ലയാള സിനിമയിലെ യുവതാര നിരയില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ് ഷൈന്‍ ടോം ചാക്കോ. എത്ര ചെറിയ വേഷം പോലും തന്റെ അഭിനയ പാടവം കൊണ്ട് ശ്രദ്ധേയമാക്കുന്ന ഷൈന്‍ തന്റെ യാത്രകള്‍ക്കായി ഏറ്റവും മികച്ച എം.പി.വി. സ്വന്തമാക്കിയിരിക്കുകയാണ്. കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ആഡംബര എം.പി.വി. മോഡലായ കാര്‍ണിവലാണ് ഷൈന്‍ സ്വന്തമാക്കിയ വാഹനം.

വാഹനം സ്വന്തമാക്കിയ സന്തോഷം ഷൈന്‍ ടോം ചാക്കോ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുള്ളത്. തന്റെ മാതാപിതാക്കള്‍ക്കൊപ്പം എത്തിയാണ് പുതിയ വാഹനത്തെ വീട്ടിലേക്ക് കൂട്ടിയത്. കറുപ്പണിഞ്ഞ വാഹനമാണ് ഷൈന്‍ സ്വന്തമാക്കിയിട്ടുള്ളതെങ്കിലും കാര്‍ണിവലിന്റെ ഏത് വകഭേദമാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. 24.95 ലക്ഷം മുതല്‍ 29.95 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. 

പ്രീമിയം, പ്രസ്റ്റീജ്, ലിമോസില്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് കാര്‍ണിവല്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. ഏഴ്, എട്ട്, ഒമ്പത് എന്നീ മൂന്ന് സീറ്റിങ്ങ് ഓപ്ഷനുകളിലും ഈ വാഹനം ലഭ്യമാണ്. ഉയര്‍ന്ന വകഭേദമായ ലിമോസിനില്‍ അത്യാഡംബര വാഹനങ്ങള്‍ക്ക് സമാനമായ ഫീച്ചറുകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. മറ്റ് വേരിയന്റുകളിലും മികച്ച ഫീച്ചറുകള്‍ ഇടംപിടിച്ചിട്ടുണ്ട്.

5115 എംഎം നീളവും 1985 എംഎം വീതിയും 1740 എംഎം ഉയരവും 3060 എംഎം വീല്‍ബേസുമാണ് കാര്‍ണിവലിനുള്ളത്. ക്രോമിയം ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ചെറിയ എയര്‍ഡാം എന്നിവ ഉള്‍പ്പെടുന്നതാണ് മുന്‍വശം. 17 ഇഞ്ച് അലോയ് വീല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് എന്നിവ എക്സ്റ്റീരിയറിലെ മറ്റ് അലങ്കാരങ്ങളാണ്. 

UVO കണക്ടഡ് കാര്‍ ടെക്നോളജിയാണ് ഇന്റീരിയറിന്റെ പ്രത്യേകത. ഇതിനുപുറമെ, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ്ഹീറ്റഡ് സംവിധാനമുള്ള സീറ്റ്, പവര്‍ ടെയ്ല്‍ഗേറ്റ് എന്നിവ ഇന്റീരിയറിലെ പുതുമയാകും. എട്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.എസ്.സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് സുരക്ഷാ സൗകര്യങ്ങള്‍.

2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് കിയ കാര്‍ണിവലിന് കരുത്ത് പകരുന്നത്. ഈ എന്‍ജിന്‍ 200 ബിഎച്ച്പി പവറും 440 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് എന്നിവയാണ് ഈ എം.പി.വിയില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. എ.ബി.എസ്, ഇ.ബി.ഡി, ഇ.എസ്.സി, എച്ച്.എ.സി. തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളും ഇതില്‍ നല്‍കിയിട്ടുണ്ട്.

Content Highlights: Malayalam Actor Shine Tom Chacko Buys Kia Carnival MPV