ടോക്കിയോ പാരാലിമ്പിക്‌സിലെ ടേബിള്‍ ടെന്നീസ് മത്സരത്തില്‍ ഇന്ത്യയുടെ അഭിമാനമായ താരമായ ഭവിന പട്ടേലിന് സ്‌പെഷ്യല്‍ സമ്മാനവുമായി ഇന്ത്യയിലെ ഇന്റര്‍നെറ്റ് എസ്.യു.വി. നിര്‍മാതാക്കളായ എം.ജി. മോട്ടോഴ്‌സ്. ഭവിനയ്ക്ക് ഓടിക്കാന്‍ സാധിക്കുന്ന തരത്തില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെക്ടര്‍ എസ്.യു.വിയാണ് എം.ജി. മോട്ടോഴ്‌സ് സമ്മാനിച്ചിരിക്കുന്നത്. എം.ജിയുടെ ടെക്‌നിക്കല്‍ വിഭാഗം മേധാവി ജയന്താ ദെബ് ആണ് വാഹനം കൈമാറിയത്.

പാരാലിമ്പിക്‌സില്‍ ഭവിന വെള്ളി മെഡല്‍ നേടിയതിന് പിന്നാലെ തന്നെ അവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനം സമ്മാനമായി നല്‍കുമെന്ന് എം.ജി. മോട്ടോഴ്‌സ് ഉറപ്പുനല്‍കിയിരുന്നു. പിന്നീട് വാഹനം ഭവിനയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ രൂപമാറ്റം വരുത്തുകയായിരുന്നു. വഡോദര മാരത്തണുമായി സഹകരിച്ചാണ് എം.ജി. മോട്ടോഴ്‌സ് വാഹനത്തിന്റെ രൂപമാറ്റം വരുത്തി നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

Bhavina Agarval

എന്റേത് എന്ന് വിളിക്കാന്‍ കഴിയുന്ന, എനിക്ക് ഏറ്റവും യോജിച്ച രീതിയില്‍ ഒരു വാഹനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച എം.ജി. മോട്ടോഴ്‌സിനോടും വഡോദര മാരത്തണിനോടും അങ്ങേയറ്റും നന്ദിയുണ്ടെന്നും ഭവിന പറഞ്ഞു. ഈ വാഹനത്തിന്റെ കരുത്ത് ഡ്രൈവിങ്ങ് സീറ്റില്‍ ഇരുന്ന് ആസ്വദിക്കാന്‍ സാധിക്കുന്നത് ഏറെ ആഗ്രഹിച്ച കാര്യമാണെന്നും ഈ വാഹനം ശാക്തികരണത്തിന്റെ പ്രതീകമായി കണുന്നുവെന്നും ഭവിന കൂട്ടിച്ചേര്‍ത്തു. 

ഭവിനയ്ക്ക് ഏറ്റവും സുരക്ഷിതവും മികച്ചതുമായി ഡ്രൈവിങ്ങ് അനുഭവം ഉറപ്പാക്കുന്നതിനായുള്ള മാറ്റങ്ങളാണ് ഈ ഹെക്ടറില്‍ വരുത്തിയിട്ടുള്ളതെന്ന് എം.ജി. മോട്ടോഴ്‌സ് അറിയിച്ചു. സാധാരണ ഹെക്ടറില്‍ നിന്ന് വ്യത്യസ്തമായി കൈകൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കുന്ന ലിവറിലാണ് ആക്‌സിലറേറ്ററിന്റെയും ബ്രേക്കിന്റെയും പ്രവര്‍ത്തനം ഒരുക്കിയിട്ടുള്ളതെന്നും എം.ജി. അറിയിച്ചു. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലുള്ള വാഹനമാണ് രൂപമാറ്റം വരുത്തിയിട്ടുള്ളത്. 

Bhavina

രാജ്യത്തിനായി നേട്ടമുണ്ടാക്കിയ ഭവിനയുടെ ഇഷ്ടനുസരണം ഒരു വാഹനം ഒരുക്കാന്‍ സാധിച്ചത് അഭിമാനമായി കാണുന്നു. പ്രതിബന്ധങ്ങളെ മറികടന്ന് രാജ്യത്തിന്റെ മുഴുവന്‍ അഭിമാനമായി മാറിയ വ്യക്തിയൈ അഭിനന്ദിക്കുകയും ചെയ്യുന്നു. എം.ജി. മോട്ടോഴ്‌സിന്റെ അഭിനന്ദനത്തിന്റെ ഭാഗമായി ഈ വാഹനം സമ്മാനിക്കുകയാണെന്നും ഇത് സന്തോഷത്തോടെ അവര്‍ സ്വീകരിക്കുമെന്ന് പ്രതിക്ഷിക്കുന്നതായി എം.ജി. മോട്ടോഴ്‌സ് ഇന്ത്യയുടെ മേധാവി രാജീവ് ചബ്ബ പറഞ്ഞു.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകലിലാണ് എം.ജി. ഹെക്ടര്‍ എത്തുന്നത്. 141 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 168 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക്, സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഹെക്ടറില്‍ നല്‍കിയിട്ടുണ്ട്.

Content Highlights: MG Motor India presents a personalized Hector to Tokyo Paralympics winner Bhavina Patel