സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവല്‍ തോമസ് പുതിയ കാര്‍ സ്വന്തമാക്കി. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് നിരയിലെ കോംപസ്‌ എസ്.യു.വി.യാണ് ആട് 2ന്റെ സംവിധായകനായ മിഥുന്‍ സ്വന്തമാക്കിയത്. നിര്‍മാതാവ് വിജയ് ബാബുവിന് നന്ദി പറഞ്ഞ്‌, ജീവിതത്തിലെ ആദ്യ കാര്‍ എന്ന അടിക്കുറിപ്പോടെ തന്റെ ഫേസ്ബുക്കിലൂടെയാണ് മിഥുന്‍ പുതിയ കാര്‍ സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്.

കോംപസിന്റെ ഏറ്റവും ഉയര്‍ന്ന ലിമിറ്റഡ് എഡിഷനാണ് മിഥുന്‍ വാങ്ങിയത്. വിപണിയിലെത്തി ചുരുങ്ങിയ കാലയളവിനുള്ളില്‍ ക്ലിക്കായ കോംപിസിന് (ലിമിറ്റഡ്‌) 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലിറ്റര്‍ മള്‍ട്ടിഎയര്‍ പെട്രോള്‍ എന്‍ജിനുമാണ് കരുത്തേകുക. ഡീസല്‍ എന്‍ജിന്‍ 173 പിഎസ് പവറും 350 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ പെട്രോള്‍ എന്‍ജിന്‍ 163 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും നല്‍കും. ഡീസലില്‍ 6 സ്പീഡ് മാനുവലും പെട്രോളില്‍ 7 സ്പീഡ് ഡിഡിസിടിയുമാണ് ട്രാന്‍സ്മിഷന്‍. 15.16 ലക്ഷം രൂപ മുതല്‍ 21.92 ലക്ഷം വരെയാണ് കോംപസിന്റെ കേരളത്തിലെ എക്‌സ്‌ഷോറൂം വില. 

Content Highlights; Midhun Manuel Thomas New Jeep Compass