വാഹനങ്ങളില്‍ വരുത്തുന്ന പലതരം രൂപമാറ്റങ്ങള്‍ നമ്മള്‍ കാണാറുള്ളതാണ്. ഇതില്‍ പലതും കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തുന്നതുമാണ്. എന്നാല്‍, യഥാര്‍ഥ വാഹനമേതാണെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത മാറ്റങ്ങള്‍ താരതമ്യേന കുറവായിരിക്കും. ഇത്തരത്തില്‍ രൂപമാറ്റത്തില്‍ കാഴ്ചക്കാരെ ഞെട്ടിച്ച ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ബോളിവുഡ് താരം സുനില്‍ ഷെട്ടി പോസ്റ്റ് ചെയ്ത വീഡിയോയാണ് വാഹനപ്രേമികളെ ആകര്‍ഷിക്കുന്നത്. 

മേക്ക് ഓവര്‍ എന്ന വാക്ക് അന്വര്‍ഥമാക്കുന്ന മാറ്റമാണ് സുനില്‍ ഷെട്ടിയുടെ പഴയ ബുള്ളറ്റ് ബൈക്കില്‍ വരുത്തിയിട്ടുള്ളത്. മുംബൈയിലെ കസ്റ്റംബൈക്ക് നിര്‍മാതാക്കളായ വര്‍ധാന്‍ച്ചിയാണ് സുനില്‍ ഷെട്ടിയെ പോലും ഞെട്ടിച്ച് അദ്ദേഹത്തിന്റെ ബുള്ളറ്റിന് പുതിയ രൂപം സമ്മാനിച്ചിരിക്കുന്നത്. ക്ലാസിക് 500 മോഡല്‍ ബൈക്കിനെ ബുള്ളറ്റിന്റെ പരമ്പരാഗത രൂപത്തില്‍ നിന്ന് മാറി ക്ലാസിക് ബോബര്‍ രൂപത്തിലാണ് അഴിച്ച് പണിതിട്ടുള്ളത്. സുനില്‍ ഷെട്ടിയും വാഹനത്തിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

രൂപമാറ്റം വരുത്തിയ പെട്രോള്‍ ടാങ്ക്, സിംഗിള്‍ സീറ്റ്, പുത്തന്‍ നിറം, പുതിയ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, വീതിയുള്ള ഹാന്‍ഡില്‍ ബാര്‍, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങി അടിമുടി മാറ്റത്തോടെയാണ് ക്ലാസിക് 500-നെ പുതുക്കി പണിതിട്ടുള്ളത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളില്‍ കണ്ടിട്ടില്ലാത്ത പുത്തന്‍ നിറവും വശങ്ങളില്‍ സുനില്‍ ഷെട്ടിയുടെ പേരും നല്‍കിയതോടെ വാഹനത്തിന് തികച്ചും പുത്തന്‍ ഭാവം കൈവരുകയായിരുന്നു.

Content Highlights; Suniel Shetty Classic 500 Bike Make Over, Bullet Changed As Bobber Bike