ഭാരദ്വോഹനത്തില്‍ വെള്ളി മെഡലുമായി ഇന്ത്യയുടെ മെഡല്‍ നേട്ടത്തിന് തുടക്കമിട്ടത് മീരഭായ് ചാനുവായിരുന്നു. ഭാരദ്വോഹനത്തില്‍ 49 കിലോ വനിതാ വിഭാഗത്തില്‍ വെള്ളി സ്വന്തമാക്കിയാണ് മീരഭായ് രാജ്യത്തിന്റെ അഭിമാനമായത്. മീരഭായിയുടെ രാജ്യത്തോടുള്ള പ്രതിബദ്ധതയെ ആദരിക്കുന്നതിനായി ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ റെനോ അവരുടെ ഏറ്റവും മികച്ച കോംപാക്ട് എസ്.യു.വി. മോഡലായ കൈഗര്‍ സമ്മാനിച്ചു.

റെനോയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ പത്ത് വര്‍ഷം പിന്നിടുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് രാജ്യത്തിന് നേട്ടം സമ്മാനിച്ച് താരത്തെ ആദരിക്കുന്നത്.  മീരഭായ് അവരുടെ പ്രതിബദ്ധതയും അര്‍പ്പണ ബോധവും കൊണ്ട് രാജ്യത്തെ മറ്റ് കായികതാരങ്ങള്‍ക്ക് മാതൃകയായെന്നാണ് റെനോ അഭിപ്രായപ്പെട്ടിരിക്കുന്നത്. മീരഭായിയുടെ മെഡല്‍ നേട്ടത്തോടെ ഒരു രാജ്യത്തിന്റെ അഭിമാനമാണ് അവര്‍ വാനോളം ഉയര്‍ത്തിയിരിക്കുന്നതെന്നും റെനോ അറിയിച്ചു. 

 എല്ലാ പരിമിതികളെയും അതിജീവിക്കാന്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാകുന്ന ജീവിതവും നേട്ടവുമാണ് താരം കൈവരിച്ചിരിക്കുന്നതെന്നാണും റെനോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റെനോയുടെ കൈഗര്‍ എസ്.യു.വി. മീരാഭായ് ചാനു ഉപയോഗിക്കുന്നത് കമ്പനിക്ക് ഏറെ അഭിമാനം പകരുന്നതാണെന്നും റെനോ അഭിപ്രായപ്പെട്ടു. റെനോ ഇന്ത്യയുടെ മേധാവി സുധിര്‍ മല്‍ഹോത്രയാണ് മീരാഭായ് ചാനുവിന്‌ വാഹനം കൈമാറിയത്. 

റെനോ-നിസാന്‍ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സി.എം.എഫ്-എ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിട്ടുള്ള കോംപാക്ട് എസ്.യു.വിയാണ് കൈഗര്‍. RXE, RXL, RXT, RXZ എന്നീ നാല് വേരിയന്റുകളില്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ള കൈഗറിന് 5.64 ലക്ഷം രൂപ മുതല്‍ 10.09 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. 

1.0 ലിറ്റര്‍ എന്‍.എ, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും ഇതില്‍ നല്‍കുക. എന്‍.എ.എന്‍ജിന്‍ 72 ബി.എച്ച്.പി. പവറും 96 എന്‍.എം.ടോര്‍ക്കും ടര്‍ബോ എന്‍ജിന്‍ 99 ബി.എച്ച്.പി.പവറും 160 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി, സി.വി.ടി എന്നിവയാണ് ട്രാന്‍സ്മിഷന്‍.

Content Highlights: Renault India presents KIGER to weightlifter and Tokyo Olympics Silver Medalist Mirabai Chanu