ന്ത്യയിലെ കായിക പ്രേമികള്‍ക്ക് ഏറ്റവും സുപരിചിതമായ പേരുകളിലൊന്നാണ് ഇന്ത്യയുടെ മുന്‍ ഹോക്കി ടീം ക്യാപ്റ്റനായ ധന്‍രാജ് പിള്ളെ. ഹോക്കി വേള്‍ഡ് കപ്പ് ഉള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ ഇന്ത്യക്കായി ജേഴ്‌സി അണിഞ്ഞ താരം തന്റെ 53 പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലെ ജനപ്രിയ പ്രീമിയം എസ്.യു.വിയായ എം.ജി. ഗ്ലോസ്റ്റര്‍ സ്വന്തമാക്കിയിരിക്കുകയാണ്.

എം.ജി. ക്ലബ് ഇന്ത്യ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് ധന്‍രാജ് പിള്ളെ ഗ്ലോസ്റ്റര്‍ സ്വന്തമാക്കിയ സന്തോഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഗ്ലോസ്റ്ററിന്റെ അഗാറ്റെ റെഡ് നിറത്തിലുള്ള വാഹനമാണ് അദ്ദേഹം സ്വന്തം ഗ്യാരേജില്‍ എത്തിച്ചിട്ടുള്ളത്. അതേസമയം, ഗ്ലോസ്റ്ററിന്റെ ഏത് വേരിയന്റാണ് ധന്‍രാജ് തിരഞ്ഞെടുത്തത് എന്ന കാര്യത്തില്‍ വ്യക്തയില്ല. 29.98 ലക്ഷം മുതല്‍ 36.88 ലക്ഷം രൂപ വരെ വിലയുള്ള വാഹനമാണ് ഗ്ലോസ്റ്റര്‍. 

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനമുള്ള ലെവല്‍-1 ഓട്ടോണമസ് സംവിധാനവുമായി ഇന്ത്യയിലെത്തിയ പ്രീമിയം എസ്.യു.വിയാണ് എം.ജി. ഗ്ലോസ്റ്റര്‍. ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്, ലയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്ങ്, ഓട്ടോമാറ്റിക് പാര്‍ക്കിങ്ങ് അസിസ്റ്റന്‍സ്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളാണ് ഗ്ലോസ്റ്ററിനെ ആകര്‍ഷകമാക്കുന്നത്. 

സൂപ്പര്‍, ഷാര്‍പ്പ്, സ്മാര്‍ട്ട്, സാവി എന്നീ വേരിയന്റുകളിലാണ് ഗ്ലോസ്റ്റര്‍ എത്തുന്നത്. എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, വലിയ ഹെക്‌സഗണല്‍ ഗ്രില്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ സൗന്ദര്യമേകുന്ന ഗ്ലോസ്റ്ററിനെ 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ എന്റര്‍ടെയിന്‍മെന്റ് സിസ്റ്റം, എട്ട് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മൂന്ന് സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, 70 കണക്ടഡ് കാര്‍ ഫീച്ചറുകള്‍ എന്നിവ കാറിനെ സമ്പന്നമാക്കും.

2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് ഗ്ലോസ്റ്റര്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഇത് 215 ബിഎച്ച്പി പവറും 480 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

ഇന്ത്യക്കായി നാല് വേള്‍ഡ് കപ്പ്, ഒളിമ്പിക്‌സ് ഫൈനല്‍, ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്ത ധന്‍രാജിനെ 2000-ത്തില്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

Content Highlights: Indian Former Hockey Team Caption Dhanraj Pillay Buys MG Gloster SUV