ക്രിക്കറ്റ് പോലെ തന്നെ സച്ചിന്‍ തെണ്ടുല്‍ക്കറിന് പ്രിയപ്പെട്ട മറ്റൊന്നാണ് കാറുകള്‍. പ്രത്യേകിച്ച് ബിഎംഡബ്ല്യു വാഹനങ്ങളോട് അദ്ദേഹത്തിനുള്ള പ്രിയം പ്രസിദ്ധമാണ്. ഇത് തന്നെയാണ് അദ്ദേഹത്തെ ഈ കമ്പനിയുടെ ബ്രാൻഡ് അംബാസിഡര്‍ സ്ഥാനത്തേക്ക് എത്തിച്ചതും. 

ആഡംബര കാറുകളുടെ വലിയ നിരയാണ് സച്ചിന്റെ വാഹനശേഖരത്തിലുള്ളത്. ബിഎംഡബ്ല്യു X5M, നിസാന്‍ GT-R, ബിഎംഡബ്ല്യു എം5, മെഴ്‌സിഡസ് ബെന്‍സ് സി63 എഎംജി, ഫെരാരി 360 മോഡേന എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ.

എന്നാല്‍, സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് അദ്ദേഹത്തിന്റെ മോടിപിടിപ്പിച്ച ബിഎംഡബ്ല്യു ഐ8 എന്ന സ്‌പോര്‍ട്‌സ് കാറിനെ കുറിച്ചാണ്. മുംബൈയിലെ ഡിസി ഡിസൈന്‍ എന്ന സ്ഥാപനമാണ് അദ്ദേഹത്തിന്റെ ഐ8-ന് കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം നല്‍കിയത്. 

വൈറ്റ്-ബ്ലു ഡ്യുവല്‍ ടോണ്‍ നിറങ്ങളിലുള്ള വാഹനമായിരുന്നു സച്ചിന്റെ ഐ8. എന്നാല്‍, മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ നിറം ബ്ലാക്ക്-റെഡ് ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ നല്‍കിയതാണ് പ്രധാന മാറ്റം.

BMW i8
Image Courtesy: News18

ബോണറ്റില്‍ നല്‍കിയ എയര്‍ ഇന്‍ ടേക്ക്, രൂപമാറ്റം വരുത്തിയ സ്‌പോര്‍ട്ടി ഗ്രില്ല്, മസ്‌കുലര്‍ ഷേപ്പുള്ള ബമ്പര്‍, വലിയ എയര്‍ ഡാം എന്നിവയാണ് മുന്നിലെ മാറ്റം. പിന്നില്‍ പുതിയ ബമ്പറും ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പും, ബമ്പര്‍ സ്പിളിറ്റുമാണ് മോടിപിടിപ്പിക്കുന്നത്. 

ബിഎംഡബ്ല്യുവിന്റെ ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറാണ് ഐ8. 231 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 131 ബിഎച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടോറുമാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. 

രണ്ട് എന്‍ജിനുകളും ചേര്‍ന്ന് 362 ബിഎച്ച്പി പവറും 570 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 4.4 സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ സ്‌പോര്‍ട്‌സ് കാറിന് കഴിയും.

Content Highlights: Sachin Tendulkar Spotted Driving His Modified BMW i8 Hybrid Sports Car