ടോക്കിയോ ഒളിമ്പിക്‌സിലെ ഗുസ്തി കളത്തില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ താരങ്ങളാണ് രവി കുമാര്‍ ദഹിയയും ബജ്‌റംഗ് പുനിയയും. രാജ്യത്തിനായി വെള്ളി, വെങ്കലം മെഡലുകള്‍ സ്വന്തമാക്കിയ ഈ താരങ്ങളെ ഏറ്റവും മികച്ച സമ്മാനങ്ങള്‍ നല്‍കി ആദരിച്ചിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ റെനോ. കമ്പനി അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച കൈഗര്‍ കോംപാക്ട് എസ്.യു.വിയാണ് ഇരു താരങ്ങള്‍ക്കും സമ്മാനിച്ചിരിക്കുന്നത്. 

ഗുസ്തി മത്സരത്തില്‍ 57 കിലോഗ്രാം വിഭാഗത്തില്‍ മത്സരത്തിനിറങ്ങിയ രവി കുമാര്‍ ദഹിയ വെള്ളിയും, 65 കിലോഗ്രാം വിഭാഗത്തില്‍ ബജ്‌റംഗ് പുനിയ വെങ്കലവും നേടിയിരുന്നു. ഭാരദ്വോഹനത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയ മീരഭായ് ചാനുവിന് കഴിഞ്ഞ ദിവസം റെനോ ഇതേ വാഹനം സമ്മാനിച്ചിരുന്നു. റെനോ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് വിഭാഗം മേധാവി സുദീര്‍ മല്‍ഹോത്രയാണ് ഗുസ്തി താരങ്ങള്‍ക്കുള്ള വാഹനങ്ങളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചത്.

Renault Kiger
രവി കുമാര്‍ ദഹിയയ്ക്ക് കൈഗറിന്റെ താക്കോല്‍ കൈമാറുന്നു | Photo: Renault India

റെനോയില്‍ നിന്ന് ഏറ്റവുമൊടുവില്‍ ഇന്ത്യയിലെത്തിയ വാഹനമാണ് കൈഗര്‍. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിച്ച് പത്ത് വര്‍ഷം പിന്നിടുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് രാജ്യത്തിന്റെ അഭിമാനമായ താരങ്ങളെ ആദരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കൈഗര്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായ RXZ വേരിയന്റാണ് മീരഭായിക്ക് സമ്മാനിച്ചത്. രവി കുമാറിനും  ബജ്‌റംഗ് പുനിയയ്ക്കും ഇതേ വാഹനമാണ് നല്‍കിയതെന്നാണ് സൂചന.

റെനോ-നിസാന്‍ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സി.എം.എഫ്-എ പ്ലാറ്റ്ഫോമില്‍ ഒരുങ്ങിയിട്ടുള്ള കോംപാക്ട് എസ്.യു.വിയാണ് കൈഗര്‍. RXE, RXL, RXT, RXZ എന്നീ നാല് വേരിയന്റുകളില്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ള കൈഗറിന് 5.64 ലക്ഷം രൂപ മുതല്‍ 10.09 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. സ്‌പോര്‍ട്ടി ഡിസൈനിനൊപ്പം മികച്ച ഫീച്ചറുകളുമായി എത്തിയിട്ടുള്ള ഈ വാഹനം ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്കും റെനോ കയറ്റുമതി ചെയ്യുന്നുണ്ട്.

Renault Kiger
ബജ്‌റംഗ് പുനിയയ്ക്ക് കൈഗറിന്റെ താക്കോല്‍ കൈമാറുന്നു | Photo: Renault India

മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ശേഷിയുള്ള എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് (എന്‍.എ), 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും ഇതില്‍ നല്‍കുക. എന്‍.എ.എന്‍ജിന്‍ 72 ബി.എച്ച്.പി. പവറും 96 എന്‍.എം.ടോര്‍ക്കും ടര്‍ബോ എന്‍ജിന്‍ 99 ബി.എച്ച്.പി.പവറും 160 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി, സി.വി.ടി എന്നിവയാണ് ട്രാന്‍സ്മിഷന്‍.

Content Highlights: Renault Gifted Kiger SUV To Ravi Kumar Dahiya And Bajrang Punia