കാര്‍ബണ്‍ എമിഷന്‍ കുറഞ്ഞ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലോകം മുഴുവന്‍ കൂട്ടായ പരിശ്രമങ്ങളാണ് നടത്തിവരുന്നത്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവയ്പ്പായാണ് ഇലക്ട്രിക് വാഹനങ്ങളെ പരിഗണിക്കുന്നത്. പ്രകൃതി സൗഹാര്‍ദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന വലിയ ലക്ഷ്യത്തിന്റെ ഭാഗമായിരിക്കുകയാണ് ടെന്നീസ് താരം റാഫേല്‍ നദാല്‍. കിയ മോട്ടോഴ്‌സിന്റെ ഇ.വി.6 എന്ന വാഹനം സ്വന്തമാക്കിയാണ് അദ്ദേഹവും ഈ ഉദ്യമത്തിന്റെ ഭാഗമായത്. 

കിയ മോട്ടോഴ്‌സിന്റെ ആദ്യ ഡെഡിക്കേറ്റഡ് ഇലക്ട്രിക് വാഹനമാണ് ഇ.വി.6. എന്നാല്‍, നദാലിന് സമ്മാനിച്ച് ഇ.വി.6 ജി.ടി.ലൈന്‍ പ്രത്യേകമായി കസ്റ്റമൈസ് ചെയ്താണ് സമ്മാനിച്ചിരിക്കുന്നത്. റാഫേല്‍ നദാലിന്റെ ജന്മനാടായ സ്‌പെയിന്‍ മല്ലോര്‍ക്കയിലെ മനാക്കോറില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് കിയ അദ്ദേഹത്തിന് ഇലക്ട്രിക് മോഡലായ ഇ.വി.6 മോഡല്‍ സമ്മാനിച്ചിരിക്കുന്നത്. പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കിയയുടെ മോഡലാണ് ഇ.വി.6. എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

എന്റെ ജോലിയുടെ ഭാഗമായി ധാരാളം യാത്രകള്‍ അനിവാര്യമാണ്. അതുകൊണ്ട് തന്നെ പരിസ്ഥിതി സൗഹാര്‍ദമായ യാത്ര സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കാറില്ല. എന്നാല്‍, എന്റെ ജന്മനാട്ടിലെ യാത്രകള്‍ക്ക് ഈ ഇലക്ട്രിക് വാഹനം ഉപയോഗിക്കാനാണ് ഞാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇത് യാഥാര്‍ഥ്യമാക്കാനായി കിയ മോട്ടോഴ്‌സ് പിന്തുണച്ചതും ഇ.വി.6 പോലുള്ള വാഹനം ലഭ്യമാക്കിയതും വലിയ ഭാഗ്യമായി കണക്കാക്കുന്നു എന്നാണ് വാഹനം ഏറ്റുവാങ്ങി നദാല്‍ അഭിപ്രായപ്പെട്ടത്. 

2022-ല്‍ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പോലുള്ള പ്രധാനപ്പെട്ട ടെന്നീസ് ടൂര്‍ണമെന്റുകളില്‍ റാഫേല്‍ നദാല്‍ ഈ ഇ.വി.6 വാഹനം ഉപയോഗിക്കുമെന്നാണ് കിയ മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ, റാഫ നദാല്‍ അക്കാദമി, റാഫ നദാല്‍ ഫൗണ്ടേഷന്‍ തുടങ്ങി അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ വിന്യസിപ്പിച്ചിട്ടുള്ള എല്ലാ വാഹനങ്ങളും 2022-ഓടെ ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കുന്നവയാക്കി മാറ്റാനുള്ള പദ്ധതിയും അദ്ദേഹം ഒരുക്കുന്നുണ്ടെന്നാണ് സൂചനകള്‍.

കിയയുടെ ഇലക്ട്രിക് ക്രോസ്ഓവര്‍ മോഡലാണ് ഇ.വി.6. 58 kWh, 77.4 kWh എന്നീ രണ്ട് ബാറ്ററി പാക്കുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തിയിട്ടുള്ളത്. 410 കിലോമീറ്റര്‍ പരമാവധി റേഞ്ചാണ് ഈ വാഹനത്തിന് ഉറപ്പാക്കിയിട്ടുള്ളത്. കേവലം 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിന് കഴിയും.  കഴിഞ്ഞ 15 വര്‍ഷത്തോളമായി റാഫേല്‍ നദാല്‍ കിയ മോട്ടോഴ്‌സിന്റെ ബ്രാന്റ് അംബാസഡറാണ്.

Content Highlights: Kia Motors Gifted Kia EV6 Electric Car To Tennis Player Rafael Nadal