ഹോളിവുഡ് ആക്ഷന്‍ താരം ടോം ക്രൂയിസും മിഷന്‍ ഇംപോസിബിളും ഇന്ത്യയിലെ സിനിമപ്രേമികളെ ഏറെ ത്രില്ലടിപ്പിച്ചിട്ടുള്ളത്. ഇത് തുടരാന്‍ മിഷന്‍ ഇംപോസിബിള്‍-7-ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ ഏഴാം പതിപ്പില്‍ സിനിമാപ്രേമികള്‍ നായകനെ നോക്കുമ്പോള്‍ വാഹനപ്രേമികള്‍ അദ്ദേഹത്തിന്റെ വാഹനത്തെ തീര്‍ച്ചയായും നോക്കും. കാരണം അത് ഇന്ത്യന്‍ നിര്‍മിത ബി.എം.ഡബ്ല്യു. ജി 310 ജി.എസ് ബൈക്കാണ്.

ഷൂട്ടിങ്ങിനിടയിലെ ചിത്രങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ബി.എം.ഡബ്ല്യു. ഇന്ത്യയില്‍ നിര്‍മിക്കുന്ന ജി 310 ജി.എസ് ബൈക്കും ഈ സിനിമയുടെ ഭാഗമാകുന്നുണ്ടെന്ന് വാഹനപ്രേമികളുടെ ശ്രദ്ധയില്‍പെടുന്നത്. പോലീസ് ബൈക്കായാണ് ടോം ക്രൂയിസ് ഈ ബൈക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ നീല നിറത്തിലുള്ള പെയിന്റ് സ്‌കീമും പോലീസ് ഫീച്ചറുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.

സിനിമയുടെ ഷൂട്ടില്‍ ബി.എം.ഡബ്ല്യു. എം5 കാര്‍ ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എം5 സെഡാന്റെ ഡോറില്ലാതെയുള്ള ഷൂട്ടിങ്ങ് ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇതിനുപിന്നാലെയാണ് ഈ ബൈക്കിന്റെ ചിത്രവും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ജി 310 ജി.എസിന്റെ മുന്‍തലമുറ മോഡലാണ് ഇതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. 

 
 
 
 
 
 
 
 
 
 
 
 
 

@tomcruise #tomcruise #tomcruiseuniverse

A post shared by Tom Cruise (@tomcruiseuniverse) on

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബി.എം.ഡബ്ല്യു. ജി 310 ജി.എസ്, ജി 310 ആര്‍ ബൈക്കുകളുടെ മുഖം മിനുക്കിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. മുന്‍ മോഡലുകളെക്കാള്‍ ഫീച്ചറുകളും സ്റ്റൈലും ഉയര്‍ത്തിയും, ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലുമാണ് ഈ വാഹനമെത്തിയത്. എന്നാല്‍, മുന്‍തലമുറയെക്കാള്‍ വില കുറച്ചാണ് പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

ബിഎസ്-6 നിലവാരത്തിലുള്ള 313 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജി 310 ആര്‍, ജി 310 ജി.എസ് മോഡലുകളില്‍ പ്രവര്‍ത്തിക്കുന്നത്. 34 പിഎസ് പവറും 28 എന്‍എം ടോര്‍ക്കുമാണ് മുന്‍ മോഡല്‍ ഉത്പാദിപ്പിച്ചിരുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഇന്ത്യയില്‍ നിന്ന് പല രാജ്യങ്ങളിലേക്ക് ഈ വാഹനം കയറ്റുമതി ചെയ്യുന്നുണ്ട്.

Source: Car and Bike

Content Highlights: Tom Cruise Ride Indian Made BMW G 310 GS Bike In Mission Impossible-7 Shooting