ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച തെലുങ്ക് നടനാണ് പ്രഭാസ്. സിനിമയ്ക്ക് നേടിയ കൈയടിക്ക് പുറമെ, തന്റെ ആരോഗ്യം സംരക്ഷിക്കുന്ന ജിം ട്രെയിനര്‍ ലക്ഷ്മണ്‍ റെഡ്ഡിക്ക് ആഡംബര എസ്‌.യു.വിയായ റേഞ്ച് റോവര്‍ വെലാര്‍ സമ്മാനിച്ച് വീണ്ടും കൈയടി നേടിയിരിക്കുകയാണ് ഈ താരം. 

മുന്‍ ബോഡി ബില്‍ഡറും 2010-ല്‍ മിസ്റ്റര്‍ വേള്‍ഡ് പട്ടം സ്വന്തമാക്കുകയും ചെയ്ത വ്യക്തിയാണ് പ്രഭാസിന്റെ ജിം ട്രെയിനറായ ലക്ഷ്മണ്‍ റെഡ്ഡി. ടീം റിബല്‍സേന എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പ്രഭാസ് തന്റെ ട്രയിനര്‍ക്ക് നല്‍കിയ സമ്മാനം പുറംലോകമറിയുന്നത്. ഇതോടെ നിരവധി ആളുകളാണ് പ്രഭാസിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

73.30 ലക്ഷം രൂപ എക്‌സ്‌ഷോറും വിലയുള്ള വെലാറിന് 88 ലക്ഷം രൂപയോളമാണ് ഓണ്‍റോഡ് വില. റേഞ്ച് റോവര്‍ ഇന്ത്യയില്‍ നിര്‍മിച്ചാണ് ഈ വാഹനം നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്. തുടക്കത്തില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിരുന്നെങ്കിലും പിന്നീട് പെട്രോല്‍ എന്‍ജിനില്‍ മാത്രമാണ് ഈ വാഹനം നിരത്തുകളില്‍ എത്തുന്നത്. 

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഇഞ്ചിനീയം പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 177 ബിഎച്ച്പി പവറും 365 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 7.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും.

Content Highlights: Prabhas Gifted Range Rover Velar To His Gym Trainer