കാറുകളുടെയും മറ്റ് വാഹനങ്ങളുടെയും മുന്നിലും പിന്നിലും ബുള്‍ ബാറുകള്‍ ഘടിപ്പിക്കുന്നത് അടുത്തിടെ നിരോധിച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഈ നിര്‍ദേശത്തിനെതിരേ പല മുറുമുറുപ്പുകളും ഉയര്‍ന്നിരുന്നു. എന്നാല്‍, വാഹങ്ങളെ സംബന്ധിച്ച് വില്ലന്‍മാര്‍ തന്നെയാണ് ഈ ബുള്‍ ബാറുകള്‍. ബുള്‍ ബാറിലെ അപകടങ്ങളെ കുറിച്ച് അറിയാം.

കാര്‍ബണ്‍ റീഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് എന്ന കോംബൗണ്ട് ഉപയോഗിച്ചാണ് എല്ലാ വാഹനങ്ങളുടെയും മുന്‍ഭാഗവും പിന്‍ഭാഗവും നിര്‍മിച്ചിരിക്കുന്നത്. കാറുകളുടെ എന്‍ജിന്‍ റൂം വരുന്ന ഭാഗം ക്രംബിള്‍ സോണ്‍ എന്നാണ് അറിയപ്പെടുന്നത്. വാഹനത്തിന്റെ മുന്‍ഭാഗത്തുണ്ടാകുന്ന ആഘാതം ഡ്രൈവര്‍ ക്യാബിനില്‍ എത്താതെ ആ മേഖലയില്‍ അവസാനിക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. 

എന്നാല്‍, മുന്നില്‍ ക്രാഷ് ഗാര്‍ഡ്, ബുള്‍ ബാര്‍ തുടങ്ങിയവ നല്‍കുന്നതോടെ മുന്‍വശം കൂടുതല്‍ ദൃഢമാകും. കാരണം, ബുള്‍ ബാര്‍, ക്രാഷ് ഗാര്‍ഡ് മുതലായവ വാഹത്തിന്റെ ഷാസിലിലാണ് ഉറപ്പിക്കുന്നത്. അതുകൊണ്ട് വാഹനത്തിലുണ്ടാകുന്ന ആഘാതം ഡ്രൈവര്‍ ക്യാബിനിലെത്തും. ഇത് കൂടാതെ ബുള്‍ ബാര്‍ ഒടിഞ്ഞ് ഡ്രൈവര്‍ ക്യാബിനിലെത്താനും ഇടയുണ്ട്.

ഇതിന് പുറമെ, കാല്‍നട യാത്രക്കാരെയോ, ടൂ വീലര്‍ യാത്രക്കാരെയോ ബുള്‍ബാര്‍ ഘടിപ്പിച്ച വാഹനം ഇടിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന പരിക്കും മാരകമായിരിക്കും. ബുള്‍ബാര്‍ ഇല്ലാതെയുള്ള ഇടിയുടെ ആഘാതത്തിന്റെ ഇരട്ടിയായിരിക്കും ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാക്കുന്നത്. 

മുന്‍വശത്ത് മാത്രമല്ല വാഹനങ്ങളുടെ പിന്നിലും ക്രംബിള്‍ സോണ്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ബമ്പറിലുണ്ടാകുന്ന പോറലും മറ്റും ഒഴിവാക്കുന്നതിനായി പിന്നിലും ക്രാഷ് ഗാര്‍ഡും ബുള്‍ബാറുകളും അടുത്തിടെയായി നല്‍കുന്നുണ്ട്. ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നതും നിയമവിരുദ്ധവുമാണ്.