ഇപ്പോള്‍ വാഹനങ്ങളെ സംബന്ധിച്ചിടത്തോളം എ.ബി.എസ്, ഇ.ബി.ഡി. എന്നീ പേരുകള്‍ സര്‍വസാധാരണമാണ്. സുരക്ഷയ്ക്കായി ഇവ വാഹനങ്ങളില്‍ നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. ഇവയെന്തെന്നു നോക്കാം.
എ.ബി.എസ്. (ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം)
നല്ല വേഗത്തില്‍ പോകുന്ന ഒരു വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ എല്ലാ ചക്രങ്ങളിലും ഒരുമിച്ചല്ല വേഗം കുറയുന്നത്. ചില ചക്രങ്ങളില്‍ പെട്ടെന്ന് ബ്രേക്കിങ് ഫോഴ്സ് വരികയും ആ ചക്രം മാത്രം കറങ്ങാതാവുകയും ചെയ്യും. അപ്പോഴാണ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറുന്നത്. ഈ സമയത്ത് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ പൂര്‍ണനിയന്ത്രണം നഷ്ടമാകും. ആന്റി ലോക്ക് ബ്രേക്ക് ഘടിപ്പിച്ച വാഹനത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ വീല്‍ ലോക്കാവില്ല. നിയന്ത്രണം നഷ്ടപ്പെടുകയുമില്ല.
ഒരു ചക്രത്തില്‍ മാത്രം ബ്രേക്കിങ് നടക്കുന്നത് ഒഴിവാക്കുകയാണ് എ.ബി.എസിന്റെ പ്രധാന കര്‍മം. നാലു വീലുകളിലുമുള്ള സെന്‍സറുകളാണ് ഇതിന് പ്രധാന പങ്കുവഹിക്കുന്നത്. പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ ഈ സെന്‍സറുകള്‍ ചക്രങ്ങളുടെ വേഗം കണക്കാക്കും. എ.ബി.എസിന്റെ കണ്ട്രോള് യൂണിറ്റ് അതനുസരിച്ച് വീലുകളിലേക്കുള്ള ശക്തി നിയന്ത്രിക്കുന്നു. അങ്ങനെ എല്ലാ ചക്രങ്ങളുടെയും കറക്കം തുല്യമാക്കുന്നു. അതിനാല്‍ ചക്രങ്ങള്‍ ലോക്ക് ആവില്ല. എ.ബി.എസുള്ള വാഹനങ്ങളില്‍ ബ്രേക്ക് അമര്‍ത്തുമ്പോള്‍ കാലെടുക്കരുത് എന്നു പറയുന്നത് അതുകൊണ്ടാണ്. ബ്രേക്ക് പെഡല്‍ അമര്‍ത്തിപ്പിടിക്കണം. അപ്പോള്‍ കാലില്‍ വിറയല്‍ അനുഭവപ്പെടും. അതില്‍നിന്ന് എ.ബി.എസ്. പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. വീല്‍ ലോക്കാവാന്‍ തുടങ്ങുമ്പോള്‍ മാത്രമേ എ.ബി.എസ്. പ്രവര്‍ത്തിച്ചു തുടങ്ങൂ.
ഇ.ബി.ഡി. (ഇലക്ട്രോണിക് ബ്രേക് ഡിസ്ട്രിബ്യൂഷന്‍)
എ.ബി.എസുമായിച്ചേര്ന്ന് പ്രവര്‍ത്തിക്കുന്ന സുരക്ഷാ സംവിധാനമാണ് ഇ.ബി.ഡി. എന്നറിയപ്പെടുന്നത്. എ.ബി.എസുള്ള ഒട്ടുമിക്ക വാഹനങ്ങളിലും ഇതുമുണ്ടാകും. ചക്രങ്ങളിലേക്ക് ബ്രേക്ക്ഫോഴ്സ് കൃത്യമായി എത്തിക്കുകയാണ് ഇ.ബി.ഡി.യുടെ ധര്‍മം. വാഹനം ഓടുമ്പോള്‍, പ്രത്യേകിച്ച് നിരപ്പല്ലാത്ത പ്രതലത്തില്‍ എല്ലാ ചക്രങ്ങളിലും ഒരേ തരത്തിലുള്ള കരുത്തായിരിക്കില്ല. അതു മനസ്സിലാക്കി പ്രവര്‍ത്തിക്കലാണ് ഇ.ബി.ഡി.യുടെ ദൗത്യം.
ഇ.എസ്.പി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം)
വാഹനത്തിന്റെ നിയന്ത്രണം പോകുമ്പോഴാണ് ഇ.എസ്.പി. തന്റെ റോളെടുക്കുക. പെട്ടെന്ന് വേഗം വര്‍ധിക്കുന്ന സമയത്ത് ചക്രങ്ങളില്‍ അമിതമായി കരുത്തെടുക്കുന്നത് തടയുകയാണ് ഇ.എസ്.പി. ഓരോ ചക്രത്തിലും ഇതു പ്രത്യേകമായാണ് ഘടിപ്പിക്കുന്നത്. സ്റ്റിയറിങ്ങിന്റെ തിരിവിന് ആനുപാതികമായി ചക്രങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ തുടങ്ങുകയോ ചെയ്യുമ്പോഴുമാണ് ഇ.എസ്.പി. പ്രവര്‍ത്തിക്കുക. ഈ സമയം ഓട്ടോമാറ്റിക് ആയി എന്ജിന് ടോര്‍ക്ക് കുറച്ചോ ആവശ്യമെങ്കില്‍ ഓരോ ചക്രത്തിലും പ്രത്യേകം ബ്രേക്ക് ഫോഴ്സ് നല്‍കിയോ ആണ് വാഹനത്തെ നിയന്ത്രിക്കുന്നത്.
Content Highlights: Auto Breaking system, Anti-lock braking, Electronic brake force distribution