'എത്ര കിട്ടും' വിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്ന റോക്കറ്റിന്റെ ഗുണഗണങ്ങള്‍ വിവരിക്കുന്ന ശാസ്ത്രജ്ഞരോട് 'എത്ര മൈലേജ് കിട്ടും' എന്നു ചോദിക്കുന്ന ഒരു വാഹന കമ്പനിയുടെ പരസ്യം നമ്മളാരും മറന്നിരിക്കാന്‍ ഇടയില്ല. ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കള്‍ ഏറ്റവുമധികം പ്രാമുഖ്യം കൊടുക്കുന്നത് ഇന്ധനക്ഷമതയ്ക്കാണ് എന്ന തിരിച്ചറിവാണ് അല്‍പം ചിരി ഉണര്‍ത്തുമെങ്കിലും അത്തരം ഒരു പരസ്യം നിര്‍മിക്കാന്‍ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. സാധാരണയായി ഒരു പുതിയ മോഡല്‍ പുറത്തിറക്കുമ്പോള്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമതയും നമ്മുടെ ഉപയോഗത്തില്‍ ലഭിക്കുന്ന ഇന്ധനക്ഷമതയും തമ്മില്‍ വലിയ അന്തരം കാണാറുണ്ട്. എന്നാല്‍ കുറച്ചൊന്നു ശ്രദ്ധിക്കുകയാണെങ്കില്‍ പരമാവധി ഉയര്‍ന്ന ഇന്ധനക്ഷമത കൈവരിക്കാന്‍ സാധിക്കും, അത് എന്തൊക്കെയാണെന്നു നോക്കാം...

#കൃത്യമായ ഗിയര്‍ മാറ്റം പരിശീലിക്കാം

Gear Shift

പരമാവധി ഇന്ധനക്ഷമത കൈവരിക്കാന്‍ നാം ആദ്യം ശീലിക്കേണ്ടത് കൃത്യമായ രീതിയില്‍ ഗിയര്‍ മാറ്റം ക്രമപ്പെടുത്തി വാഹനം ഓടിക്കാന്‍ ശീലിക്കുക എന്നതാണ്. ഓരോ വാഹനത്തിന്റെയും പവറിനനുസരിച്ച് വിവിധ വേഗതയില്‍ ഉപയോഗിക്കേണ്ട ഗിയറുകള്‍ യൂസര്‍ മാനുവലില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. അതനുസരിച്ച് വാഹനം ഓടിക്കാന്‍ ശീലിക്കുകയാണെങ്കില്‍ പരമാവധി ഇന്ധനക്ഷമത കൈവരിക്കുന്നതിനോടൊപ്പം എഞ്ചിന്‍ ലൈഫ് കൂടാനും സഹായിക്കും

#ടയര്‍ എയര്‍ പ്രഷര്‍ ചെക്ക് ചെയ്യുക

Tyre

കൃത്യമായി ടയര്‍ എയര്‍ പ്രെഷര്‍ ഇല്ലാത്ത ടയറുകള്‍ വച്ച് വാഹനം ഓടിക്കുന്നതുമൂലം ഇന്ധനക്ഷമത 12 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ടയറിന്റെ എയര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്തുക എന്നത് അത്യന്താപേക്ഷികമാണ്. സാധാരണ നിലയില്‍ കാലാവസ്ഥയക്കനുസരിച്ച് ടയര്‍ എയര്‍ പ്രഷര്‍ ദിവസംതോറും ചെറിയ അളവില്‍ കുറയും. അതിനാല്‍ മാസത്തില്‍ ഒരിക്കല്‍ ടയര്‍ എയര്‍ പ്രെഷര്‍ ചെക്ക് ചെയ്യുന്നതാവും ഉചിതം

#വീതി കുറഞ്ഞ ടയറുകള്‍ ഉപയോഗിക്കുക

tyre

വീതി കുറഞ്ഞ ടയറുകള്‍ ഉപയോഗിക്കുന്നതുമൂലം നമുക്ക് കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കും. എന്തുകൊണ്ടെന്നാല്‍ ഫ്രന്റല്‍ ഏരിയ കുറഞ്ഞ ടയറുകള്‍ക്ക് വായു സമ്മര്‍ദ്ദം (ഏയറോഡൈനാമിക് ഡ്രാഗ്) ഒരു പരിധി വരെ കുറക്കാന്‍ സാധിക്കും. അതിനാല്‍ ഇന്ധനക്ഷമതയും കൂടുന്നതാണ്. ചിലര്‍ കൂടുതല്‍ സ്റ്റബിലിറ്റിക്കുവേണ്ടി ബൈക്കുകളിലും മറ്റും വീതി കൂടിയ ടയറുകള്‍ ഉപയോഗിക്കാറുണ്ട്. ഇത് കൂടുതല്‍ ഇന്ധനം ചെലവാക്കുമെന്ന് മറക്കരുത്.  

