ക്രിക്കറ്റിനോടെന്ന പോലെതന്നെ വാഹനങ്ങളോടും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എംഎസ് ധോനിക്ക് വലിയ ഹരമാണ്. ചെറുതും വലുതുമായ നിരവധി വാഹനങ്ങളുടെ വലിയ ശേഖരം തന്നെ ധോനിയുടെ ഗാരേജിലുണ്ട്. ഇക്കൂട്ടത്തിലേക്കെത്തിയ പുതിയ അതിഥിയാണ് നിസാന്‍ ജൊങ്ക. 1965 മുതല്‍ 1999 വരെ ഇന്ത്യന്‍ സൈന്യക ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച ജൊങ്ക എസ്.യു.വി.യാണ് ധോനി പുതുതായി സ്വന്തമാക്കിയത്. 

ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ ധോനി പഞ്ചാബില്‍ നിന്നാണ് ഈ സൈനിക വാഹനം സ്വന്തമാക്കിയത്. നിസാന്റെ ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ജൊങ്ക മോഡലാണിത്. ആര്‍മി ഗ്രീന്‍ കളറിലുള്ള ജൊങ്ക സ്വന്തം നാടായ റാഞ്ചിയിലൂടെ ഡ്രൈവ് ചെയ്യുന്ന ധോനിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ഹിറ്റാണ്. 

3956 സിസി ഇന്‍-ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജൊങ്കയ്ക്ക് കരുത്തേകുന്നത്. 3200 ആര്‍പിഎമ്മില്‍ 110 എച്ച്പി പവറും 264 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 

അടുത്തിടെ പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്ക് മോഡലും ധോനി സ്വന്തമാക്കിയിരുന്നു. ഫെറാരി 599 ജിടിഒ, ഹമ്മര്‍ എച്ച്2, ജിഎംസി സിയേറ തുടങ്ങിയ നിരവധി കാറുകളും കവസാക്കി നിഞ്ച എച്ച്2, കോണ്‍ഫെഡറേറ്റ് ഹെല്‍കാറ്റ്, ബിഎസ്എ, സുസുക്കി ഹയാബുസ, നോര്‍ട്ടണ്‍ വിന്റേജ് തുടങ്ങിയ ഇരുചക്ര മോഡലുകളും ധോനിയുടെ വലിയ വാഹന ശേഖരത്തിലെ അംഗങ്ങളാണ്‌. 

Content Highlights; MS Dhoni bought new nissan Jonga, car used by indian army