ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഒരു ട്വീറ്റ് വൈറലാകുകയാണ്. അദ്ദേഹം തന്റെ കാറിന്റെ കോ-ഡ്രൈവര്‍ സീറ്റിലിരിക്കുന്നതും തുടര്‍ന്ന് വാഹനം തനിയെ പാര്‍ക്ക് ചെയ്യുന്നതിന്റെ വീഡിയോയുമാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

എന്റെ ആദ്യ ഡ്രൈവര്‍ ലെസ് പാര്‍ക്കിങ് കാര്‍ എന്ന് പറഞ്ഞാണ് അദ്ദേഹം ഈ വാഹനത്തെ പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ ഇല്ലാതെ സ്റ്റാര്‍ട്ട് ആകുകയും സ്റ്റിയറിങ് തനിയെ തിരിഞ്ഞ് ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്യുകയും ചെയ്യുന്നതാണ് വീഡിയോ.

എന്റെ കാര്‍ തനിയെ ഗ്യാരേജില്‍ പാര്‍ക്ക് ചെയ്യുന്നതിന് സാക്ഷിയായി. കാറിന്റെ നിയന്ത്രണം മിസ്റ്റര്‍ ഇന്ത്യ ഏറ്റെടുത്തതുപോലുള്ള അനുഭവമാണ് എനിക്കുണ്ടായത്. ഇനിയുള്ള ദിവസങ്ങളും കൂടുതല്‍ അതിശങ്ങള്‍ നിറഞ്ഞതായിരിക്കുമെന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ആഡംബര വാഹനമായ ബിഎംഡബ്ല്യുവിന്റെ വാഹനമാണ് ഇത്തരത്തില്‍ തനിയെ പാര്‍ക്ക് ചെയ്തത്. എന്നാല്‍, ഇത് ഏത് മോഡലാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

Content Highlights: Cricket Player Sachin Tendulkar Exciting With His Automatic Parking Car