ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയ്ക്ക് അമേരിക്കയില്‍ പുതിയ അഡംബര കാര്‍ സമ്മാനിച്ച് ഭര്‍ത്താവ് നിക്ക് ജോനാസ്. മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന മെയ്ബാക്ക് S650 മോഡലാണ് അമേരിക്കന്‍ ഗായകന്‍ കൂടിയായ നിക്ക് ജോനാസ് പ്രിയങ്കയ്ക്ക് സമ്മാനിച്ചത്. ജോനാസും സഹോദരങ്ങളും ചേര്‍ന്ന് അടുത്തിടെ പുറത്തിറക്കിയ 'സക്കേഴ്‌സ്' എന്ന ഗാനം ഹിറ്റായി ബില്‍ബോര്‍ഡ് ടോപ് 100 ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തിയതിന്റെ വിജയാഘോഷത്തിന്റെ ഭാഗമായാണ് പ്രിയങ്കയ്ക്ക് ജോനാസിന്റെ സര്‍പ്രൈസ് സമ്മാനം. 

priyanka

ഭര്‍ത്താവിന്റെ സ്‌നേഹസമ്മാനമായി പുതിയ കാര്‍ ലഭിച്ച വിവരം സോഷ്യല്‍ മീഡിയ വഴി പ്രിയങ്ക തന്നെയാണ് ആരാധകരെ അറിയിച്ചത്. എക്‌സ്ട്രാ ചോപ്രാ ജോനാസ് എന്ന വിശേഷണമാണ് മെയ്ബാക്കിന് പ്രിയങ്ക നല്‍കിയത്. റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ബിഎംഡബ്ല്യു 5 സീരീസ്‌, ബെന്‍സ് എസ് ക്ലാസ്, ബെന്‍സ് ഇ ക്ലാസ്, ഔഡി ക്യൂ 7 എന്നീ കാറുകള്‍ ഇന്ത്യയില്‍ പ്രിയങ്കയ്ക്കുണ്ട്. അതേസമയം 1960 ഫോര്‍ഡ് തണ്ടര്‍ബേര്‍ഡ്, ഫോര്‍ഡ് മസ്താങ്, ഷെവര്‍ലെ കാമ്‌റോ, കര്‍മ ഫിസ്‌കര്‍, ബിഎംഡബ്ല്യു 5 സീരീസ്, ഡോഡ്ജ് ചലഞ്ചര്‍ തുടങ്ങിയ നിരവധി വിന്റേജ്, ന്യൂജന്‍ കാറുകള്‍ നിക്കിന്റെ ഗാരേജിലുണ്ട്.

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സിന്റെ അത്യാഡംബര ബ്രാന്‍ഡാണ് മെയ്ബാക്ക്. കരുത്തുറ്റ 6.0 ലിറ്റര്‍ വി12 എന്‍ജിനാണ് മെയ്ബാക്ക് S650-യിലുള്ളത്. 5000 ആര്‍പിഎമ്മില്‍ 630 ബിഎച്ച്പി പവറും 2300-4200 ആര്‍പിഎമ്മില്‍ 1000 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ മാസീവ് എന്‍ജിന്‍. 7F-ട്രോണിക് പ്ലസാണ് ട്രാന്‍സ്മിഷന്‍. 4.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന മെയ്ബാക്ക് S650-യുടെ പരമാവധി വേഗം സുരക്ഷയ്ക്കായി മണിക്കൂറില്‍ 250 കിലോമീറ്ററാക്കി നിയന്ത്രിച്ചിട്ടുണ്ട്. 

Content Highlights; Nick Jonas gifts Priyanka Chopra a Maybach