പോണ്‍ സിനിമകളിലൂടെ അഭിനയ രംഗത്തെത്തിയ സണ്ണി ലിയോണ്‍ ഇന്ന് ബോളിവുഡ് നായികമാരിലെ സൂപ്പര്‍ താരമാണ്. ജര്‍മന്‍, ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളുടെ നിരവധി സൂപ്പര്‍ കാറുകള്‍ അരങ്ങ് വാഴുന്ന സണ്ണിയുടെ ഗാരേജിലെക്കെത്തിയ പുതിയ അംഗവും സണ്ണിയെ പോലെ അല്‍പം ഹോട്ട് താരമാണ്. ഒരു കോടി രൂപയ്ക്ക് മുകളില്‍ വില വരുന്ന മസരാറ്റി ഗിബ്ലി നെരിസ്‌മോ ലിമിറ്റഡ് എഡിഷനാണ് സണ്ണി സ്വന്തമാക്കിയത്. നേരത്തെ മസരാറ്റി ക്വാട്രോപേര്‍ട്ടും സണ്ണിയുടെ ഗാരേജിലെത്തിയിരുന്നു. 

ഫോര്‍ സീറ്റര്‍ ഗ്രാന്റ് ടൂറര്‍ ഗിബ്ലി നെരിസ്‌മോയുടെ 450 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി നിര്‍മിച്ചിട്ടുള്ളത്. ഇതിലൊന്നിലാണ് ഇനി സണ്ണി ലിയോണിന്റെ സഞ്ചാരം. കാറിന് മുന്നില്‍ നിന്നുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഇക്കാര്യം സണ്ണി ആരാധകരെ അറിയിച്ചത്. ഇന്ത്യയില്‍ മസരെറ്റി ഗിബ്ലി മാത്രമേ നിലവില്‍ ലഭ്യമുള്ളു. ഗിബ്ലിയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് ഗിബ്ലി നെരിസ്‌മോ. അമേരിക്കന്‍ സ്‌പെക്ക് ഗിബ്ലി നെരിസ്‌മോ ടര്‍ബോ പെട്രോള്‍ പതിപ്പാണ് സണ്ണി സ്വന്തമാക്കിയത്. 

അമേരിക്കയ്ക്ക് പുറമേ കാനഡയില്‍ മാത്രമാണ് ലിമിറ്റഡ് എഡിഷന്‍ ഗിബ്ലി വില്‍പ്പനയ്ക്കുള്ളത്. മൂന്നു വകഭേദങ്ങളുള്ള നെരിസ്‌മോയ്ക്ക് 3 ലിറ്റര്‍ വി6 ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ് കരുത്തേകുന്നത്. 345 ബിഎച്ച്പി, 404 ബിഎച്ച്പി പവറുകളില്‍ വാഹനം ലഭ്യമാകും. 4.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വാഹനത്തിന് സാധിക്കും. മണിക്കൂറില്‍ 280 കിലോമീറ്ററാണ് പരമാവധി വേഗത. 

എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. വാഹനത്തിന്റെ പുറംമോടിയും അകത്തളവും പൂര്‍ണമായും കറുപ്പ് നിറത്തിലാണ്. 20 ഇഞ്ചാണ് അലോയി വീല്‍. സ്‌പോര്‍ട്ട് സ്റ്റിയറിംങ് വീല്‍, പാഡില്‍ ഷിഫ്‌റ്റേഴ്‌സ്, ബ്ലൈന്റ് സ്‌പോര്‍ട്ട് മോണിറ്റര്‍, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സര്‍, റിമോര്‍ട്ട് സ്റ്റാര്‍ട്ടിങ് സിസ്റ്റം എന്നിവയാണ് നെരിസ്‌മോയുടെ പ്രധാന സവിശേഷതകള്‍. ബിഎംഡബ്യു സെവന്‍ സീരീസ്, ഓഡി A 5 എന്നിവയും സണ്ണിയുടെ ഗാരേജിലുണ്ട്.