ഫുട്‌ബോള്‍ കഴിഞ്ഞാല്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് സ്‌പോര്‍ട്‌സ് കാറുകളായിരിക്കും. അദ്ദേഹത്തിന്റെ കാര്‍ ശേഖരത്തിലേക്ക് 6.6 കോടിയുടെ മക്‌ലാരന്‍ സെന്ന എന്ന സ്‌പോര്‍ട്‌സ് കാര്‍ എത്തിച്ച് തന്റെ വാഹനപ്രേമം വീണ്ടും തെളിയിച്ചിരിക്കുകയാണ് റൊണാള്‍ഡോ.

റേസിങ്ങിനിടെയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട ബ്രസീലിയന്‍ ഫോര്‍മുല വണ്‍ ഡ്രൈവർ അയര്‍ട്ടണ്‍ സെന്നയോടുള്ള ബഹുമാനസൂചകമായാണ് മക്‌ലാരന്റെ അള്‍ട്ടിമേറ്റ് കാര്‍ സീരീസിലെ മൂന്നാമനായ ഈ വാഹനത്തിന് സെന്ന എന്ന പേര് നല്‍കിയത്. മക്‌ലാരന്‍ എഫ്1, പി1 എന്നിവയാണ് മറ്റ് സ്‌പോര്‍ട്‌സ് കാര്‍ മോഡലുകള്‍.

2017 ഡിസംബറിലാണ് മക്‌ലാരന്‍ സെന്ന എന്ന സ്‌പോര്‍ട്‌സ് കാര്‍ പ്രഖ്യാപിക്കുന്നത്. ഇതിനു പിന്നാലെ 2018-ലെ ജനീവ മോട്ടോര്‍ ഷോയിലാണ് ഈ വാഹനം ഔദ്യോഗികമായി അവതരിപ്പിച്ചത്. മക്‌ലാരന്‍ സെന്നയുടെ 500 യൂണിറ്റ് മാത്രമാണ് നിര്‍മിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തില്‍ ഇന്നുള്ളതില്‍ ഏറ്റവും വിലയേറിയ കാറായ ബുഗാട്ടി ലാ വാച്യൂര്‍ നോയെ റൊണാള്‍ഡോ സ്വന്തമാക്കിയെന്ന വാര്‍ത്തകള്‍ അടുത്തിടെ ഓട്ടോമൊബൈല്‍ പോര്‍ട്ടലുകളില്‍ ഇടംനേടിയിരുന്നു. എന്നാല്‍, ആ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമായിരുന്നെന്നായിരുന്നു പിന്നാലെയുള്ള റിപ്പോര്‍ട്ടുകള്‍.

ലംബോര്‍ഗിനി, ഫെറാരി, റോള്‍സ് റോയിസ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍, ബിഎംഡബ്ല്യു, ഔഡി, മെഴ്‌സിഡസ് ബെന്‍സ് തുടങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വാഹനനിരയിലേക്ക് ഏറ്റവും അവസാനമായെത്തിയ വാഹനമാണ് മക്​ലാരൻ സെന്ന.

Content Highlights: Ronaldo adds Rs 6.6 cr McLaren Senna to his collection