#എയര്‍ ഫില്‍ടര്‍ ക്ലീന്‍ ചെയ്യുക

ഒരു ഉപഭോക്താവിനു തന്നെ വളരെ എളുപ്പം ചെയ്യവുന്ന ഒരു മെയിന്റനന്‍സ് ആണിത്. എയര്‍ ഫില്‍ട്ടറില്‍ ഉണ്ടാവുന്ന തടസ്സങ്ങള്‍ കൂടുതല്‍ എണ്ണച്ചിലവിനു കാരണമാകാം. എയര്‍ ഫില്‍ട്ടര്‍ ക്ലീന്‍ ചെയ്യേണ്ട കാലയളവ് വാഹനത്തിന്റെ മാനുവലില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. കൂടുതല്‍ പൊടി, മഞ്ഞ്, എന്നിവ ഉള്ള പ്രദേശത്ത് കൂടി വാഹനം ഓടിക്കുന്നവരാണെങ്കില്‍ എയര്‍ ഫില്‍ട്ടര്‍ ഇടയ്ക്കിടയ്ക്ക് ക്ലീന്‍ ചെയ്യുന്നതാവും നല്ലത്.

#എന്‍ജിന്‍ ട്യൂണിങ്ങ്, സ്പാര്‍ക്ക് പ്ലഗ് ക്ലീനിങ്ങ്

അധികമാരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണു എഞ്ചിന്‍ ട്യൂണ്‍ അപ്പ്. ഇന്ധനക്ഷമതയ്ക്ക് വേണ്ടി മാത്രമല്ല എഞ്ചിന്റെ പ്രവര്‍ത്തനക്ഷമതയ്ക്കും എഞ്ചിന്‍ ട്യൂണ്‍ അപ്പ് ആവശ്യമാണ്. അതുപോലെ തന്നെ സ്പാര്‍ക്ക് പ്ലഗുകള്‍ ഉപയോഗിക്കുന്ന എഞ്ചിനുകളില്‍ ഇടയ്ക്ക് ഊരി ക്ലീന്‍ ചെയ്യുന്നത് നന്നായിരിക്കും, ഇന്ധനം പൂര്‍ണമായും ജ്വലിക്കാന്‍ (combustion) ഇത് സഹായകരമാകും

#ക്രൂയിസ് കണ്‍ട്രോള്‍ ഉപയോഗിക്കുക

cars

ഇപ്പോള്‍ ഒട്ടുമിക്ക വാഹനങ്ങളിലും കണ്ടു വരുന്ന ഒരു ടെക്‌നോളജിയാണ് ക്രൂയിസ് കണ്‍ട്രോള്‍. വേഗത മാറ്റാതെ വാഹനം ഓടിക്കാനുള്ള ഒരു സംവിധാമാണിത്. സ്റ്റിയറിംഗ് വീലിലാണ് ക്രൂയിസ് കണ്‍ട്രോള്‍ സ്വിച്ച് ഉണ്ടാവാറുള്ളത്. സാധാരണയായി നമ്മുടെ സ്പീഡോമീറ്ററില്‍ പച്ചനിറത്തില്‍ ഫ്യുവല്‍ എക്കണോമി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം വാഹനത്തിനു പരമാവധി ഇന്ധനക്ഷമത കിട്ടുന്നത് ആ സ്പീഡില്‍ ഓടിക്കുമ്പോഴാണു (40 -60) ആണ് ഫ്യുവല്‍ എക്കണോമി രേഖപ്പെടുത്താറുള്ളത്. ക്രൂയിസ് കണ്‍ട്രോള്‍ ഉപയോഗിച്ച് ഈ വേഗതയ്ക്കുള്ളില്‍ സെറ്റ് ചെയ്ത് വാഹനം ഓടിക്കുകയാണെങ്കില്‍ നമുക്ക് പരമാവധി ഇന്ധനക്ഷമത ലഭിക്കുന്നതായിരിക്കും.

#സിന്തറ്റിക്ക് ഓയില്‍ ഉപയോഗിക്കുക

സാധാരണ ഓയിലിനെ അപേക്ഷിച്ച് സിന്തറ്റിക് ഓയിന്റെ വ്യത്യാസം അതിന്റെ വിസ്‌കോസിറ്റി എളുപ്പം കുറയില്ല എന്നതാണ്. അതുകൊണ്ടുതന്നെ ഓയിലിന്റെ കട്ടി കുറയുന്നത് ഒരു പരിധി വരെ കുറയും. ആതിനാല്‍ എഞ്ചിന്‍ വളരെ സ്മൂത്ത് ആയി വര്‍ക്ക് ചെയ്യും. സിന്തറ്റിക് ഓയില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം വാഹന നിര്‍മ്മതാക്കളുടെ ഇന്‍സട്രക്ഷന്‍ അനുസരിച്ചുള്ള ഓയില്‍ മാത്രമേ ഉപയോഗിക്കാവു എന്നുള്ളതാണ്. സിന്തറ്റിക് ഓയില്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളില്‍ മറ്റ് വാഹനങ്ങളേക്കള്‍ 15 ശതമാനം അധികം ഇന്ധനക്ഷമത ലഭിക്കുന്നുവെന്ന് ഓട്ടോകാര്‍ മാഗസീന്‍ നടത്തിയ ഒരു സര്‍വ്വെ വ്യക്തമാക്കിയിരുന്നു.

