മിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയിയും അദ്ദേഹത്തിന്റെ അത്യാഡംബര വാഹനമായ റോള്‍സ് റോയ്സ് ഗോസ്റ്റും കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ ഇടംനേടിയിരുന്നു. വിദേശത്തുനിന്ന് എത്തിച്ച ഈ ആഡംബര വാഹനത്തിന്റെ നികുതി ഇളവ് ചെയ്ത് നല്‍കണമെന്ന് ആവശ്യപ്പെട്ടതും അതേതുടര്‍ന്ന് കോടതി നടത്തിയ രൂക്ഷ വിമര്‍ശനങ്ങളുമായിരുന്നു വാര്‍ത്തകളുടെ അടിസ്ഥാനം.

എന്നാല്‍, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വാഹനത്തിന് ഒടുക്കേണ്ട എല്ലാം നികുതിയും വിജയ് അടച്ചതായാണ് സൂചന. വാണിജ്യ നികുതി വിഭാഗത്തില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് വിജയ് മുമ്പ് എട്ട് ലക്ഷം രൂപ നികുതി അടച്ചിരുന്നു. എന്നാല്‍, അടുത്ത ദിവസങ്ങളില്‍ 32 ലക്ഷം രൂപ കൂടി നികുതിയായി അടച്ചതായാണ് വിവരം. 40 ലക്ഷം രൂപയായിരുന്നു ഈ വാഹനത്തിന് നികുതി അടക്കേണ്ടിയിരുന്നത്. 

2012-ലാണ് ലണ്ടനില്‍ നിന്ന് വിജയ് റോള്‍സ് റോയ്സ് ഗോസ്റ്റ് ഇന്ത്യയില്‍ എത്തിച്ചത്. ഇതിനുപിന്നാലെ തന്നെ വാഹനത്തിന്റെ ഇന്ത്യയിലെ നികുതിയും മറ്റ് ഫീസുകളും അടച്ചിരുന്നു. എന്നാല്‍, എന്‍ട്രി ടാക്‌സ് ഒഴിവാക്കി നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇതിനായി പത്ത് വര്‍ഷം നീണ്ട നിയമപോരാട്ടമാണ് അദ്ദേഹം നടത്തിയത്. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനമുണ്ടായത്.

ഇതിനുപുറമെ, നികുതി വെട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. നടനില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കുന്ന പണം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് ജസ്റ്റിസ് എം.സുബ്രഹ്‌മണ്യം വിധിച്ചത്. നികുതി വെട്ടിക്കുന്ന പോലുള്ള പ്രവര്‍ത്തികകള്‍ ദേശവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.  

വിജയ് അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ അഴിമതിക്ക് എതിരെയുള്ളതാണ്. അത്തരം വേഷങ്ങളിലൂടെയാണ് ആരാധകരുണ്ടായതും. ടാക്സ് വെട്ടിപ്പ് നടത്തിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ വിജയ് ഓര്‍ക്കണമായിരുന്നു. അവര്‍ ടിക്കറ്റ് എടുക്കുന്നത് കൊണ്ടാണ് താരത്തിന് ആഡംബര കാര്‍ വാങ്ങാനായതെന്നും കോടതി പറഞ്ഞിരുന്നു.

Source: Indiaglitz

Content Highlights: Tamil Actor Vijay Pays Entry Tax For His Rolls Royce Ghost