നിത്യോപയോഗത്തിനായി ചെറിയ കാര്‍ വാങ്ങാനൊരുങ്ങിയ അമ്മയ്ക്ക് ഇന്ത്യന്‍ നിരത്തുകളിലുള്ള ഏറ്റവും വലിയ ആഡംബര എസ്‌യുവികളില്‍ ഒന്നായ റേഞ്ച് റോവര്‍ സമ്മാനിച്ച് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. 

ലാന്‍ഡ് റോവര്‍ റേഞ്ച് റോവറിന്റെ ഓട്ടോബയോഗ്രഫി ലോങ് വീല്‍ബേസ് എഡീഷനാണ് തന്റെ അമ്മയായ സല്‍മ ഖാന് താരം അപ്രതീക്ഷിത സമ്മാനമായി നല്‍കിയത്. സാധാരണ മോഡലിനെ അപേക്ഷിച്ച് നിരവധി ഫീച്ചറുകളുള്ള വാഹനമാണിത്. 

തന്റെ അമ്മയുടെ ഇഷ്ടം തിരിച്ചറിഞ്ഞ് വെള്ള നിറത്തിലുള്ള വാഹനമെടുത്ത്, ഇഷ്ടനമ്പറായ 2727-ഉം നല്‍കിയാണ് വീട്ടിലെത്തിച്ചത്. 1.87 കോടി രൂപയാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എഡീഷന്റെ മുംബൈയിലെ എക്‌സ്‌ഷോറൂം വില.

ലാന്‍ഡ് റോവര്‍ എസ്‌യുവി നിരയിലെ കരുത്തനായ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എഡീഷന്‍. 600 എന്‍എം ടോര്‍ക്കില്‍ 255 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 3.0 ലിറ്റര്‍ വി-6 എന്‍ജിനാണ് ഈ വാഹത്തില്‍ പ്രവര്‍ത്തിക്കുന്നത്. 

എസ്‌യുവി വാഹനങ്ങളുടെ വലിയ നിരതന്നെ സല്‍മാന്‍ ഖാന് സ്വന്തമായുണ്ട്. ബെല്‍സ് എസ്-ക്ലാസ്, റേഞ്ച് റോവര്‍, ബെന്‍സ് ജിഎല്‍ഇ, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. എന്നാല്‍, മാരുതി സ്വിഫ്റ്റ് ഉള്‍പ്പെടെയുള്ള സാധാരണ കാറുകളാണ് സല്‍മ ഖാന്‍ ഉപയോഗിച്ചിരുന്നത്.

Content Highlights: Salman Khan gifts his mum a brand new Range Rover LWB