#ഗുണമേന്മയുള്ള ഇന്ധനം ഉപയോഗിക്കുക.

പൊതുവേ എഥനോള്‍ അംശം കുറഞ്ഞ എണ്ണയാണ് കൂടുതല്‍ ഗുണമേന്മയുള്ളത്, എന്തുകൊണ്ടെന്നാല്‍ എഥനോള്‍ അംശം കൂടിയ എണ്ണ പെട്ടെന്നു കത്തിത്തീരും, അതിനാല്‍ ഇന്ധനക്ഷമതയും കുറയും. ചില ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ സ്പീഡ,് ജെറ്റ് എന്ന പേരില്‍ വേറെ ബ്രാന്റ് നെയിമില്‍ നല്‍കുന്ന ഇന്ധനത്തില്‍ എഥനോള്‍ അംശം കുറവായിരിക്കും എന്നാല്‍ ഇതിനു വില കൂടുതലുമായിരിക്കും, എന്നിരുന്നാലും മൈലേജ് ലഭിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണയുടെ കൂടിയ വില മൈലേജ് കൂടുതല്‍ കിട്ടുന്നതിലൂടെ ബാലന്‍സിംഗ് ആവുകയും ചെയ്യും.

#അനാവശ്യ ബ്രേക്കിങ്ങ് ഒഴിവാക്കുക

cars

വാഹനം പെട്ടെന്നു ബ്രേക്ക് ചെയ്യുന്നതും പിന്നീട് വീണ്ടും ആക്‌സിലറേഷന്‍ കൊടുക്കുന്നതും കൂടുതല്‍ എണ്ണ ഉപഭോഗത്തിനു കാരണമാകുന്നു. പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോള്‍ അതുവരെ എരിഞ്ഞ ഫ്യുവലിന്റെ എനര്‍ജ്ജി നഷ്ടമാവുകയും പിന്നീട് വീണ്ടും ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ ഫ്യുവല്‍ ആവശ്യമായി വരുന്നതുകൊണ്ടും കൃത്യമായ സമയങ്ങളില്‍ മാത്രം ബ്രേക്കിംഗ് ഉപയോഗിക്കുന്നതാണ് നല്ലത്. ഓവര്‍ സ്പീഡില്‍ ഓടിക്കാതിരുന്നാല്‍ തന്നെ നമുക്ക് ആവശ്യഘട്ടങ്ങളില്‍ മാത്രമെ ബ്രേക്ക് ഉപയോഗിക്കേണ്ടതായി വരുന്നുള്ളു. അതിനാല്‍ അമിതവേഗത ഒഴിവാക്കുന്നതാണ് നല്ലത്.

#ഓക്‌സിജന്‍ സെന്‍സര്‍, എമ്മിഷന്‍ സിസ്റ്റം, ഇവാപ്പറേറ്റീവ് എമിഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവയുടെ ശരിയായ പ്രവര്‍ത്തനം ഉറപ്പു വരുത്തുക

ഫ്യുവല്‍ ഇഞ്ചക്ഷന്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ മേല്‍പറഞ്ഞ ഘടകങ്ങളുടെ ശരിയായ പ്രവര്‍ത്തനം ഇന്ധനക്ഷമത നിലനിര്‍ത്തുവാന്‍ വളരെ പ്രധാനമാണ്. അതുകൊണ്ടു തന്നെ എഞ്ചിന്‍ വാര്‍ണിംഗ് സിഗ്‌നല്‍ കാണിക്കുകയാണെങ്കില്‍ ഇവയില്‍ ഏതിനെങ്കിലും തകരാറുണ്ടോ എന്നു ഉറപ്പുവരുത്തണം. പ്രസ്തുത ഭാഗങ്ങളിലെ തകരാറുകള്‍ ഇരുപത് ശതമാനം വരെ ഇന്ധനക്ഷമത കുറയ്ക്കാനിടയാക്കും. കൃത്യമായ പരിപാലനവും ശ്രദ്ധയോടുള്ള ഡ്രൈവിംഗിലൂടെയും തന്നെ പരമാവധി ഇന്ധനക്ഷമത കൈവരിക്കാന്‍ സാധിക്കും. 

(ലേഖകന്‍ ദുബായ് അല്‍ മയ്ദൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രിസില്‍ ഓട്ടോമൊബൈല്‍ എന്‍ജിനിയറാണ്.)​
 

Read This; നിങ്ങള്‍ക്ക് എങ്ങനെ നല്ലൊരു ഡ്രൈവറാകാം 

Read This; ഈ സെന്‍സറുകള്‍ പണിമുടക്കിയാല്‍ കാര്‍ വഴിയില്‍ കിടക്കും

Read This; ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍​

Read This; ഡിസ്‌ക് ബ്രേക്ക്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍​