വിവാഹ വാര്‍ഷികത്തിന് ഭര്‍ത്താവിന്റെ സമ്മാനമായി ഭാര്യക്ക് ഏഴു കോടിയുടെ റോള്‍സ് റോയ്സ്. ദുബായ് ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് മേധാവിയും സംവിധായകനുമായ സോഹന്‍ റോയിയാണ് 25-ാം വിവാഹ വാര്‍ഷികത്തിന് ഭാര്യ അഭിനി സോഹന് ഇത്രയും വിലയേറിയ റോള്‍സ് റോയ്‌സ് കള്ളിനന്‍ എസ്.യു.വി സമ്മാനമായി നല്‍കിയത്. ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്‌സിന്റെ ആദ്യ എസ്.യു.വി മോഡലാണ് കള്ളിനന്‍. ഈ വര്‍ഷം തുടക്കത്തില്‍ പുറത്തിറങ്ങിയ കള്ളിനന്‍ ജൂണിലായിരുന്നു സോഹന്‍ റോയ് ഭാര്യയ്ക്കായി ബുക്ക് ചെയ്തത്. 

ഡിസംബര്‍ 12-നായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികം. കള്ളിനന്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് അഭിനി സോഹനെന്ന് നേരത്തെ സോഹന്‍ റോയ് ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. മുമ്പ് ഇന്ത്യന്‍ വിപണിയിലും കള്ളിനന്‍ അവതരിപ്പിച്ചിരുന്നു. 6.95 കോടി രൂപയാണ് കള്ളിനന്റെ ഡല്‍ഹി എക്സ് ഷോറും വില. പൂര്‍ണ്ണമായും കസ്റ്റമൈസ്ഡ് രീതിയില്‍ നിര്‍മ്മിച്ച വാഹനം ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ്. റോള്‍സ് റോയ്സ് ഗോസ്റ്റ് (അറേബ്യന്‍ ബ്ലൂ കളര്‍ ഗോസ്റ്റ്) മോഡലും മുമ്പ് സോഹന്‍ റോയും ഭാര്യയും സ്വന്തമാക്കിയിരുന്നു. 

6.75 ലിറ്റര്‍ വി-12 എഞ്ചിനാണ് കള്ളിനന് കരുത്ത് പകരുന്നത്. എന്‍ജിന് 563 ബി.എച്ച്.പി. കരുത്തും 850 എന്‍.എം. ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. 5.341 മീറ്റര്‍ നീളവും 2.164 മീറ്റര്‍ വീതിയുമുള്ള ഭീമാകാരന്‍ കാറിന്റെ വീല്‍ബേസ് 329.5 സെന്റീമീറ്ററാണ്. ഓള്‍ വീല്‍ ഡ്രൈവിലുള്ള ആദ്യ റോള്‍സ് റോയ്സാണ് കള്ളിനന്‍. 8-സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സാണ്. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍. 

Cullinan

റോഡ് സാഹചര്യമനുസരിച്ച് ഗ്രൗണ്ട് ക്ലിയറന്‍സ് ഉയര്‍ത്താന്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. 54 സെന്റിമീറ്റര്‍ വരെ ജലനിരപ്പിലും വാഹനം അനയാസം ഓടും. പൂര്‍ണ്ണമായും ലെതര്‍ സീറ്റുകള്‍, വുഡന്‍ ഇന്റീരിയര്‍, മള്‍ട്ടി ഡ്രൈവിംഗ് മോഡ്, സ്വയം നിയന്ത്രിത സസ്പെന്‍ഷന്‍ സംവിധാനം, പനോരമിക് ദൃശ്യത്തോടുകൂടിയ ഫോര്‍ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, സീറ്റ് മസ്സാജര്‍, സ്റ്റാര്‍ലിറ്റ് റൂഫ്ലൈന്‍, കസ്റ്റമൈസ്ഡ് ടയര്‍ തുടങ്ങി ഒട്ടേറെ ആഡംബരങ്ങളോട് കൂടിയതാണ് റോള്‍സ് റോയ്സ് കള്ളിനന്‍.

വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്സ്ട്രിയന്‍ വാര്‍ണിങ് സിസ്റ്റം, അലേര്‍ട്ട്നെസ് അസിസ്റ്റ്,  ആക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ വാണിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്. ബൂട്ട് കപ്പാസിറ്റി 600 ലിറ്ററാണ്. അഞ്ചു സീറ്ററാണ് ഈ എസ്.യു.വി. വേണമെങ്കില്‍ നാലു സീറ്ററാക്കി മാറ്റാം. വാഹനത്തിന്റെ ആഡംബരം ഏറ്റവും പ്രകടമാകുന്നത് ഇന്റീരിയറിലാണ്. ഡാഷ്ബോഡിലും മുന്നിലെ സീറ്റുകളുടെ പിന്നിലുമായി 12 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ബ്ലൂറേ ഡിസ്പ്ലേ ടി.വി, ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന 10 സ്പീക്കറുകള്‍, ലെതര്‍ ഫിനീഷിഡ് ഇന്റീരിയര്‍, ഫാബ്രിക് കാര്‍പ്പെറ്റ് എന്നിങ്ങനെ നീളുന്നതാണ് ഇന്റീരിയറിന്റെ പ്രത്യേകതകള്‍.

Cullinan

വ്യൂയിങ് സ്യൂട്ടാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. സ്വിച്ചിട്ടാല്‍ പിന്നിലെ ബൂട്ട് തുറന്ന് രണ്ട് കസേരകളും ഒരു ചെറിയ മേശയും പുറത്തേക്ക് വരും. പിന്നില്‍ സ്യൂയിസൈഡ് ഡോറാണ്. ഇത്തരത്തിലുള്ള വാതിലുകള്‍ നല്‍കുന്ന ആദ്യ എസ്.യു.വി.യാണ് കള്ളിനന്‍. ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905 ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനന്‍ ഡയമണ്ടില്‍ നിന്നാണ് പുത്തന്‍ എസ്.യു.വിക്ക് ഈ പേര് കമ്പനി നല്‍കിയത്. 

Content Highlights; Sohan Roy gifts his wife a 7 crore Rolls Royce