പുതിയ ബൈക്ക് സ്വന്തമാക്കിയതിന്റെ സന്തോഷത്തില്‍ ഹെല്‍മറ്റും മാസ്‌ക്കും വയ്ക്കാതെ റൈഡിനിറങ്ങി നിയമകുരുക്കില്‍ ചാടിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം 'ബോബി'യായ വിവേക് ഒബ്‌റോയി. പ്രണയദിനത്തില്‍ സ്വന്തമാക്കിയ ഹാര്‍ളി ഡേവിഡ്‌സണ്‍ ആഡംബര ബൈക്കില്‍ ഭാര്യയ്‌ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
നടനും ഭാര്യയും ബൈക്കില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ അദ്ദേഹം തന്നെയാണ് സ്വന്തം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഈ വീഡിയോ തെളിവായി സ്വീകരിച്ചാണ് കോവിഡ് മാനദണ്ഡം ലംഘിച്ച് മാസ്‌കില്ലാതെ യാത്ര ചെയ്തതിനും ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹമോടിച്ചതിനുമാണ് അദ്ദേഹത്തിന് മുംബൈ പോലീസ് പിഴ നല്‍കിയത്.
ട്രാഫിക് നിയമം തെറ്റിച്ച് വാഹനമോടിച്ചതിനും, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനുമാണ് വിവേക് ഒബ്‌റോയിക്കെതിരേ കേസെടുത്തതെന്നാണ് മുംബൈ പോലീസ് അറിയിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പിലെത്തിയ അദ്ദേഹം ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതും വീഡിയോയില്‍ കാണാം.
നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയിലെ ബോബി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് വിവേക് ഒബ്‌റോയി. കമ്പനി ബോളിവുഡ് ചിത്രത്തിലൂടെയാണ് വിവേക് ഒബ്‌റോയി വെള്ളിത്തിരയില്‍ എത്തിയത്.
Content Highlights: Traffic Rules Violation; Mumbai Charge Case Against Actor Vivek Oberoi