് സൂചിപ്പിക്കുന്നതിനായാണ് നല്‍കിയിട്ടുള്ളത്. ഇവിടെ 55 എന്നാണ് നല്‍കിയിട്ടുള്ളത്. 

അതായത് ടയറിന്റെ വശത്തിന് 195 മില്ലിമീറ്ററിന്റെ 55 ശതമാനം ഉയരമാണുള്ളതെന്നാണ് സൂചിപ്പിക്കുന്നത്. ഉയരവും വീതിയും തമ്മിലുള്ള അനുപാതം എന്ന നിലയില്‍ പറയുന്നതിനാല്‍ തന്നെ ഇതിലെ ആസ്‌പെക്ട് റേഷ്യേ എന്നാണ് വിശേഷിപ്പിക്കുന്നത്. റേഷ്യോ കുറഞ്ഞ ടയറുകള്‍ വളവുകളിലും മറ്റും കൂടുതല്‍ സ്ഥിരത ഉറപ്പാക്കുന്നുണ്ട്. അതേസമയം, റോഡുകള്‍ മോശമായതിനെ തുടര്‍ന്നും മറ്റുമുള്ള പ്രശ്‌നങ്ങള്‍ ടയറിനെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

ടയറിലെ കോഡില്‍ മൂന്നാമതായി കാണുന്നത് ഇംഗ്ലീഷ് അക്ഷരം R ആണ്. ഇത് റേഡിയല്‍ ടയര്‍ ആണെന്നതിന്റെ സൂചനയാണ്. ഇപ്പോള്‍ എത്തുന്ന കാറുകളില്‍ റേഡിയല്‍ ടയറുകളാണ് നല്‍കാറുള്ളത്. അതേസമയം, ക്രോസ് പ്ലൈ, ബയസ് എന്നീ നിര്‍മാണ രീതികളിലുള്ള ടയറുകള്‍ മറ്റ് വാഹനങ്ങളില്‍ നല്‍കാറുണ്ട്. അടുത്ത സംഖ്യ ടയര്‍ ഘടിപ്പിക്കുന്ന റിമ്മിന്റെ സൈസാണ്. ഇഞ്ചിലാണ് ഈ കണക്ക്. 16 എന്ന നല്‍കിയിട്ടുള്ളത് 16 ഇഞ്ച് വലിപ്പമുള്ള വീല്‍ എന്നാണ് കാണിക്കുന്നത്. 

ടയറിലെ കോഡില്‍ ഇനി നല്‍കിയിട്ടുള്ളത് മറ്റൊരു അക്കമാണ്. ഉദാഹരണമായി നല്‍കിയിട്ടുള്ള കോഡില്‍ ഇത് 87 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ടയറിന്റെ ലോഡ് സൂചികയാണ് ഇത് കാണിക്കുന്നത്. സാധാരണ സൂചികയില്‍ 60 മുതല്‍ 110 വരെയാണുള്ളത്. 60 എന്നത് 250 കിലോഗ്രാമിനെയും 110 എന്നത് 1060 കിലോഗ്രാമിനെയും സൂചിപ്പിക്കുന്നു. കാറിനു നാലു ടയറുള്ളതിനാല്‍ ഈ അക്കത്തിനെ നാല് കൊണ്ട് ഗുണിച്ചാല്‍ എത്ര ഭാരം വഹിക്കാമെന്ന് തിരിച്ചറിയാം.

ഏറ്റവുമൊടുവില്‍ ഇംഗ്ലീഷ് അക്ഷരങ്ങളാണ് നല്‍കാറുള്ളത്. പരമാവധി എത്ര വേഗത്തില്‍ വരെ പോകാന്‍ സാധിക്കുമെന്നാണ് ഈ അക്ഷരം സൂചിപ്പിക്കുന്നത്. സാധാരണയായി എ മുതല്‍ വൈ വരെയാണ് രേഖപ്പെടുത്താറുള്ളത്. എ ഏറ്റവും കുറഞ്ഞ വേഗത്തെ സൂചിപ്പിക്കുന്നു. ഇത് മണിക്കൂറില്‍ 40 കി.മീ. വരെയാണ്. വൈ ആണ് ഏറ്റവും ഉയര്‍ന്ന വേഗം കാണിക്കുന്നത്. ഇത് 300 കി.മീ വരെയാണ്. വാഹനത്തിന് അനുസരിച്ച് ഇതില്‍ മാറ്റം വരാറുണ്ട്.

Content Highlights: Code number and alphabets in vehicle tyres, tyre protect, use of tyres, tyre care