ഡംബര സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി കാറുകളിലെ രാജാവായ ബെന്റ്‌ലി ബെന്റെയ്ഗയില്‍ ആദ്യ യാത്ര നടത്തി സിനിമാതാരം സുരാജ് വെഞ്ഞാറമൂട്. ഇന്ത്യയില്‍ ഏകദേശം 5 കോടി രൂപയോളം വില വരുന്ന ബെന്റെയ്ഗ എസ്.യു.വിയുടെ ഒരു ദുബായ് രജിസ്ട്രേഷന്‍ മോഡല്‍ ഡ്രൈവ് ചെയ്യുന്ന വീഡിയോ തന്റെ ഫെയ്സ്ബുക്കിലൂടെ സുരാജ് വെഞ്ഞാറമൂട് പങ്കുവെച്ചിട്ടുണ്ട്.

ബെന്റ്‌ലിയുടെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ഓള്‍ബ്ലാക്ക് നിറത്തിലുള്ള ബെന്റയ്ഗയാണിത്. ബെന്റ്‌ലിയുടെ ആദ്യ എസ്.യു.വി മോഡലായ ബെന്റെയ്ഗ ലോകത്തെ ഏറ്റവും വേഗത കൂടിയ എസ്.യു.വി കൂടിയാണ്. ബെന്റെയ്ഗ മള്ളിനര്‍, ബെന്റെയ്ഗ, ബെന്റെയ്ഗ വി8, ബെന്റെയ്ഗ ഡീസല്‍, ബെന്റെയ്ഗ ഹൈബ്രിഡ് എന്നീ അഞ്ച് വേരിയന്റുകള്‍ ബെന്റെയ്ഗക്കുണ്ട്. 

6.0 ലിറ്റര്‍ W12 ട്വിന്‍ ടര്‍ബോ പെട്രോള്‍, 4.0 ലിറ്റര്‍ V8 ട്വിന്‍ ടര്‍ബോ പെട്രോള്‍, 4.0 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനിലുമാണ് വാഹനം നിരത്തിലുള്ളത്. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 6.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 600 ബിഎച്ച്പി പവറും 900 എന്‍എം ടോര്‍ക്കുമേകും. മണിക്കൂറില്‍ 301 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. 4.0 ലിറ്റര്‍ പെട്രോള്‍ 542 ബിഎച്ച്പി പവറും 770 എന്‍എം ടോര്‍ക്കും നല്‍കുമ്പോള്‍ 4.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 429 ബിഎച്ച്പി പവറും 900 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 

Content Highlights; Suraj Venjaramoodu First Ride In Bentley Bentayga